തിരയുക

സീറോ മലബാർ മേലദ്ധ്യക്ഷന്മാരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ സീറോ മലബാർ മേലദ്ധ്യക്ഷന്മാരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (ANSA)

അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ: സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പ്

എറണാകുളം-അങ്കമാലി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പായി, ഷംഷാബാദ് രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭാ സിനഡ് തിരഞ്ഞെടുത്തതിനെ ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

എറണാകുളം-അങ്കമാലി മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പായി, ഷംഷാബാദ് രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭാ സിനഡ് തിരഞ്ഞെടുത്തു. പൗരസ്ത്യ കാനോനികനിയമത്തിന്റെ നൂറ്റിയൻപത്തിമൂന്നാം കാനോന പ്രകാരം കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ മാർ തട്ടിലിന്റെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചതോടെ, റോമിലും സീറോമലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. 2024 ജനുവരി 9 ചൊവ്വാഴ്ചയാണ് മാർ തട്ടിലിനെ സീറോമലബാർ സഭാസിനഡ് തിരഞ്ഞെടുത്തത്.

1956 ഏപ്രിൽ 21-ന് തൃശൂരിൽ ജനിച്ച മാർ റാഫേൽ തട്ടിൽ, വടവാതൂർ സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം 1980 ഡിസംബർ 21-ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിൽനിന്ന് പൗരസ്ത്യകാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ നിപുണനാണ് അദ്ദേഹം. മേരി മാതാ സെമിനാരിയുടെ റെക്ടറായി 1998 മുതൽ 2007 വരെ നിസ്തുലസേവനമനുഷ്ഠിച്ചിട്ടുണ്ട്.

2010 ജനുവരി 18-ന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2010 ഏപ്രിൽ 10-ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 ഡിസംബർ 23-ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ, സീറോമലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത്, ഇന്ത്യ മുഴുവനുമുള്ള സീറോമലബാർ സഭാവിശ്വാസികൾക്കായുള്ള അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിച്ചു.

2017 ഒക്ടോബർ 10-ന് ഷംഷാബാദ് എപ്പാർക്കി സ്ഥാപിച്ചതിനൊപ്പം, അതിന്റെ പ്രഥമ മെത്രാനായി പാപ്പാ അദ്ദേഹത്തെ നിയമിച്ചു. 2024 ജനുവരി 9-ന് സീറോമലബാർ സഭയുടെ സിനഡ് അദ്ദേഹത്തെ പുതിയ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്ത ദിവസംതന്നെ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് കാനോനികനിയമപ്രകാരമുള്ള അപ്പസ്തോലികസ്ഥിരീകരണം നൽകുകയായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത

പുതിയ മേജർ ആർച്ചുബിഷപ്പിനെ സീറോ മലബാർ സഭ തിരഞ്ഞെടുത്തുവെങ്കിലും, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി, മെൽബൺ സെന്റ് തോമസ് രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ് മാർ ബോസ്‌കോ പുത്തൂർ തുടരും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2024, 11:57