തിരയുക

 ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഫ്രാൻസിസ് പാപ്പാ. ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ : മനുഷ്യന്റെ സർഗ്ഗാത്മകത ശക്തി എങ്ങനെ ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാമെന്ന് പരിശോധിക്കുക

ഫ്രെബ്രുവരി പന്ത്രണ്ടാം തിയതി ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പൊന്തിഫിക്കൽ അക്കാഡമി അതിന്റെ സ്ഥാപനത്തിന്റെ മുപ്പതാമത് വർഷത്തിലേക്ക് കടക്കുമ്പോൾ ജീവനുമായി ബന്ധപ്പെട്ട  ശാസ്ത്രങ്ങളിലും, ആരോഗ്യ സൗഖ്യ മേഖലകളിലും അവർ കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദി പറഞ്ഞു.

മനുഷ്യന്റെ തനിമ എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന  പൊതുസമ്മേളനത്തിന്റെ  വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. പുതിയ സാങ്കേതിക വിജ്ഞാനം നമ്മുടെ മുന്നിൽ വയ്ക്കുന്ന പുത്തൻ വെല്ലുവിളിക്കു മുന്നിൽ മുൻവിധിയോടെ യന്ത്രങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും അനുകൂലമായോ പ്രതികൂലമായോ ഉള്ള നിലപാട് എടുക്കാനാവില്ല എന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിദത്തമായതിനെ യാഥാർത്ഥ്യത്തിൽ മാനുഷികമായി കരുതുകയും  കൃത്രിമമായതിനെ മാനുഷികമായതിനു വിരുദ്ധവുമായും കരുതുന്ന വ്യത്യസ്തതയ്ക്കായുള്ള അഭ്യർത്ഥന ഇക്കാലത്തും മതിയാവില്ല എന്ന് തെളിയുന്നു, പാപ്പാ പറഞ്ഞു. അതിനാൽ ശാസ്ത്രീയവും സാങ്കേതികവുമായ അറിവിനെ അർത്ഥങ്ങളുടെ വിശാലമായ ഒരു ചക്രവാളത്തിൽ സ്ഥാപിച്ചുകൊണ്ട് സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെ ആധിപത്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ലൗ ദാത്തോസി (108) ഉദ്ധരിച്ചു കൊണ്ട് പാപ്പാ വിശദീകരിച്ചു.

സാങ്കേതിക ശാസ്ത്ര രീതികൾ  ഉപയോഗിച്ച് മനുഷ്യനെ നിർമ്മിക്കാൻ ശ്രമിക്കുന്നത് ഉദാഹരണമായി എടുത്തു കൊണ്ട് പാപ്പാ അത്തരം ഒരു സമീപനം ഡിജിറ്റൽ ഭാഷ അടിസ്ഥാനമാക്കി എല്ലാത്തരം വിവരങ്ങളും സംഖ്യകളുടെ കോഡുകളാക്കാമെന്നും വെറും പുനരുൽപ്പാദിപ്പിക്കാവുന്ന പ്രകടനങ്ങൾ ഒന്നിച്ചു കൂട്ടിയോജിപ്പിക്കുന്ന ഒന്നായും മനുഷ്യനെ ചുരുക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ബാബേൽ ഗോപുരത്തിന്റെ കഥയിലെ ദൈവത്തിന്റെ ഇടപെടൽ ഒരു ശിക്ഷയായല്ലാ “ഏക ചിന്ത’’ യിൽ നിന്ന്  മോചിപ്പിച്ച് മനുഷ്യന്റെ പരിമിതികളെയും ദുർബ്ബലതയെയും അഭിമുഖീകരിച്ച് വ്യത്യാസങ്ങളെ ബഹുമാനിക്കാനും പരസ്പരം കരുതാനുമുള്ള വെല്ലുവിളി നൽകുന്ന അനുഗ്രഹമായിക്കാണാൻ പാപ്പാ ആവശ്യപ്പെട്ടു.

വർദ്ധിച്ചു വരുന്ന ശാസ്ത്ര സാങ്കേതിക കഴിവുകൾ മാനുഷിക ജീവന്റെ രൂപസാദൃശ്യമുള്ള സൃഷ്ടികർമ്മങ്ങൾ നടത്തി ദൈവത്തിന് സമാനമായ തരം സൃഷ്ടികർമ്മം നടത്തുന്നവനാണ് താനെന്ന്  മനുഷ്യന് സ്വയം തോന്നാമെങ്കിലും നിർജ്ജീവമായ ദ്രവ്യത്തിൽ ആത്മാവിനെ കടത്തിവിടാൻ അവന് ആവുമോ എന്ന് പാപ്പാ ചോദിച്ചു.  അതിനാൽ മനുഷ്യന് നൽകിയിട്ടുള്ള സർഗ്ഗാത്മകത എങ്ങനെ ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാമെന്ന് പരിശോധിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.  അതിന്റെ പ്രഥമ കർത്തവ്യം നരവംശശാസ്ത്ര പരമാണെന്നും, ശാസ്ത്ര സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് മനുഷ്യന്റെ അനിഷേധ്യമായ സവിശേഷതകൾ അംഗീകരിക്കാനും  പ്രോത്സാഹിപ്പിക്കാനും കഴിവുള്ള ഒരു സംസ്കാരം വികസിപ്പിക്കേണ്ട വെല്ലുവിളി സ്വീകരിക്കുകയാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

അവർ തിരഞ്ഞെടുത്ത വിഷയത്തിന്റെയും സമീപനത്തിന്റെയും വെല്ലുവിളി തിരിച്ചറിഞ്ഞ പാപ്പാ വിവിധ വിജ്ഞാന ശാഖകൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിനെയും  അവർ നടത്തുന്ന സിനഡൽ രീതിയിലുള്ള നടപടികളെയും  ശ്ലാഘിച്ചു. എല്ലാ സംസ്കാരങ്ങളിൽ നിന്നും അർത്ഥവത്തായ ഘടകങ്ങൾ സ്വീകരിക്കുന്നതിലും അതിനെ ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും വെളിച്ചത്തിൽ പുനർ വ്യാഖ്യാനിക്കുന്നതിലും ക്രൈസ്തവ സമൂഹം എപ്പോഴും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്ന്  പാപ്പാ സൂചിപ്പിച്ചു. ഇത് ബൗദ്ധീകമായ സമീപനം ആവശ്യമുള്ള, വിവിധ തലമുറകളെ പുണരുന്ന ഒരു നീണ്ട തുടർ പ്രക്രിയയാണ്. അത്തരം തുറവും ഉത്തരവാദിത്വവും ആത്മാവിനോടു വിധേയത്വവുമുള്ള ഒരു മാനസികാവസ്ഥ അവർക്കുണ്ടാകാനായി പ്രാർത്ഥിക്കാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2024, 15:23