തിരയുക

അർജന്റിനയിൽ നിന്നുള്ള പ്രഥമ വിശുദ്ധ മരിയ ആന്തൊണീനാ  ദെ സാൻ ഹൊസെയെ ഫ്രെബ്രുവരി പതിനൊന്നാം തിയതി വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്കുയർത്തിയ ദിവ്യബലിയിൽ പാപ്പാ. അർജന്റിനയിൽ നിന്നുള്ള പ്രഥമ വിശുദ്ധ മരിയ ആന്തൊണീനാ ദെ സാൻ ഹൊസെയെ ഫ്രെബ്രുവരി പതിനൊന്നാം തിയതി വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്കുയർത്തിയ ദിവ്യബലിയിൽ പാപ്പാ.   (Vatican Media)

പാപ്പാ: ഭയം, മുൻവിധി, തെറ്റായ മതപ്രതിപത്തി എന്നിവ ആത്മാവിനെ ബാധിക്കുന്ന കുഷ്ഠരോഗങ്ങൾ

അർജന്റിനയിൽ നിന്നുള്ള പ്രഥമ വിശുദ്ധ മരിയ ആന്തൊണീനാ ദെ സാൻ ഹൊസെയെ ഫ്രെബ്രുവരി പതിനൊന്നാം തിയതി വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്കുയർത്തിയ ദിവ്യബലി മധ്യേ നടത്തിയ വചന പ്രഘോഷണത്തിലാണ് ഫ്രാൻസിസ് പാപ്പാ ആത്മാവിനെ ബാധിക്കുന്ന കുഷ്ഠത്തെക്കുറിച്ച് സംസാരിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആരാധനാക്രമത്തിലെ വായനകളിൽ വിഷയമായി വന്ന കുഷ്ഠരോഗത്തെ പ്രതിബാധിച്ചു കൊണ്ട്  രോഗത്തിൽ നിന്നും, സമുദായമേർപ്പെടുത്തിയ ഭ്രഷ്ഠിൽ നിന്നും താൻ കണ്ടുമുട്ടിയ  രോഗിയായ മനുഷ്യനെ മോചിപ്പിക്കാനാണ് യേശു ആഗ്രഹിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് പരിശുദ്ധ പിതാവ് സുവിശേഷ പ്രഘോഷണം ആരംഭിച്ചത്.

നഗരത്തിന് പുറത്ത് വസിക്കാൻ നിർബ്ബന്ധിതനായിരുന്ന കുഷ്ഠരോഗിക്ക് രോഗത്തിന്റെ ക്ഷീണം മാത്രമല്ല എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടതും സമുദായഭ്രഷ്ഠും മുറിവേൽപ്പിച്ചിരുന്നു. രോഗം പകരും എന്ന ഭയവും, ദൈവം അവന്റെ പാപങ്ങൾക്ക് നൽകിയ ശിക്ഷയാണ് രോഗം എന്ന മുൻവിധിയും, മൃതനെ സ്പർശിക്കുന്നവൻ അശുദ്ധനായി മാറും എന്ന തെറ്റായ മതപ്രതിപത്തിയുമാണ്  അതിന് കാരണങ്ങളായി പാപ്പാ ചൂണ്ടിക്കാണിച്ചത്. കാരണം, സഞ്ചരിക്കുന്ന മൃതനായാണ് കുഷ്ഠരോഗിയെ കരുതിയിരുന്നതെന്ന് പാപ്പാ പങ്കുവച്ചു.

ക്ഷീണിതനെ ദുരിതത്തിലാഴ്ത്തുകയും ചവറുപോലെ വലിച്ചെറിയുകയും ചെയ്യുന്ന ആത്മാവിന്റെ കുഷ്ഠങ്ങളാണ് ഭയവും, മുൻവിധിയും, തെറ്റായ മതപ്രതിപത്തിയും.  ഇവ ധാരാളം അനീതികൾക്ക് കാരണമാവുന്നു പാപ്പാ വിശദീകരിച്ചു. ഇവയൊന്നും പുരാതന കാലങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് കരുതാൻ കഴിയില്ല പല തരം ഭയങ്ങളും, മുൻവിധികളും അനൗചിത്യങ്ങളും വിശ്വാസികളിലും ക്രൈസ്തവരെന്നു വിളിക്കുന്നവരിലും ഉണ്ടെന്നും പാപ്പാ പരിതപിച്ചു. നമ്മുടെ ഇക്കാലത്തും ഇനിയും തകർത്തു കളയാനാവാത്ത ഭ്രഷ്ഠുകളുടെ മതിലുകളും സുഖപ്പെടേണ്ടതായ കുഷ്ഠങ്ങളുടെ രൂപങ്ങളുണ്ടെന്ന് പറഞ്ഞ പാപ്പാ യേശുവിന്റെതുപോലുള്ള “സ്പർശനവും” “സുഖപ്പെടുത്തലും” അതിന്റെ പ്രതിവിധിയായി ചൂണ്ടിക്കാണിച്ചു.

രോഗിയുടെ സഹായത്തിനായുള്ള നിലവിളി കേട്ട യേശു അവന്റെ അടുത്തെത്തി അവനെ സ്പർശിച്ചു. ആ പ്രവൃത്തി കൊണ്ട് താൻ സമുദായ ഭ്രഷ്ഠനാകുമെന്ന് നന്നായി അറിഞ്ഞു കൊണ്ടായിരുന്നു യേശു അങ്ങനെ ചെയ്തത്. അതോടെ സൗഖ്യം പ്രാപിച്ച രോഗി പുരോഹിതന്റെ അടുത്തെത്തി സമുദായത്തിൽ അംഗമാകുകയും, യേശു ഭ്രഷ്ഠനാവുകയും ചെയ്യും. അകലത്തു നിന്നുകൊണ്ട്  സൗഖ്യമാക്കാൻ കഴിയുമായിരുന്നിട്ടും സമീപത്തെത്തി സ്പർശിച്ച് സുഖമാക്കുകയായിരുന്നു കർത്താവിന്റെ വഴി.  സ്നേഹത്താൽ സഹിക്കുന്നവർക്ക് സമീപത്തെത്തി, തൊട്ട് സുഖപ്പെടുത്തുന്ന വഴിയാണ് അത്. നമ്മുടെ ദൈവം അകലെ സ്വർഗ്ഗത്തിൽ നിൽക്കുന്നവനല്ല, നമ്മുടെ ദാരിദ്ര്യം തൊട്ടറിയാൻ യേശുവിൽ മനുഷ്യനായി, ഏറ്റം മോശമായ, പാപമെന്ന കുഷ്ഠത്തിന്റെ കാര്യത്തിൽ, പാപിയെപ്പോലെ, കുഷ്ഠരോഗിയെപ്പോലെ തഴയപ്പെട്ട് കുരിശിൽ മരിക്കാനും അവൻ മടിച്ചില്ല, പാപ്പാ പറഞ്ഞു. യേശുവിനെ സ്നേഹിക്കുകയും അനുകരിക്കുകയും ചെയ്യുന്ന നമുക്ക് അവന്റെ സ്പർശനം അനുകരിക്കാൻ കഴിയുമോ? പാപ്പാ ചോദിച്ചു. അവൻ ചെയ്തതുപോലെ അടുത്തുചെല്ലാനും, അപരന് സമ്മാനമാകാനും കഴിയാതെ നമ്മുടെ “സുഖമേഖലകൾ"ക്കുള്ളിൽ ഒതുങ്ങിക്കൂടി അപരനാണ് പ്രശ്നക്കാരൻ എന്ന് വിശ്വസിക്കുമ്പോൾ, ശ്രദ്ധിക്കുക, അത് ആത്മാവിന്റെ ഒരു കുഷ്ഠമാണെന്ന് പാപ്പാ മുന്നറിയിപ്പു നൽകി.

ഈ ആത്മാവിന്റെ കുഷ്ഠത്തിന് പ്രതിവിധി യേശുവിന്റെ “സൗഖ്യമാക്കൽ” ആണെന്ന് പാപ്പാ പറഞ്ഞു. അവന്റെ സ്പർശം സാമിപ്യത്തിന്റെ അടയാളം മാത്രമായിരുന്നില്ല, അത് സൗഖ്യത്തിന്റെ ഒരു പ്രക്രിയയുടെ ആരംഭം കൂടിയായിരുന്നു. ദയയും, ആർദ്രതയും, സാമിപ്യവുമാണ് ദൈവത്തിന്റെ ശൈലി. നമ്മുടെ കുഷ്ഠങ്ങളെ സ്പർശിച്ച് സൗഖ്യപ്പെടുത്താൻ യേശുവിനെ അനുവദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ആ സ്പർശനത്താൽ നമ്മിലെ എല്ലാ നന്മകളും പുനർജ്ജനിക്കപ്പെട്ട്  നമ്മൾ നവീകരിക്കപ്പെടും. എല്ലു കൂമ്പാരങ്ങൾ ജീവൻ വച്ച് എഴുന്നേൽക്കുന്ന താഴ്വരയെക്കുറിച്ചുള്ള എസെക്കിയേൽ പ്രവാചകന്റെ വചനങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് അത്തരം ഒരു അത്ഭുതം ഇന്ന്  കുടുംബങ്ങളിലും, തൊഴിലിടങ്ങളിലും, ഇടവകകളിലും, വിദ്യാലയങ്ങളിലും, തെരുവുകളിലും ഒക്കെ രഹസ്യമായി  നടക്കുന്ന ഉപവി പ്രവർത്തികളിലാണെന്ന് പാപ്പാ പറഞ്ഞു. ഉപവിക്ക്  പരസ്യങ്ങളും കരഘോഷങ്ങളും ആവശ്യമില്ല, സ്നേഹത്തിന്  സ്നേഹം മാത്രം മതിയെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധയായി പ്രഖ്യാപിച്ച മരിയ ആന്തൊണീനാ ദെ സാൻ ഹൊസെയെ “പരിശുദ്ധാത്മാവിന്റെ ഒരു വഴിയാത്രക്കാരി” എന്നാണ് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചത്. മറ്റുള്ളവർക്ക് ദൈവത്തെക്കൊടുക്കാൻ മരുഭൂമിയിലൂടെയും, അപകടം പതിയിരുന്ന വഴികളിലൂടെയും ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച അവൾ ഉത്സാഹത്തിന്റെയും അപ്പോസ്തോലിക ധൈര്യത്തിന്റെയും മാതൃകയായിരുന്നു. അർജന്റിനയിൽ നിന്ന് ഈശോസഭയെ പുറന്തള്ളിയപ്പോൾ ദൈവപരിപാലനയിലും സ്ഥിരോത്സാഹത്തിലും അധിഷ്ഠിതമായ ഒരു പ്രേഷിതാഗ്നി പരിശുദ്ധാത്മാവ് അവളിൽ കത്തിച്ചു. വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥം തേടിയ അവൾ, എന്നാൽ വിശുദ്ധനെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ വി. ഗായെത്താനോ തിയെനെയുടേയും സഹായം തേടി. അങ്ങനെയാണ് അർജന്റിനയിൽ വിശുദ്ധനോടുള്ള ഭക്തി ആരംഭിച്ചത് എന്ന് പാപ്പാ ഓർമ്മിച്ചു.  മമ്മ ആന്തുള എന്ന് അറിയപ്പെട്ടിരുന്ന വി. മരിയ ആന്തൊണീനാ  ദെ സാൻ ഹൊസെയിലൂടെയാണ് ദൈവപരിപാലനയുടെ മധ്യസ്ഥനായ വി. ഗായെത്താനോ തിയെനെയോടുള്ള ഭക്തി അർജന്റിനയിൽ പ്രചരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2024, 14:56