തിരയുക

നമീബിയയുടെ മരണമടഞ്ഞ പ്രസിഡൻറ് ഹെയ്ജ് ഗോട്ട്ഫ്രീഡ് ഗെയിൻഗോബ് നമീബിയയുടെ മരണമടഞ്ഞ പ്രസിഡൻറ് ഹെയ്ജ് ഗോട്ട്ഫ്രീഡ് ഗെയിൻഗോബ്  (ANSA)

നമീബിയയുടെ പ്രസിഡൻറിൻറെയും ചിലിയുടെ മുൻ പ്രസിഡൻറിൻറെയും നിര്യാണത്തിൽ പാപ്പായുടെ അനുശോചനം!

നമീബിയായുടെ പ്രസിഡൻറ് ഹെയ്ജ് ഗോട്ട്ഫ്രീഡ് ഗെയിൻഗോബിൻറെ നിര്യാണത്തിലും ചിലിയുടെ മുൻ പ്രസിഡൻറ് സെബസ്ത്യാൻ പിഞേര എച്ചെനിക്കിൻറെ അപകട മരണത്തിലും ഫ്രാൻസീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കുപടിഞ്ഞാറെ ആഫ്രിക്കൻ നാടായ നമീബിയായുടെ പ്രസിഡൻറിൻറെ നിര്യാണത്തിൽ പാപ്പാ അനുശോചനം അറിയിച്ചു.

പ്രസിഡൻറ് ഹെയ്ജ് ഗോട്ട്ഫ്രീഡ് ഗെയിൻഗോബിൻറെ നിര്യാണാനന്തരം സ്ഥാനമേറ്റ നമീബിയായുടെ പ്രസിഡൻറ് നൻഗോളൊ മ്ംബൂംബയ്ക്ക് അയച്ച അനുശോചന സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഖേദം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡൻറ്. ഹെയജ് സമർപ്പണബുദ്ധിയോടെ അന്നാടിനും ജനങ്ങൾക്കുമേകിയ സേവനം പാപ്പാ അനുസ്മരിക്കുകയും അദ്ദേഹത്തിൻറെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ കാരുണ്യത്തിന് ഭരമേല്പിക്കുകയും ചെയ്യുന്നു. ഫെബ്രുവരി 4-നാണ് പ്രസിഡൻറ് ഹെയ്ജ് മരണമടഞ്ഞത്. 2015 മുതൽ മരണമടയുന്നതു വരെ നമീബിയയുടെ പ്രസിഡൻറായിരുന്ന അദ്ദേഹത്തിന് 83 വയസ്സായിരുന്നു പ്രായം.

ചിലിയുടെ മുൻ പ്രസിഡൻറ് സെബസ്ത്യാൻ പിഞേര എച്ചെനിക്കിൻറെ അപകട മരണത്തിൽ പാപ്പാ ഖേദം രേഖപ്പെടുത്തി. ആറാം തിയതി ഹെലിക്കോപ്റ്റർ അപകടത്തിലാണ് മുൻ പ്രസിഡൻറ് പിഞ്ഞേര മരണമടഞ്ഞത്. വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രോപരോളിൻ ആണ് ചിലിയുടെ പ്രസിഡൻറ് കരത്തേരെ ഗബ്രിയേൽ ബോറിക്കിനയച്ച അനുശോചന സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പായുടെ ദുഃഖം അറിയിച്ചത്. ചിലിയുടെ രാഷ്ട്രീയ ജിവിതത്തോടു അദ്ദേഹത്തിനുണ്ടായിരുന്ന ആത്മാർത്ഥമായ അഭിനിവേശവും അദ്ദഹത്തിൻറെ ധിക്ഷണാശക്തിയും പാപ്പാ അനുസ്മരിക്കുകയും അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2024, 12:32