തിരയുക

അപ്പോസ്തലിക പെനിറ്റൻഷ്യറി സംഘടിച്ച ആന്തരീക ഫോറത്തി പഠനശിബിരത്തിൽ പങ്കെടുത്തവരുമായി പാപ്പാ. അപ്പോസ്തലിക പെനിറ്റൻഷ്യറി സംഘടിച്ച ആന്തരീക ഫോറത്തി പഠനശിബിരത്തിൽ പങ്കെടുത്തവരുമായി പാപ്പാ.   (Vatican Media)

പാപ്പാ: ക്ഷമിച്ചു ക്ഷീണിതനാവില്ല ദൈവം

അപ്പോസ്തലിക പെനിറ്റൻഷ്യറി സംഘടിച്ച ആന്തരീക ഫോറത്തിന്റെ പഠനശിബിരത്തിൽ പങ്കെടുത്തവർക്ക് പാപ്പാ നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നോമ്പുകാലത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും, ജൂബിലി വർഷത്തിനൊരുക്കമായി ആചരിക്കുന്ന പ്രാർത്ഥനാ വർഷത്തിന്റെ പശ്ചാത്തലത്തിൽ അനുതാപ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ പങ്കുവച്ചു. ദൈവകാരുണ്യവുമായുള്ള ബന്ധത്തിൽ വ്യക്തികളെ നയിക്കാൻ കഴിയുമെന്ന് താ൯ വിശ്വസിക്കുന്ന മൂന്ന് പ്രധാന മനോഭാവങ്ങളായ ദൈവത്തിന്റെ മുമ്പാകെയുള്ള പശ്ചാത്താപം, ദൈവത്തിലുള്ള ആശ്രയം, പാപത്തിലേക്ക് മടങ്ങാതിരിക്കാനുള്ള ദൃഢനിശ്ചയം എന്നിവയെ പാപ്പാ തന്റെ പ്രസംഗത്തിൽ ചൂണ്ടികാട്ടി.

പശ്ചാത്താപം

ഒന്നാമതായി, പശ്ചാത്താപം എന്നത് കേവലം സ്വയം വിശകലനത്തിന്റെയോ കുറ്റബോധത്തിന്റെയോ ഫലല്ല, മറിച്ച് ദൈവത്തിന്റെ അനന്തമായ സ്നേഹത്തിനും കാരുണ്യത്തിനും മുന്നിൽ തങ്ങളുടെ ദയനീയാവസ്ഥ തിരിച്ചറിയുന്നതിൽ നിന്നുണ്ടാകുന്നതാണ്. ദൈവത്തിന്റെ ആർദ്രതയെക്കുറിച്ചുള്ള അവബോധം ക്ഷമ ചോദിക്കാനുള്ള  ആത്മാർത്ഥമായ ആഗ്രഹത്തിലേക്ക് നമ്മെ  നയിക്കുന്നുവെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. സത്യത്തിൽ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കുറ്റബോധം അയാൾക്ക് ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും അവന്റെ അളവില്ലാത്ത കരുണയെക്കുറിച്ചുമുള്ള അറിവിന്റെ അളവനുസരിച്ചായിരിക്കും എന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ അനുഭവമാണ് മനസ്താപപ്രകരണ പ്രാർത്ഥനയിൽ “ഏറ്റം നല്ലവനും എല്ലാറ്റിലുമുപരിയായി സ്നേഹിക്കപ്പെടാൻ യോഗ്യനുമായ “ അവനെതിരായി ചെയ്തു പോയ നമ്മുടെ പാപങ്ങളെക്കുറിച്ച്  നമ്മെ അവന്റെ പിതൃത്വത്തിൽ വിശ്വസിച്ചു കൊണ്ട് മാപ്പു ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല എന്ന് ഓർമ്മിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

ദൈവത്തിലുള്ള വിശ്വാസം

രണ്ടാമതായി, ദൈവത്തിലുള്ള വിശ്വാസം പരമപ്രധാനമാണ്, കാരണം നമ്മുടെ മനസ്താപപ്രകരണത്തിൽ അവനെ "ഏറ്റം നല്ലവനും എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടാൻ യോഗ്യനും" എന്ന് വിശേഷിപ്പിക്കുന്നു. പശ്ചാത്തപിക്കുന്ന ഒരാളുടെ ചുണ്ടിൽ നിന്ന് ദൈവത്തിന്റെ  അനന്ത നന്മയെക്കുറിച്ചും സ്വന്തം ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രാമുഖ്യത്തെ കുറിച്ചുമുള്ള ബോധ്യം കേൾക്കാൻ കഴിയുന്നത് വളരെ നല്ലതാണ്. എല്ലാറ്റിലുമുപരിയായി സ്നേഹിക്കുക എന്നാൽ, യാത്രയിലെ വെളിച്ചവും എല്ലാ മൂല്യങ്ങളുടെ അടിസ്ഥാനവുമായി  ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ നിർത്തുന്നതും എല്ലാത്തരം സ്നേഹത്തേയും,  മറ്റുള്ളവരോടും സൃഷ്ടിയോടുമുള്ള സ്നേഹത്തെ, നീതിയിലും സമാധാനത്തിലും പരിപോഷിപ്പിക്കുന്നതിലേക്കും നയിക്കുന്നു.

പാപം ചെയ്യാതിരിക്കാനുള്ള തീരുമാനം

അവസാനമായി, വീണ്ടും പാപം ചെയ്യാതിരിക്കാനുള്ള തീരുമാനം അപക്വമായ പശ്ചാത്താപത്തിൽ നിന്ന് പക്വമായ പശ്ചാത്താപത്തോടെയുള്ള ശരിയായ നീക്കത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ പ്രസാദവര സഹായത്താൽ വീണ്ടും ദൈവത്തെ വേദനിപ്പിക്കാതിരിക്കാം എന്ന മനോഭാവമാണ് നാം പ്രകടിപ്പിക്കുന്നത്. ഈ വാക്കുകൾ  ഒരു ഉദ്ദേശമാണ് പ്രകടിപ്പിക്കുന്നത് ഒരു വാഗ്ദാനമല്ല എന്നു പറഞ്ഞ പാപ്പാ ഒരാൾക്കും ദൈവത്തോടു ഇനി പാപം ചെയ്കയില്ലെന്ന് വാഗ്ദാനം ചെയ്യാൻ കഴിയില്ല കാരണം നമ്മൾ ക്ഷമയാണ് ചോദിക്കുന്നത് അല്ലാതെ പാപം ചെയ്യാതിരിക്കാനുള്ള കഴിവല്ല എന്ന് വിശദീകരിച്ചു. കുമ്പസാരത്തിന്റെ നേരത്ത് പ്രകടിപ്പിക്കുന്ന ശരിയായ ഉദ്ദേശമാണത്. ഈ ഒരു ലക്ഷം ആവശ്യമായ വിനയത്തോടെയാണ് നാം ചോദിക്കുന്നത് എന്ന് “നിന്റെ പ്രസാദ വര സഹായത്താൽ” എന്ന മനസ്താപപ്രകരണത്തിലെ വരികൾ അടിവരയിട്ടു കൊണ്ട് പാപ്പാ പറഞ്ഞു. അവന്റെ കൃപയില്ലാതെ യാതൊരു മാനസാന്തരത്തിനുമിടയില്ലെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. ദൈവത്തിന്റെ പേരാണ് കരുണാദ്രസ്നേഹം എന്നും ഓരോ കരുണയുടെ പ്രവൃത്തിയിലും സ്നേഹപ്രവൃത്തിയിലും ദൈവത്തിന്റെ മുഖമാണ് തെളിയുന്നതെന്നും അവരെ ഓർമ്മിപ്പിച്ചു.

കുമ്പസാരത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന അവരോടു ഓരോ കുമ്പസാരത്തെയും കൃപയുടെ സവിശേഷ നിമിഷമായി സമീപിക്കാനും ദയയോടും മാതാപിതാക്കളുടെ ആർദ്രതയോടും കൂടി ദൈവത്തിന്റെ ക്ഷമ വാഗ്ദാനം ചെയ്യാനും ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു. ജൂബിലി വർഷത്തിൽ ദൈവത്തിന്റെ കരുണ ഹൃദയങ്ങളിലും സമൂഹങ്ങളിലും അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള പ്രാർത്ഥനകളെ പാപ്പാ പ്രോത്സാഹിപ്പിച്ചു.

അവിടെ സന്നിഹിതരായവർക്ക്  തന്റെ ആശീർവ്വാദം നൽകുകയും കരുണയുടെ മാതാവായ മറിയത്തിന്റെ പരിപാലനത്തിന് അവരെ ഭരമേൽപ്പിച്ചുകൊണ്ട്  പാപ്പാ തനിക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2024, 15:38