തിരയുക

വൈദികർക്കിടയിലൂടെ ഫ്രാൻസിസ് പാപ്പാ വൈദികർക്കിടയിലൂടെ ഫ്രാൻസിസ് പാപ്പാ  (Vatican Media)

ആർദ്രതയും കരുണയുമുള്ള സേവകരാകുക: വൈദികരോട് ഫ്രാൻസിസ് പാപ്പാ

സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കാനും, ദൈവജനത്തോടൊപ്പമായിരിക്കാനും, നല്ല രീതിയിൽ സേവനമനുഷ്ഠിക്കാനും പാപ്പാ വൈദികരെ ആഹ്വാനം ചെയ്തു. വൈദികരുടെ തുടർപരിശീലനത്തിന്റെ ഭാഗമായി ഫെബ്രുവരി ആറുമുതൽ പത്ത് വരെ വത്തിക്കാനിൽ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ പൗരോഹിത്യജീവിതത്തിൽ വേണ്ട മൂല്യങ്ങളെക്കുറിച്ചും, തങ്ങളുടെ സേവനത്തിനായി നൽകപ്പെടുന്ന ജനതകളോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഉദ്ബോധിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിൽ നടന്നുവരുന്ന വൈദികരുടെ തുടർപരിശീലനത്തിനായുളള സമ്മേളനത്തിൽ പങ്കെടുക്കുന്ന വൈദികർക്ക് ഫെബ്രുവരി 8 വ്യാഴാഴ്ച കൂടിക്കാഴ്ച അനുവദിച്ച ഫ്രാൻസിസ് പാപ്പാ, ജനത്തിനൊപ്പം, സേവനത്തിന്റെ പാതയിൽ, സുവിശേഷത്തിന്റെ സന്തോഷമനുഭവിച്ച് ജീവിക്കാൻ വൈദികരെ ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വത്തിക്കാനിലെത്തിയ വൈദികർക്ക് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, വൈദികർ തങ്ങളുടെ രൂപതകളിലും, മറ്റിടങ്ങളിലും ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. മാറ്റങ്ങളുടെ ഈ കാലത്ത്, പരസ്പരം നല്ല ആശയങ്ങൾ കൈമാറാനും, പ്രശ്നങ്ങളെ ഒരുമിച്ച് അഭിമുഖീകരിക്കാനും, തങ്ങളുടെ സേവനരംഗങ്ങളെ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന ചിന്തകൾ പങ്കുവയ്ക്കാനും, അതേസമയം, ദൈവത്തിന്റെ ഹിതമനുസരിച്ച് ധൈര്യപൂർവ്വം മുന്നോട്ട് പോകാനും ഈ സമ്മേളനത്തിലൂടെ വൈദികർക്ക് കൃപ ലഭിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. നിങ്ങളിലെ ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്ന (2 തിമോത്തി. 1, 6) തിമോത്തിയോസിനോടുള്ള വിശുദ്ധ പൗലോസിന്റെ ആഹ്വാനത്താൽ പ്രേരിതരായി, പരസ്പരം ശ്രവിക്കാനും, അപ്പസ്തോലികമായ പൗരോഹിത്യസേവനത്തിന്റെ തീക്ഷ്‌ണത കെട്ടുപോകാതെ മുന്നോട്ട് പോകാനും പാപ്പാ വൈദികരെ ആഹ്വാനം ചെയ്തു.

ദൈവം നൽകിയ കൃപ പുനരുജ്ജീവിപ്പിക്കാനായി, സുവിശേഷമേകുന്ന സന്തോഷം ജീവിക്കുക, ജനത്തിനൊപ്പവും ജനത്തിന്റേതുമായിരിക്കുക, കാര്യക്ഷമമായ സേവനം നൽകുക എന്നീ മൂന്ന് കാര്യങ്ങൾ എടുത്തുപറഞ്ഞു.

സുവിശേഷമെന്ന ആനന്ദം

ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായി നിൽക്കുന്നത്, സ്വന്തം വ്യക്തിത്വത്തിന് മാത്രം പ്രാധാന്യം നൽകുന്നതിലൂടെ ഉണ്ടാകുന്ന ദുഃഖത്തിൽനിന്നും, അർത്ഥശൂന്യമായ ഒരു ജീവിതം നയിക്കുകയെന്ന അപകടത്തിൽനിന്നും, പ്രത്യാശയും, പ്രതീക്ഷകളും നഷ്ടപ്പെടുന്നതിൽനിന്നും നമ്മെ സ്വാതന്ത്രരാക്കുന്ന കർത്താവുമായുള്ള സ്നേഹബന്ധമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവം നമ്മെ കരുണയോടെയും ആർദ്രമായും സ്നേഹിക്കുന്നു എന്നതാണ് സുവിശേഷം നൽകുന്ന സന്തോഷകരമായ വാർത്തയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത് ലോകത്തോട് വിളിച്ചുപറയുവാനായും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതുവഴി മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലൂടെ വെളിവാകുന്ന ദൈവത്തിന്റെ രക്ഷാകരസ്‌നേഹം ഏവർക്കും തിരിച്ചറിയാനാകും (Evangelii gaudium, 36). രക്തസാക്ഷിയാകുന്നതിന് മുൻപ് സുവിശേഷത്തിന്റെ സാക്ഷികളാകുക എന്നതാണ് പ്രധാനപെട്ടതെന്ന് വിശുദ്ധ പോൾ ആറാമൻ പാപ്പാ (Evangelii nuntiandi, 41) പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു സാക്ഷിയാകാൻ സാധിക്കുന്നില്ലെങ്കിൽ ഒരുവൻ ദുഃഖിതനായി മാറുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ശിഷ്യരായിരിക്കാൻ സാധിക്കുമെങ്കിലേ ഒരുവന് ദൈവത്തിന്റെ സേവകനും, ദൈവരാജ്യത്തിന്റെ പ്രേഷിതനുമായിരിക്കാൻ സാധിക്കൂ എന്നും, ഇത് വൈദികരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ ക്രൈസ്തവർക്കും ബാധകമാണെന്നും പാപ്പാ പറഞ്ഞു. ഒരു പുരോഹിതന്റെ ഹൃദയത്തിൽ ലൗകികത വളർന്നാൽ, അതോടെ അവന്റെ ജീവിതം മാറിമറയുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നല്ല ഒരു വൈദികനാകുന്നതിന് സമ്പൂർണ്ണമായ മാനവികപരിശീലനം നേടേണ്ടതിന്റെ പ്രാധാന്യവും പാപ്പാ കൂട്ടിച്ചേർത്തു. കുട്ടികളോടും മുതിർന്നവരോടും സ്നേഹത്തോടെ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഒരു പുരോഹിതന് കഴിയണമെന്ന് പാപ്പാ പറഞ്ഞു.

വൈദികൻ ദൈവജനത്തിനൊപ്പമായിരിക്കണം

പുരോഹിതജനമായ ദൈവജനത്തിന്റെ ഇടായിൽനിന്നാണ് നാം വിളിക്കപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവരിൽനിന്ന് അകലാതെ ജീവിക്കേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞു. നമ്മെ കാക്കുകയും, നമ്മുടെ ക്ലേശങ്ങളിൽ താങ്ങാകുയും, നമ്മുടെ അജപാലനപ്രശ്നങ്ങളിൽ നമ്മോടോപ്പമായിരിക്കുകയും ചെയ്യുന്നത് ദൈവജനമാണ്. പൗരോഹിത്യപരിശീലനം മറ്റെല്ലാത്തിൽനിന്നും വേറിട്ട ഒന്നായി മാറാതെ, ദൈവജനത്തിന്റെയും പുരോഹിതരുടെയും സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള ഒന്നായി മാറേണ്ടതുണ്ട്. സ്ത്രീപുരുഷന്മാർക്കും, അവിവാഹിതർക്കും, വിവാഹിതർക്കും, യുവജനങ്ങൾക്കും വയോധികർക്കും, പാവപ്പെട്ടവർക്കും സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കും നമ്മെ ഏറെ പഠിപ്പിക്കാനുണ്ട്. വിവിധ വിളികൾ തമ്മിൽ പരസ്പരബന്ധമുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവജീവിതത്തിൽ, പ്രത്യേകിച്ചും പൗരോഹിത്യജീവിതത്തിൽ സിനൊഡാലിറ്റി ഒരു ജീവിതശൈലിയായി മാറ്റേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സ്വന്തം വേരുകൾ മറന്നുപോകരുതെന്ന് പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

കാര്യക്ഷമമായ സേവനം

കാര്യക്ഷമമായ സേവനമെന്നതാണ് ക്രിസ്തുവിന്റെ സേവകർക്കുണ്ടായിരിക്കേണ്ട മുഖമുദ്രയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ ജീവിതകാലം മുഴുവൻ, പ്രത്യേകിച്ച് അന്ത്യഅത്താഴവേളയിൽ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നതിലൂടെ, ഇതാണ് കിസ്തു നമുക്ക് കാണിച്ചുതന്നത്. അവനവനെ എന്നതിനേക്കാൾ അപരനെ കേന്ദ്രബിന്ദുവാക്കുകയും അവനിലെ നന്മകളെയും കഴിവുകളെയും, ഒപ്പം അവന്റെ സംശയങ്ങളെയും, മുറിവുകളെയും, ആഗ്രഹങ്ങളെയും എടുത്തുകാട്ടുക എന്നതാണ് നാം ചെയ്യേണ്ടത്. സേവനമെന്ന ചുമതല മുന്നിൽ കണ്ടുകൊണ്ട്, വൈദികപരിശീലനത്തിൽ, വൈദികാർത്ഥികളെയും വൈദികരെയും അവരുടെ ജീവിതയാത്രയിൽ ധൈര്യപ്പെടുത്തുകയും, വിചിന്തനങ്ങളിൽ സഹായിക്കുകയും, ബുദ്ധിമുട്ടുകളിൽ ഒപ്പമുണ്ടാവുകയും, അജപാലനരംഗത്തെ വെല്ലുവിളികളിൽ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഇങ്ങനെ പരിശീലനം ലഭിക്കുന്ന ഒരു വൈദികൻ, ജനത്തോടൊപ്പമായിരിക്കുന്നവനാകും. അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ടാണ് കർത്താവ് ഒരു പുതിയ ജനത്തെ സൃഷ്ടിച്ചത്. നാം, ജനത്തിന്റെ സേവനം ഏറ്റെടുക്കുകയും, അവർക്ക് മാതാപിതാക്കൾ എന്നപോലെ സേവനം നൽകുകയും ചെയ്യുമ്പോൾ, അവരിൽ ദൈവികജീവനാണ് സൃഷ്ടിക്കുന്നത്. നമ്മെത്തന്നെ കേന്ദ്രബിന്ദുവാക്കി നിറുത്തുന്ന ഒരു അജപാലനമല്ല, നമ്മെ ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ ദൈവികമായ ഒരു പുതുജീവിതത്തിലേക്ക് മക്കളായി സൃഷ്ടിക്കുന്ന ഒരു അജപാലനമാണ് കാര്യക്ഷമമായ സേവനം.

മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കാനും, ക്ഷമിക്കാനും ആവശ്യപ്പെട്ട പാപ്പാ, കുമ്പസാരത്തിൽ ജനം ക്ഷമതേടിയാണ്, ദൈവശാസ്ത്രക്ലാസിൽ പങ്കെടുക്കാനോ, പരിഹാരക്രിയകൾക്കായോ അല്ല വരുന്നതെന്ന് ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മ നമുക്ക് ആർദ്രതയെന്ന കൃപ നൽകുന്നുവെന്ന് പറഞ്ഞ പാപ്പാ, ആ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും, ആർദ്രതയോടെ മറ്റുള്ളവരോട് പെരുമാറാനും ആഹ്വാനം ചെയ്തു.

വൈദികർക്കുവേണ്ടിയുള്ള റോമൻ ഡികാസ്റ്ററിയും സുവിശേഷവത്കരണത്തിനും, പൗരസ്ത്യസഭകൾക്കുമായുള്ള ഡികാസ്റ്ററികളും ഒരുമിച്ചാണ് വൈദികരുടെ തുടർപരിശീലനം ലക്ഷ്യമാക്കിയുള്ള ഈ അന്താരാഷ്ട്രസമ്മേളനം റോമിൽ സംഘടിപ്പിച്ചത്. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഫെബ്രുവരി ആറാം തീയതി രാവിലെ എട്ടുമണിക്കായിരുന്നു പാപ്പായുമൊത്തുള്ള സമ്മേളനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2024, 16:18