തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ. 

യുക്രെയ്ൻ സംഘർഷത്തിൽ നയതന്ത്രചർച്ചകൾക്കും വെടിനിർത്തലിനും വേണ്ടി പാപ്പായുടെ ആഹ്വാനം

സമാധാനത്തിനായുള്ള ധീരമായ ചർച്ചകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പാപ്പയുടെ നിലപാടാണ് അഭിമുഖത്തിൽ വ്യക്തമാകുന്നതെന്ന് വത്തിക്കാ൯ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി മാധ്യമങ്ങളോടു പറഞ്ഞു

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അടുത്തിടെ സ്വിസ് ടിവി സ്റ്റേഷനായ റേഡിയോ ടെലിവിഷൻ സൂയിസിന് (ആർടിഎസ്) നൽകിയ അഭിമുഖത്തിൽ, ഫ്രാൻസിസ് പാപ്പാ വെടിനിർത്തലിനുള്ള തന്റെ ആഹ്വാനം ആവർത്തിച്ചിരുന്നു. മാത്രമല്ല യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് പരിഹാരമുണ്ടാക്കാ൯ നയതന്ത്രചർച്ചകൾക്കായുള്ള പുതിയ ശ്രമങ്ങൾക്ക് പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി പാപ്പായുടെ പരാമർശങ്ങളിലേക്ക് വെളിച്ചം വീശുകയും വിഷയത്തിൽ പാപ്പായുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തത്.

“ദണ്ഡനമേറ്റുകൊണ്ടിരിക്കുന്ന”എന്നാണ് ഫ്രാൻസിസ് പാപ്പാ എപ്പോഴും യുക്രെയിനെ വിശേഷിപ്പിച്ചിട്ടുള്ളത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയിട്ട് രണ്ടു വർഷം തികഞ്ഞ ശേഷം ഫെബ്രുവരി 25ന് നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിലും ഇക്കാര്യം വ്യക്തമായിരുന്നു. ആ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ യുക്രെയ്ൻ ജനതയോടുള്ള തന്റെ ആഴമായ സ്നേഹം പ്രകടിപ്പിക്കുകയും എല്ലാ കക്ഷികളോടും നീതിപൂർവ്വകവും നിലനിൽക്കുന്നതുമായ ഒരു നയതന്ത്രപരമായ പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാൻ അഭ്യർത്ഥിച്ചിരുന്നത് മത്തെയോ ബ്രൂണി ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ ഉപയോഗിച്ച “വെള്ള പതാക” എന്ന പ്രയോഗവും അഭിമുഖം നടത്തിയ വ്യക്തി ചൂണ്ടിക്കാണിച്ച വെളുത്ത പതാക എടുത്തുയർത്തിയതും വിദ്വേഷങ്ങൾ നിർത്താനും, വെടിനിറുത്തലിലേക്ക് നീങ്ങാനുള്ള ധൈര്യപൂർവ്വമായ സന്ധി സംഭാഷണം ആരംഭിക്കാനുമുള്ള സൂചനയായിരുന്നു എന്ന് മത്തെയോ ബ്രൂണി അറിയിച്ചു. അഭിമുഖത്തിൽ മറ്റൊരിടത്ത് എല്ലാ യുദ്ധസാഹചര്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ "സന്ധി സംഭാഷണങ്ങൾ ഒരിക്കലും ഒരു കീഴടങ്ങലല്ല എന്നും വൃക്തമായി ഫ്രാൻസിസ് പാപ്പാ പറയുന്നുണ്ട്.

പാപ്പായുമായി നടത്തിയ അഭിമുഖത്തിൽ  ലൊറെൻസൊ ബുച്ചെല്ല യുക്രെയ്നിൽ ചിലർ കീഴടങ്ങാനുള്ള ധൈര്യത്തിനായും മറ്റുള്ളവർ കീഴടങ്ങൽ ശക്തനായവനെ ന്യായീകരിക്കുന്ന ഒന്നായും പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പായുടെ അഭിപ്രായമെന്തെന്ന് ആരാഞ്ഞത്. സമാധാനം കൈവരിക്കുന്നതിനുള്ള ധീരമായ പ്രവർത്തനമെന്ന നിലയിൽ ചർച്ചയുടെ പ്രാധാന്യമാണ് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞത്. ചർച്ചയെ ബലഹീനതയുടെ അടയാളമായി കാണരുത്, പകരം കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടയാനും സംഘർഷം ബാധിച്ച സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാനുമുള്ള പ്രായോഗിക സമീപനമായി കാണണമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ചർച്ചകൾക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം, സംവാദത്തിനായുള്ള നിരന്തരമായ അഭ്യർത്ഥനകളുമായും യുക്രേനിയൻ ജനതയുടെ ക്ഷേമത്തിനായുള്ള പാപ്പായുടെ അഗാധമായ കരുതലുകളുമായും ഒത്തു പോകുന്നതാണെന്ന്  ബ്രൂണി വ്യക്തമാക്കി. അഭിമുഖത്തിലുടനീളം, നയതന്ത്രപരമായ പരിഹാരങ്ങൾ തേടേണ്ടതിന്റെ അടിയന്തിരതയ്ക്ക് ഫ്രാൻസിസ് പാപ്പാ അടിവരയിടുകയും വൈരുദ്ധ്യമുള്ള കക്ഷികൾ തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിന് അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചർച്ചകൾ തുടരുന്നതിനാവശ്യമായ എളിമയുടെയും ധൈര്യത്തിന്റെയും ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു, അഹങ്കാരത്തിനോ സംഭാഷണത്തിൽ ഏർപ്പെടാനുള്ള വിമുഖതയ്ക്കോ പകരം മനുഷ്യജീവന്റെ സംരക്ഷണത്തിന് മുൻഗണന നൽകാൻ കക്ഷികളോടു പാപ്പാ അഭ്യർത്ഥിച്ചു.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും യുക്രേനിയൻ ജനതയ്ക്ക് വേണ്ടി വാദിക്കുന്നതിനുമുള്ള പാപ്പായുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ചു പറഞ്ഞുകൊണ്ട്, സംഘർഷത്തിന് നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരത്തിനുള്ള പാപ്പായുടെ പ്രതീക്ഷയെ മത്തേയോ ബ്രൂണി വീണ്ടും എടുത്തു പറഞ്ഞു. അന്താരാഷ്‌ട്ര സഹകരണത്തിനുള്ള ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന അദ്ദേഹം ഊന്നിപ്പറയുകയും യുക്രെയ്‌നിലെ അക്രമം അവസാനിപ്പിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര സംരംഭങ്ങൾക്ക് വത്തിക്കാന്റെ  അചഞ്ചലമായ പിന്തുണയുണ്ടാകും എന്നും ആവർത്തിച്ചു.

അഭിമുഖം നടത്തിയ വ്യക്തി മുന്നോട്ടുവച്ച ഒരു ചിത്രത്തിൽ നിന്ന് ആരംഭിച്ച പാപ്പായുടെ വാക്കുകൾ  രണ്ടു കൊല്ലമായി ഫ്രാൻസിസ് പാപ്പാ തുടർച്ചയായി ആവർത്തിക്കുന്ന യുദ്ധമെന്ന “ഭ്രാന്തിനെതിരെ”യുള്ള  ചർച്ചകളുടെ പ്രാധാന്യവും സാധാരണ ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള അടിസ്ഥാനപരമായ പരിഗണനയും വീണ്ടും അടിവരയിടുന്നതാണെന്ന് വത്തിക്കാ൯ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2024, 20:40