തിരയുക

മനുഷ്യക്കടത്തിനെതിരെ നടന്ന കോൺഫറൻസിൽ പാപ്പാ - ഫയൽ ചിത്രം മനുഷ്യക്കടത്തിനെതിരെ നടന്ന കോൺഫറൻസിൽ പാപ്പാ - ഫയൽ ചിത്രം  (Vatican Media)

മനുഷ്യക്കടത്തിനെതിരെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ

മനുഷ്യക്കടത്തിനെതിരെയുള്ള പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും പത്താമത് ലോകദിനമായ ഫെബ്രുവരി 8-ആം തീയതി ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ഈ വിപത്തിനെതിരെ പോരാടുന്നവർക്കൊപ്പമാണ് താനെന്നും, മനുഷ്യാന്തസ്സ്‌ മാനിക്കപ്പെടണമെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകമെമ്പാടും മനുഷ്യക്കടത്തെന്ന വിപത്തിനെതിരെ പോരാടുന്ന ഏവർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്കൊപ്പം താനും പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. മനുഷ്യക്കടത്തിനെതിരെയുള്ള പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും പത്താമത് ലോകദിനമായ ഫെബ്രുവരി 8-ആം തീയതിയാണ് ഇത്തരമൊരു സന്ദേശം പാപ്പാ നൽകിയത്. അടിമയായി വില്ക്കപ്പെടുകയും, ചൂഷണങ്ങൾക്ക് വിധേയയാകുകയും ചെയ്‌ത വിശുദ്ധ ബകിതയുടെ വഴികളിലൂടെ നമുക്ക് സഞ്ചരിക്കാമെന്ന് എഴുതിയ പാപ്പാ, അവൾ നേരിടേണ്ടിവന്ന അനീതികളും, സഹനവും, എന്നാൽ അതോടൊപ്പം അവളുടെ മനഃശക്തിയും, സ്വാതന്ത്ര്യത്തിലേക്കുള്ള അവളുടെ യാത്രയും പുതുജീവിതവും പരാമർശിച്ചു. സമൂഹത്തിൽ മറയ്ക്കപ്പെട്ടുപോയ ആളുകളെ കാണാനും, കേൾക്കാനും, അവരുടെ അന്തസ്സ് തിരിച്ചറിയാനും, മനുഷ്യക്കടത്തിനും എല്ലാത്തരം ചൂഷണങ്ങൾക്കുമെതിരെ പോരാടാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

മനുഷ്യക്കടത്ത് സാധാരണഗതിയിൽ അദൃശ്യമാണെങ്കിലും, ധൈര്യമുള്ള റിപ്പോർട്ടർമാരും, മാധ്യമങ്ങളും, നമ്മുടെ കാലത്തും നിലനിൽക്കുന്ന ഈയൊരു തിന്മയിലേക്ക് വെളിച്ചം വീശാൻ സഹായിക്കുന്നുണ്ടെന്ന കാര്യം പാപ്പാ അനുസ്മരിച്ചു. എന്നാൽ നിസ്സംഗതയുടെ സംസ്കാരം നമ്മെ മന്ദീഭവിപ്പിക്കുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ സഹോദരീസഹോദരന്മാർ അനുഭവിക്കുന്ന മനുഷ്യക്കടത്തെന്ന തിന്മയ്‌ക്കെതിരെ നമ്മുടെ ഹൃദയവും ജീവിതവും തുറന്ന് പ്രതികരിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു.

ഇന്നത്തെ സമൂഹത്തിൽ അസംഖ്യം യുവജനങ്ങൾ മനുഷ്യക്കടത്തിനെതിരെ പ്രതികരിക്കുന്നതിലും ഇതിനായുള്ള ആഗോളദിനത്തിൽ പ്രവർത്തിക്കുന്നതിലും മുന്നോട്ടിറങ്ങുന്നത്, ഈയൊരു തിന്മ അനുഭവിക്കുന്നവരെ ശ്രവിക്കാനും, സ്വപ്‌നങ്ങൾ കാണാനും, അവർക്കായി പ്രവർത്തിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സഹനത്തിലായിരിക്കുന്നവരെ ശ്രവിക്കുന്നത് അടിസ്ഥാനപരമായ കാര്യമാണെന്ന് പറഞ്ഞ പാപ്പാ, സംഘർഷങ്ങളുടെയും, യുദ്ധങ്ങളുടെയും, കാലാവസ്ഥാവ്യതിയാനത്തിന്റെയും, നിർബന്ധിത കുടിയേറ്റത്തിന്റെയും ഇരകളാകുന്നവരെയും, ലൈംഗിക, പ്രവർത്തിക ചൂഷണങ്ങൾക്കിരയാകുന്ന സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം പരാമർശിച്ചു. അവർക്കും, യുവജനങ്ങൾക്കുമൊപ്പം, വ്യക്തികൾ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കുന്ന ഒരു ലോകം സ്വപ്നം കാണമെന്ന് പാപ്പാ എഴുതി.

യേശുവിന്റെ ചൈതന്യത്തോടെ നമ്മുടെ ഈ സ്വപ്നം നമ്മുടെ സമൂർത്തമായ പ്രവർത്തനങ്ങളിലൂടെ ഒരു യാഥാർഥ്യമാക്കുവാൻ സാധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിനുവേണ്ടി പ്രാർത്ഥിക്കുകയും വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഈയൊരു പ്രതിഭാസത്തിനെതിരെ പോരാടുന്നതിന്, അതിന്റെ വേരുകളിലേക്ക് എത്തി അവ പിഴുതുകളയേണ്ട ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരമൊരു മാറ്റത്തിനായി ശ്രമിക്കാനായി മുന്നോട്ടുവരാൻ, അടിമത്തത്തിലായിരിക്കുന്നവരുടെ പ്രതിരൂപമായ വിശുദ്ധ ബകിതയുടെ ഓർമ്മദിനത്തിൽ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

2015 ഫെബ്രുവരി 8-ആം തീയതി, വിശുദ്ധ ബകിതയുടെ തിരുനാൾ ദിനത്തിലാണ് മനുഷ്യക്കടത്തിനെതിരെയുള്ള പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും ലോകദിനം ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2024, 16:05