തിരയുക

ഫ്രാൻസിസ് പാപ്പാ കുമ്പസാരിപ്പിക്കുന്നു, റോമിൽ വിശുദ്ധ അഞ്ചാം പീയൂസ് പാപ്പായുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ, 08/03/24 ഫ്രാൻസിസ് പാപ്പാ കുമ്പസാരിപ്പിക്കുന്നു, റോമിൽ വിശുദ്ധ അഞ്ചാം പീയൂസ് പാപ്പായുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ, 08/03/24  (Vatican Media)

മാമ്മോദീസായിലൂടെ ആരംഭിക്കുന്ന പുതുജീവിത യാത്ര നമ്മെ യഥാർത്ഥ തനിമയിൽ മുന്നോട്ടുകൊണ്ടുപോകുന്നു, പാപ്പാ!

“കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ” എന്ന പ്രാർത്ഥനാ-അനുതാപശൂശ്രുഷാചരണം മാർച്ച് 8-ന് വെള്ളിയാഴ്ച വൈകുന്നേരം ഫ്രാൻസീസ് പാപ്പാ റോമിലെ വിശുദ്ധ അഞ്ചാം പീയൂസ് പാപ്പായുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ നയിച്ചു. പാപ്പാ ഏതാനു വിശ്വാസികളുടെ കുമ്പസാരം കേൾക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുമ്പസാരം എന്ന കൂദാശ ഒരു ഭക്താഭ്യാസമല്ല, പ്രത്യുത, ക്രൈസ്തവാസ്തിത്വത്തിൻറെ അടിസ്ഥാനമാണെന്ന് മാർപ്പാപ്പാ.

പതിനൊന്നു വർഷമായി അനുവർഷം നടത്തപ്പെടുന്ന “കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ” എന്ന പ്രാർത്ഥനാ-അനുതാപശൂശ്രുഷാചരണ വേളയിൽ മാർച്ച് 8-ന് വെള്ളിയാഴ്ച പങ്കുവെച്ച ചിന്തകളിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

റോമിൽ വിശുദ്ധ അഞ്ചാം പീയൂസ് പാപ്പായുടെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഈ ആചരണം. തദ്ദവസരത്തിൽ പാപ്പാ ഏതാനും വിശ്വാസികളുടെ കുമ്പസാരം കേൾക്കുകയും പാപമോചനം നല്കുകയും ചെയ്തു.  പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം ആറാം അദ്ധ്യായത്തിലെ നാലാമത്തെതായ വാക്യത്തിൽ കാണുന്ന “നമ്മളും പുതുജീവിതം നയിക്കേണതിനാണ്”  എന്ന വാചകം ആയിരുന്നു പാപ്പാ “കർത്താവിനായി ഇരുപത്തിനാലു മണിക്കൂർ”  ആചരണ വേളയിൽ നടത്തിയ വിചിന്തനത്തിനാധാരം.

യേശുവിൻറെ മരണോത്ഥാനങ്ങളിൽ നമ്മെ ആമഗ്നരാക്കുകയും എന്നന്നേക്കുമായി നിത്യജീവിതം നേടേണ്ടവരായ, പുനരുത്ഥാനത്തിൻറെ മക്കളായ, ദൈവമക്കളാക്കിത്തീർക്കുകയും  ചെയ്യുന്ന ജ്ഞാനസ്നാനത്തിലൂടെ പിറവിയെടുക്കുന്ന ജീവിതമാണ് പൗലോസപ്പോസ്തലൻ വിവക്ഷിക്കുന്ന നവജീവിതം എന്ന്  പാപ്പാ വിശദീകരിച്ചു. ആകയാൽ മാമ്മോദീസായിലൂടെ തുടക്കമിടുന്ന പുതിയ ജീവിതം ഒരു യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ചാരത്തിനുള്ളിൽ മറഞ്ഞുകിടിക്കുന്ന കനൽ എന്നപോലെ ആളിക്കത്താനും പ്രകാശം പരത്താനുമായി കാത്തിരിക്കുന്ന ഒരു നവജീവിതം നമ്മുടെ ഉള്ളിൽ ഇപ്പോൾത്തന്നെ ഉണ്ട് എന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി. ഹൃദയത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചാരം നമ്മുടെ ആത്മാവിൻറെ മനോഹാരിതയെ മറച്ചുകളയുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ആകയാൽ നവജീവിതയാത്രയിൽ മുന്നോട്ടു പോകുന്നതിന് നമ്മുടെ അകം വെടിപ്പാക്കുന്ന ദൈവികമായ പാപപ്പൊറുതിയുടെ പാത ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. പാപമോചനം മാമ്മോദീസായിലൂടെയുള്ള പുനർജന്മാവസ്ഥയിലേക്ക് നമ്മെ തിരികെയത്തിക്കുന്നുവെന്നു പാപ്പാ വിശദീകരിച്ചു. നാം നവീകൃതരും സ്വതന്ത്രരും, അകമേ ഭാരരഹിതരും സന്തോഷമുള്ളവരും യാത്രയിലായിരിക്കുന്നവരുമാകണമെന്ന് ദൈവം അഭിലഷിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ആകയാൽ പാപമോചനം ലഭ്യമാക്കുന്ന അനുരഞ്ജനകൂദാശ നാം ഉപേക്ഷിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

പ്രഘോഷിക്കപ്പെടുന്ന പാപപ്പൊറുതിയും സമാധാനവും വിശ്വാസികളുടെ ഹൃദയത്തിന്മേൽ പരിശുദ്ധാരൂപിയുടെ തലോടലാണ് എന്ന അവബോധം പുലർത്തിക്കൊണ്ട് വൈദികർ, അക്ഷീണം പൊറുക്കുന്ന ദൈവത്തെപ്പോലെ, ക്ഷമിക്കണമെന്ന് പാപ്പാ പറഞ്ഞു. പാപമോചനം അഭ്യർത്ഥിക്കുന്നവന് അതു നല്കുകയും സൗഖ്യത്തിൻറെയും സന്തോഷത്തിൻറെയുമായ കൂദാശയെ വിശ്വാസത്തോടുകൂടി സമീപിക്കാൻ ഭയപ്പെടുന്നവരെ സഹായിക്കുകയും ചെയ്യണമെന്ന് പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2024, 10:46