തിരയുക

ഫ്രാൻസീസ് പാപ്പാ, ബിഷപ്പ് കമീല്ലൊ ഫരേസിൻ ഫൗണ്ടേഷൻ അംഗംങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ, 16/03/24 ഫ്രാൻസീസ് പാപ്പാ, ബിഷപ്പ് കമീല്ലൊ ഫരേസിൻ ഫൗണ്ടേഷൻ അംഗംങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ, 16/03/24  (Vatican Media)

എളിയവർക്കിടയിൽ പ്രവർത്തിക്കുക, സംഘാതമായി വർത്തിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ബിഷപ്പ് കമീല്ലൊ ഫരേസിൻറെ പേരിലുള്ള ധർമ്മസ്ഥാപനത്തിൻറെ ഇരുന്നൂറ്റിയമ്പതോളം അംഗങ്ങളടങ്ങിയ പ്രതിനിധി സംഘത്തെ, ഈ സ്ഥാപനത്തിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്, ശനിയാഴ്‌ച (16/03/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എളിയവരെ അവർക്കിടയിൽ ആയിരുന്നുകൊണ്ട് സഹായിക്കണമെന്ന് മാർപ്പാപ്പാ.

ബ്രസീലിലെ മാത്തൊ ഗ്രോസ്സൊ സംസ്ഥാനത്തിലുള്ള ഗിറാച്ചിംഗ് രൂപതയുടെ മെത്രാനായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇറ്റലിസ്വദേശിയായ ബിഷപ്പ് കമീല്ലൊ ഫരേസിൻറെ പേരിലുള്ള ധർമ്മസ്ഥാപനത്തിൻറെ ഇരുന്നൂറ്റിയമ്പതോളം അംഗങ്ങളടങ്ങിയ പ്രതിനിധി സംഘത്തെ, ഈ സ്ഥാപനത്തിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്, ശനിയാഴ്‌ച (16/03/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പായ്ക്ക് പ്രസംഗിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതു മൂലം സന്ദേശം വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി വായിക്കുകയായിരുന്നു.

ബിഷപ്പ് ഫരേസിൻറെ പ്രേഷിതാവബോധത്തെയും ദൈവികപരിപാലനയിലുള്ള വിശ്വാസത്തെയും കുറിച്ച് പരാമർശിച്ച പാപ്പാ അദ്ദേഹത്തിൻറെ സഹോദരങ്ങളായ സലേഷ്യൻ വൈദികൻ സാന്തൊയെയും ഇടവക വൈദികനായ ജൊവാന്നി ബാത്തിസ്തയെയും അനുസ്മരിച്ചു. എളിയ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്ന ഇവർ ഒരു സാധാരണ കുടുംബ ചുറ്റുപാടിൽ നിന്ന് ഉപവിയുടെ മൂല്യവും പ്രേഷിത തീക്ഷ്ണതയും ആർജ്ജിച്ചുവെന്നും പാപ്പാ പറഞ്ഞു. സേവിക്കപ്പെടുന്ന സഹോദരങ്ങളുടെ യഥാർത്ഥ ആവശ്യം മനസ്സിലാക്കാൻ കഴിയണമെങ്കിൽ അവരുടെ ഇടയിൽ സമൂർത്തമായി സന്നിഹിതരാകേണ്ടതും സമീപസ്ഥരായിരിക്കേണ്ടതും ആവശ്യമാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

അതോടൊപ്പം തന്നെ കൂട്ടായ പ്രവർത്തനത്തിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി. ഒത്തൊരുമിച്ചു പ്രവർത്തിക്കുകയെന്നതിൻറെ വിവക്ഷ നന്മ ചെയ്യുക എന്നതു മാത്രമല്ലെയുന്നും, സർവ്വോപരി, നന്മയിലും പരസ്പര സേവനത്തിലും പരസ്പരം താങ്ങാകുന്നതിലും ഒരുമിച്ചു വളരുകയെന്നതുകൂടിയാണെന്നും പാപ്പാ വ്യക്തമാക്കി. ഒരുമിച്ചു പ്രവർത്തിക്കുകയെന്നത് ദൈവികപരിപാലനയിൽ വിശ്വാസത്തിൻറെ ആവിഷ്ക്കാരവുമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 12:27