തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ സ്ത്രീകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ

"സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ" എന്ന പേരിലുള്ള അന്താരാഷ്ട്രസമ്മേളനത്തിൽ സംബന്ധിച്ചവരെ മാർച്ച് 7 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിച്ച പാപ്പാ, കൽക്കട്ടയിലെ മദർ തെരേസ, ബകിത തുടങ്ങിയ വിശുദ്ധരായ സ്ത്രീകൾ ഈ ലോകത്തിലായിരുന്നുകൊണ്ട് ദൈവികമായ വിശുദ്ധിയെക്കുറിച്ച് സാക്ഷ്യം നൽകിയത് എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സാമൂഹിക, സഭാ രംഗങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കില്ലാതിരുന്ന സാഹചര്യത്തിൽപ്പോലും ലോകത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകിയെന്ന് ഫ്രാൻസിസ് പാപ്പാ. പത്ത് വിശുദ്ധകളുടെ സാക്ഷ്യത്തെക്കുറിച്ചുകൂടി പ്രതിപാദിച്ചുകൊണ്ട്, "സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ" എന്ന പേരിൽ നടത്തപ്പെടുന്ന അന്താരാഷ്ട്രസമ്മേളനത്തിൽ സംബന്ധിച്ചവരെ, മാർച്ച് 7 വ്യാഴാഴ്ച, വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവേയാണ്, മദർ തെരേസ, ബകിത തുടങ്ങി പത്ത് വിശുദ്ധകളെ പേരെടുത്ത് പറഞ്ഞ് പാപ്പാ അനുസ്മരിച്ചത്. സ്ത്രീകളുടെ ആഗോളദിനവുമായി ബന്ധപ്പെട്ട് പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത്.

തങ്ങളുടേതായ രീതിയിൽ, കാരുണ്യത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, പ്രാർത്ഥനയുടെയും ഉൾപ്പെടെയുള്ള തലങ്ങളിൽ, എപ്രകാരം ഈ ലോകത്ത് ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് ചിന്തിക്കാമെന്ന സ്ത്രീത്വത്തിന്റേത് മാത്രമായ ശൈലിയിൽ സാക്ഷ്യം നൽകിയവരാണ് ഈ വിശുദ്ധകൾ എന്ന് പാപ്പാ പറഞ്ഞു.

തങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും, ക്രൈസ്തവസാക്ഷ്യം കൊണ്ട് ശക്തിപ്പെടുത്തുകയും പരിവർത്തനപ്പെടുത്തുകയും ചെയ്ത നിരവധി, അറിയപ്പെടാത്തതും, മറന്നുപോയതുമായ സ്ത്രീകൾ ഉണ്ടന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്‌മരിച്ചു. സഭ സ്ത്രീയാണെന്ന് പറഞ്ഞ പാപ്പാ, അവൾ മകളും, വധുവും അമ്മയുമാണെന്നും, സഭയ്ക്ക് ഇന്ന് ഇത്തരം ആളുകളെ ആവശ്യമുണ്ടന്നും പറഞ്ഞു. ദൈവജനങ്ങൾക്കിടയിൽ സ്ത്രീകൾ കൂടുതൽ വിലമതിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.

ഈ അന്താരാഷ്ട്രസമ്മേളനത്തിന് "സ്ത്രീകൾ മാനവികതയുടെ ശിൽപികൾ" എന്ന തലക്കെട്ട് അനുയോജ്യമാണെന്ന് പറഞ്ഞ പാപ്പാ, സ്ത്രീകളുടെ വിളിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. ജീവന്റെയും, പൊതുനന്മയുടെയും സമാധാനത്തിന്റെയും സേവനത്തിലൂടെ സൃഷ്ടാവിന്റെ സഹകാരിണികളാകാൻ വിളിക്കപ്പെട്ടവരാണ് സ്ത്രീകൾ.

സ്ത്രീകൾക്ക്, ഇന്നത്തെ ലോകത്തിന് ആർദ്രതയോടെയുള്ള പെരുമാറ്റത്തിന്റെ ശൈലി പകർന്നുകൊടുക്കാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരുണ്യത്തിന്റെയും, സേവനതല്പരതയുടെയും ശൈലിയിലൂടെ സ്നേഹിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന  വ്യക്തിത്വങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു

യൂണിവേഴ്സിറ്റി വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെടുത്തി സംസാരിച്ച പാപ്പാ, സ്ത്രീകളുടെ ഉദാഹരണത്തിലൂടെ വിശുദ്ധിയുടെ സാക്ഷ്യം നൽകുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിദ്യാഭ്യാസരംഗം, ഗവേഷണങ്ങളുടെയും പഠനത്തിന്റെയും മാത്രം ഇടമാകാതെ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കായി മനസ്സും ഹൃദയവും തുറക്കാൻ സഹായിക്കുന്ന പരിശീലനത്തിന്റെ ഇടംകൂടി ആകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഇന്നത്തെ ലോകത്തും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, പീഡനങ്ങളും, അസമത്വങ്ങളും, അനീതികളും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒരു സ്ത്രീയിൽനിന്ന് ജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കുന്ന ജനതയ്ക്ക് ഒരു അപകീർത്തിയാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മാനവികതയുടെ പുരോഗതിയ്ക്കായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ശാരീരികമായ അസ്വസ്ഥതകൾ മൂലം ബുദ്ധിമുട്ടുന്ന പാപ്പായ്ക്കുവേണ്ടി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സേവനമനുഷ്ഠിക്കുന്ന റോസ്മീനിയൻ വൈദികൻ ഫാ. പിയർലൂയിജി ജിറോളിയാണ്, പ്രഭാഷണം വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2024, 16:30