തിരയുക

ഫ്രാൻസീസ് പാപ്പാ, സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ടയുടെ സ്ഥാനപതികളുമൊത്ത് വത്തിക്കാനിൽ, 27/01/24 ഫ്രാൻസീസ് പാപ്പാ, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ സ്ഥാനപതികളുമൊത്ത് വത്തിക്കാനിൽ, 27/01/24  (ANSA)

വിശ്വാസസംരക്ഷണവും സാധുജന സേവനവും കൈകോർത്തു നീങ്ങുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, സവിശേഷ പദവിയുള്ള സന്ന്യാസസമൂഹമായ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ സ്ഥാനപതികളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന നൂറ്റിയെഴുപതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച (27/01/24) വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റവും ദുർബ്ബലരെ സേവിക്കുകയും അവരോടുള്ള കർത്താവിൻറെ മുൻഗണനാപരമായ സ്നേഹത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന മതാത്മക പ്രവർത്തിയാണെന്ന് മാർപ്പാപ്പാ.

സവിശേഷ പദവിയുള്ള സന്ന്യാസസമൂഹമായ സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ടയുടെ സ്ഥാനപതികളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന നൂറ്റിയെഴുപതോളം പേരടങ്ങിയ സംഘത്തെ  ശനിയാഴ്‌ച (27/01/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ആതുര സേവനത്തിൽ ഈ സമൂഹം ചെലുത്തുന്ന സവിശേഷ ശ്രദ്ധയെപ്പറ്റി പരാമാർശിച്ച പാപ്പാ അവർ രോഗികൾക്ക് പ്രഭുത്വം കല്പിക്കുന്നതായ ശൈലിയെക്കുറിച്ച് അനുസ്മരിക്കുകയും ആതുര ശുശ്രൂഷയിലൂടെ അവർ യേശുവിനെ സേവിക്കുകയാണ് ചെയ്യുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു. ആകയാൽ സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ടയുടെ പ്രവർത്തികൾ മറ്റ് സംഘടനകൾ ചെയ്യുന്നതുപോലെ വെറും ജീവകാരുണ്യ പ്രവർത്തിയല്ലെന്നും പാപ്പാ പറഞ്ഞു. സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ടയ്ക്ക് രണ്ടു തലങ്ങളുണ്ടെന്നും ഒന്നു ഉപവിപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിയമത്തിന് വിധേയമായതാണെന്നും മറ്റൊന്നു സന്ന്യസ്ത സമൂഹം എന്ന നിലയിലാണെന്നും പാപ്പാ അനുസ്മരിച്ചു.

113 രാജ്യങ്ങളിലും വിവിധ അന്താരാഷ്ട്ര സംഘടനകളിലുമായി സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ട നടത്തുന്ന നയതന്ത്രതല പ്രവർത്തനങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ആവശ്യത്തിലിരിക്കുന്നവരോട് ദൈവത്തിനുള്ള സ്നേഹത്തിന് സാക്ഷ്യമേകുകയാണ് ഒരു പ്രവർത്തിയുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും അത് ഒരു സന്ന്യസ്ത സമൂഹത്തിനടുത്ത പ്രവർത്തിതന്നെയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സോവറിൻ  മിലിട്ടറി ഓർഡർ ഓഫ്  മാൾട്ടയുടേത് "മനുഷ്യത്വപരമായ നയതന്ത്രജ്ഞത" ആണെന്നു വിശേഷിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ നയതന്ത്ര പ്രതിനിധി ആ സമൂഹത്തിൻറെ സിദ്ധിയുടെ സംവാഹകനാണെന്നും ഇക്കാരണത്താൽത്തന്നെ ഒരു സഭാ ദൗത്യമെന്ന നിലയിൽ തൻറെ ചുമതലകൾ നിർവ്വഹിക്കാൻ ആ വ്യക്തി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2024, 18:02