തിരയുക

ഫ്രാൻസീസ് പാപ്പാ  അർജന്തീനയിലെ റൊസാരിയൊ നഗരത്തിന് വീഡിയോ സന്ദേശം നല്കുന്നു. ഫ്രാൻസീസ് പാപ്പാ അർജന്തീനയിലെ റൊസാരിയൊ നഗരത്തിന് വീഡിയോ സന്ദേശം നല്കുന്നു.  

സമാധാനം, സകലരുടെയും സർഗ്ഗാത്മകതയും പ്രതിബദ്ധതയും ആവശ്യമുള്ള ഒരു സംരംഭം, പാപ്പാ!

അർജന്തീനയിലെ റൊസാരിയൊ നഗരം മയക്കുമരുന്നിൻറെയും അക്രമത്തിൻറെയും പിടിയിലമരുകയും ജനജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ പ്രസ്തുത നഗരത്തിലെ വിശ്വാസികൾക്കായി പാപ്പാ ഒരു വീഢിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റെടുക്കുകയും നവീകരിക്കുകയും ചെയ്യുന്നതിന് കഴിവുറ്റവരായ സകലരുടെയും സർഗ്ഗാത്മകതയും പ്രതിബദ്ധതയും ആവശ്യപ്പെടുന്ന ഒരു സംരംഭമാണ് സമാധനമെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിൽ, സാന്ത ഫേ പ്രവിശ്യയിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്നതുമായ റൊസാരിയൊ നഗരം മയക്കുമരുന്നുപയോഗത്തിൻറെയും തത്ഫലമായി അക്രമത്തിൻറെയും പിടിയിലമരുകയും ജനജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ പ്രസ്തുത നഗരത്തിലെ വിശ്വാസികൾക്കായി ചൊവ്വാഴ്ച (26/03/24) നല്കിയ ഒരു വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ഒരു സമൂഹത്തിൻറെ ജീവിതത്തിന് രൂപം നല്കുന്ന സകല സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സങ്കീർണ്ണങ്ങളും സമഗ്രങ്ങളുമായ പ്രതികരണങ്ങളിലൂടെ കടന്നുപോകേണ്ടത് സമാധാനപ്രയാണത്തിൽ ആവശ്യമാണെന്ന അവബോധം റൊസാരിയൊ നഗരം നേരിടുന്ന പ്രതിസന്ധിയുടെ വേളയിൽ എല്ലാവർക്കുമുണ്ടെന്ന് പാപ്പാ, “സമാധന സ്ഥാപകർ ഭാഗ്യവാന്മാർ”  (മത്തായി 5,9) എന്ന സുവിശേഷസൗഭാഗ്യം അവലംബമാക്കി നല്കിയിരിക്കുന്ന ഈ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.

സമൂഹത്തെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിൻറെ അഖണ്ഡതയ്ക്കും  സമൂഹത്തിലെ ബലഹീനരായ മക്കൾക്കുമെതിരായ ഭീഷണിയെ മറികടക്കാനുള്ള ഉപകരണങ്ങൾ ഓരോ സമൂഹത്തിനും അതിൽത്തന്നെയുണ്ടെന്നും പാപ്പാ പ്രചോദനം പകരുന്നു. രാഷ്ട്രീയ, നീതിന്യായ, സമ്പദ്ഘടനാ, ധന, പോലീസ് ശക്തികളുടെ സഹകരണം റൊസാരിയൊ സമൂഹത്തിൻറെ ജീവിതം സാധാരണഗതിയിലേക്കു കൊണ്ടുവരുന്നതിന് അനിവാര്യമാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. പൊതുനനന്മ തേടുന്നതിനാൽ ഉപവിയുടെ അമൂല്യരൂപങ്ങളിൽ ഒന്നായ രാഷ്ട്രീയം എന്ന ഉന്നത വിളിയെ ഒരു പുനർമൂല്യനിർണ്ണയത്തിനു വിധേയമാക്കേണ്ടതുണ്ടെന്നും പാപ്പാ പറയുന്നു.

മയക്കുമരുന്നു ദുരുപയോഗ പ്രശ്നത്തെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ ഈ മേഖലയിൽ സർക്കാരിൻറെ മൗനം മയുക്കുമരുന്നുപയോഗവും വിപണനവും പരിപോഷിപ്പിക്കുന്നു എന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. മയക്കുമരുന്നുപയോഗം തടയുന്നതിന് ഉചിതമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു. സമ്പദ്ഘടനയിൽ വ്യവസായസംരംഭകരുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ ആരംഗത്തെ മാഫിയയുടെ കടന്നുകയറ്റത്തിനും ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നതിനുമെതിരെ മുന്നറിയിപ്പു നല്കുന്നു. സമൂഹത്തിൻറെ നന്മയ്ക്കായി ഭയപ്പെടാതെ സംഘാതമായി യത്നിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുന്ന പാപ്പാ ഭയം സദാ ഒറ്റപ്പെടുത്തുകയും തളർത്തുകയും ചെയ്യുമെന്ന് ആവർത്തിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2024, 17:56