തിരയുക

ഫ്രാൻസീസ് പാപ്പാ.  കൈത്തൊഴിലാളി സംഘടനയായ  “കൊൺഫാർത്തിജനാത്തൊ”യുടെ(Confartigianato)  പ്രതിനിധികളെ ശനിയാഴ്ച (10/02/24) വത്തിക്കാനിൽ, പോൾ ആറാമൻശാലയിൽ, സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ. കൈത്തൊഴിലാളി സംഘടനയായ “കൊൺഫാർത്തിജനാത്തൊ”യുടെ(Confartigianato) പ്രതിനിധികളെ ശനിയാഴ്ച (10/02/24) വത്തിക്കാനിൽ, പോൾ ആറാമൻശാലയിൽ, സ്വീകരിച്ചപ്പോൾ.   (Vatican Media)

മനുഷ്യൻറെ കല്പനാശക്തിക്ക് പകരം വയ്ക്കാവുന്നതല്ല സാങ്കേതികവിദ്യ, പാപ്പാ!

ഫ്രാൻസീസ് പാപ്പാ. കൈത്തൊഴിലാളി സംഘടനയായ “കൊൺഫാർത്തിജനാത്തൊ”യിലെ (Confartigianato) അയ്യായിരത്തോളം പ്രതിനിധികളെ ശനിയാഴ്ച (10/02/24) വത്തിക്കാനിൽ, പോൾ ആറാമൻശാലയിൽ, സ്വീകരിച്ചു . കൈത്തൊഴിലാളികളുടെ പ്രവർത്തനത്തിൽ മനുഷ്യശരീരത്തിലെ മൂന്ന് അവയവങ്ങൾ, അതായത്, കരങ്ങളും കണ്ണുകളും കാലുകളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ തദ്ദവസരത്തിൽ ഉദ്ബോധിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൈത്തൊഴിലാളികളുടെ കരവേലകൾ മനുഷ്യൻറെ നൈപുണ്യത്തെയും സർഗ്ഗാത്മകതയെയും മൂല്യവത്ക്കരിക്കുന്നുവെന്ന് മാർപ്പാപ്പാ.

1946-ൽ ഇറ്റലിയിൽ ജന്മംകൊണ്ട കൈത്തൊഴിൽ വ്യവസായസംരംഭകരുടെ സംഘടനയായ “കൊൺഫാർത്തിജനാത്തൊ”യിലെ (Confartigianato) അയ്യായിരത്തോളം പ്രതിനിധികളെ ശനിയാഴ്ച (10/02/24) വത്തിക്കാനിൽ, പോൾ ആറാമൻശാലയിൽ, സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഉല്പാദന രംഗത്ത് യന്ത്രങ്ങളുടെ കടന്നുവരവിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ,  സാങ്കേതിക വിദ്യ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകൾ കണ്ടുപിടുത്തം നടത്തുമ്പോൾ യന്ത്രങ്ങളാകട്ടെ അസാധാരണ വേഗതയോടെ പകർപ്പുകൾ ഉണ്ടാക്കുകമാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞു.

കൈത്തൊഴിലാളികളുടെ പ്രവർത്തനത്തിൽ മനുഷ്യശരീരത്തിലെ മൂന്ന് അവയവങ്ങൾ, അതായത്, കരങ്ങളും കണ്ണുകളും കാലുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. കൈത്തൊഴിൽ കരകൗശലത്തൊഴിലാളിയെ ദൈവത്തിൻറെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുന്നുവെന്ന് പറഞ്ഞ പാപ്പാ നിർമ്മിക്കുക എന്നത് ഉൽപ്പാദിപ്പിക്കുന്നതിന് തുല്യമല്ലയെന്ന് സമർത്ഥിച്ചു.

കരങ്ങളുടെ വൈദഗ്ദ്ധ്യം, ഹൃദയത്തിൻറെ അഭിനിവേശം, മനസ്സിൻറെ ആശയങ്ങൾ എന്നിവയെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരാമെന്ന് അറിയുന്ന സർഗ്ഗാത്മക കഴിവാണ് ഇത് പ്രവർത്തനക്ഷമമാക്കുന്നതെന്നു പാപ്പാ പറഞ്ഞു. കരകൗശലവിദഗ്ദ്ധരെ ദൈവത്തിൻറെ സഹകാരികളാക്കിത്തീർക്കുന്ന നിരവധി കാര്യങ്ങൾ സാക്ഷാത്ക്കരിക്കാൻ കരങ്ങൾക്കറിയാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

കരകൗശലക്കാരൻറെ കണ്ണുകൾ യാഥാർത്ഥ്യത്തിൻറെ അസ്സൽ രൂപം കാണുന്നുവെന്നും നിശ്ചേതന ദ്രവ്യത്തിൽ അന്തർലീനമായിരിക്കുന്ന മികച്ച സൃഷ്ടിയെ മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് അവൻറെ കണ്ണുകൾക്കുണ്ടെന്നും പാപ്പാ പറഞ്ഞു.

അതു പോലെ തന്നെ കൈത്തൊഴിൽ സംരംഭങ്ങളിൽ നിന്നു ജന്മംകൊള്ളുന്ന ഉല്പ്പന്നങ്ങൾ ലോകമെമ്പാടും സഞ്ചരിക്കുകയും ലോകത്തെ സുന്ദരമാക്കുകയും ആളുകളുടെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പാദങ്ങളെക്കുറിച്ച് പരാമർശിക്കവെ അനുസ്മരിച്ചു.

ജോലിചെയ്യാനും ഭാവന വികസിപ്പിക്കാനും ജീവിതചുറ്റുപാടുകളെയും അവസ്ഥകളെയും മെച്ചപ്പെടുത്താനുമുള്ള ഒരു പാതയാണ് കൈത്തൊഴിലെന്നും അതുകൊണ്ടുതന്നെ കൈത്തൊഴിലാളികളെ സാഹോദര്യത്തിൻറെ ശില്പികളായി കാണാൻ താൻ ഇഷട്പ്പെടുന്നുലെന്നും പാപ്പാ പ്രസ്താവിച്ചു. വഴിയിൽ വീണുപോയ നിരവധി ആളുകളെ കണ്ടുമുട്ടാൻ നമ്മുടെ പാദങ്ങൾ നമ്മെ അനുവദിക്കുന്നുവെന്നും ജോലിയിലൂടെ അവരെ നമ്മോടൊപ്പം ചരിക്കാൻ പ്രാപ്തരാക്കാനാകുമെന്നും നിസ്സംഗതയുടെ സംസ്‌കാരത്തിനിടയിൽ നമുക്ക് അവരുടെ സഹയാത്രികരാകാനാകുമെന്നും പാപ്പാ പറഞ്ഞു. അങ്ങനെ നമ്മുടെ സഹോദരൻറെ ചാരത്തായിരിക്കുന്നതിന് ഒരോ ചുവടുവെക്കുമ്പോഴും നമ്മൾ ഒരു പുതിയ മാനവികതയുടെ ശില്പികളായി മാറുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

യുദ്ധങ്ങൾ ഇരകളെ സൃഷ്ടിക്കുകയും ദരിദ്രർ ശ്രവിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ സമാധാനത്തിൻറെ ശില്പികളാകാൻ പാപ്പാ  പ്രചോദനം പകരുകയും കൈത്തൊഴിൽ സംരംഭകരുടെ കൈകാലുകളും കണ്ണുകളും സർഗ്ഗാത്മകവും ഉദാരവുമായ മനുഷ്യത്വത്തിൻറെ അടയാളമായി ഭവിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2024, 18:15