തിരയുക

 ലോക പ്രാർത്ഥനാ ശൃംഖലയുടെ പ്രതിനിധി സംഘവുമായി പാപ്പാ ലോക പ്രാർത്ഥനാ ശൃംഖലയുടെ പ്രതിനിധി സംഘവുമായി പാപ്പാ  (VATICAN MEDIA Divisione Foto)

പാപ്പാ : പ്രാർത്ഥനാരഹിത പ്രവർത്തനം വെറും വ്യവഹാരം

ആഗോള പ്രാർത്ഥനാ ശൃംഖലാംഗങ്ങളുമായി ജനുവരി ഇരുപത്താറാം തിയതി കൂടികാഴ്ച്ച നടത്തിയ അവസരത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

പ്രാർത്ഥനയുടെ പ്രേക്ഷിതത്വം എന്നറിയപ്പെടുന്ന പാപ്പായുടെ  ആഗോള പ്രാർത്ഥനാ ശൃംഖലയിലെ അംഗങ്ങളുമായി നടന്ന കൂടികാഴ്ചയിൽ അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞ പാപ്പാ അവരെ അഭിനന്ദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ സഭാപരവും ഈശോ സഭയിൽ നിന്ന് രൂപം കൊണ്ടതുമാണെന്ന് വ്യക്തമാക്കി.

ഒരു വിശ്വാസിയോ, ഡീക്കനോ, വൈദികനോ, സന്യാസിയോ, മെത്രാനോ അവരുടെ അപ്പോസ്തോലിക പ്രവർത്തനം ശരിയായി നടത്തുകയാണെങ്കിൽ പ്രാർത്ഥനയുടെയും മധ്യസ്ഥത്തിന്റെയും ആവശ്യകത ശക്തമായി അനുഭവവേദ്യമാകുമെന്ന് പാപ്പാ പങ്കുവച്ചു.

ഒരു പ്രവർത്തനം അപ്പോസ്തോലികമാണെങ്കിൽകൂടി അത് പ്രാർത്ഥനയില്ലാത്തതാണെങ്കിൽ വെറും വ്യവഹാരം മാത്രമാണെന്ന് പറഞ്ഞ പാപ്പാ നമ്മുടെ പ്രേഷിതത്വത്തിന് അർത്ഥം നൽകുന്നത് പ്രാർത്ഥനയാണെന്ന്  കൂട്ടിച്ചേർത്തു.

ഡീക്കന്മാരെ തിരഞ്ഞെടുത്ത ശേഷം വിശുദ്ധ പത്രോസ് അവരോടു പറഞ്ഞത് അനുസ്മരിച്ചു കൊണ്ട്  മെത്രാന്മാർ പ്രാർത്ഥനയ്ക്കും വചന പ്രഘോഷണത്തിനു വേണ്ടി സ്വയം സമർപ്പിക്കാനുള്ളവരാണെന്നും അതിനാൽ ഒരു മെത്രാന്റെ പ്രഥമ കർത്തവ്യം പ്രാർത്ഥനയാണെന്നും അതുപോലെ തന്നെയാണ് ഒരു ക്രിസ്ത്യാനിയുടേതെന്നും ഓർമ്മപ്പെടുത്തി. അല്ലാത്തപക്ഷം സഭ രാഷ്ട്രീയ പ്രവർത്തനം പോലുള്ള പ്രവർത്തി ചെയ്യുന്ന  തികച്ചും സ്വാഭാവികവും ലൗകീകവുമായ ഒരു സ്ഥാപനമായി മാറാനുള്ള അപകട സാധ്യതയെ കുറിച്ച് പാപ്പാ മുന്നറിയിപ്പ് നൽകി.

സഭയിലെ ഈ പ്രാർത്ഥനയുടെ യോഗാത്മക ദർശനത്തെ സഭയിൽ - സാധാരണ ജനങ്ങൾക്കിടയിലും, സമർപ്പിതരിലും, അഭിഷിക്തരിലും പിന്തുണയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവർക്ക് കൃതജ്ഞത അർപ്പിച്ചു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2024, 17:05