തിരയുക

കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷനുമായി പാപ്പാ കൂടികാഴ്ച നടത്തിയപ്പോൾ പകർത്തിയ ചിത്രം. കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷനുമായി പാപ്പാ കൂടികാഴ്ച നടത്തിയപ്പോൾ പകർത്തിയ ചിത്രം.   (Vatican Media)

പാപ്പാ : എക്യുമെനിക്കൽ യാത്രയിൽ മുന്നേറാൻ ഉപവിയുടെയും, സത്യത്തിന്റെയും, ജീവന്റെയും സംവാദം

കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷനെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിലാണ് എക്യുമെനിക്കൽ യാത്രയിൽ മുന്നേറാനുള്ള മൂന്നു വഴികളാണ് ഉപവിയുടെയും, സത്യത്തിന്റെയും, ജീവന്റെയും സംവാദം എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജനുവരി ഇരുപത്താറാം തിയതി വത്തിക്കാനിൽ കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷന്റെ പ്രതിനിധികൾ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കമ്മീഷന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

അവരെ സ്വാഗതം ചെയ്യുന്നത് തന്റെ സന്തോഷത്തെ ഇരട്ടിപ്പിക്കുന്നു എന്ന് പറഞ്ഞ പാപ്പാ കമ്മീഷന്റെ ഇരുപതാം വാർഷികത്തിൽ, പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള യുവ വൈദികരുടെയും സന്യാസിമാരുടെയും പ്രതിനിധി സംഘം അവരോടൊപ്പമുള്ളതിലുള്ള ആനന്ദവും പ്രകടിപ്പിച്ചു. യുവജനങ്ങളുടെ സാന്നിധ്യം പ്രത്യാശ ഉണർത്തുന്നുവെന്നും പ്രാർത്ഥന നമ്മെ വഴി നടത്തുന്നുവെന്നും പാപ്പാ പങ്കുവച്ചു. അവിടെ സന്നിഹിതയവരെ നോക്കി ഇതുപോലുള്ള സന്ദർശനങ്ങൾ പ്രധാനമാണെന്നു പറഞ്ഞ പാപ്പാ അവരുടെ കമ്മീഷൻ പിന്തുടരുന്ന "സത്യത്തിന്റെ സംവാദവുമായി" "ഉപവിയുടെ സംവാദം " കൈകോർക്കാൻ സന്ദർശനങ്ങൾ സഹായിക്കുന്നുവെന്നും സൂചിപ്പിച്ചു. സഭയുടെ ആദ്യകാലം മുതൽ, അത്തരം സന്ദർശനങ്ങൾ, കത്തുകൾ, പ്രതിനിധികൾ, സമ്മാനങ്ങൾ എന്നിവയുടെ കൈമാറ്റം എന്നിവ കൂട്ടായ്മയുടെ അടയാളവും മാർഗ്ഗവുമായിരുന്നു.

"ഉപവിയുടെ സംവാദം" എന്നത് കേവലം "സത്യത്തിന്റെ സംവാദ"ത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലല്ല, മറിച്ച് നമ്മുടെ സഭകളുടെ യാത്രയിൽ പുതിയ ചക്രവാളങ്ങൾ തുറക്കാൻ കഴിവുള്ള "പ്രവർത്തിയിലുള്ള ദൈവശാസ്ത്രം" എന്ന നിലയിലാണ് മനസ്സിലാക്കേണ്ടതെന്ന് തനിക്ക് ബോധ്യമുണ്ട് എന്ന് പാപ്പാ വ്യക്തമാക്കി. സഭകൾ തമ്മിലുള്ള ബന്ധം ആഴമായിക്കൊണ്ടിരിക്കുന്നതിൽ ദൈവത്തിന് നന്ദി പറഞ്ഞ പാപ്പാ, "സംവാദത്തിന്റെ ദൈവശാസ്ത്ര"ത്തെ ഉപവിയുടെ വെളിച്ചത്തിൽ പുനർവിചിന്തനം ചെയ്യുന്നത്  ആ ബന്ധങ്ങളുടെ വികാസത്തിന് നല്ലതാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഉപവിയുടെ സംവാദം, സത്യത്തിന്റെ സംവാദം, ജീവന്റെ സംവാദം എന്നിവ കഴിഞ്ഞ ഇരുപത് വർഷമായി  കമ്മീഷൻ പ്രോത്സാഹിപ്പിച്ച എക്യുമെനിക്കൽ യാത്രയിൽ മുന്നേറാനുള്ള അവിഭാജ്യമായ മൂന്ന് വഴികളാണെന്നു പാപ്പാ അനുസ്മരിച്ചു. ഇരുപത് വർഷം എന്നത് യുവത്വത്തിന്റെ കാലവും, നിർണ്ണായകമായ തിരഞ്ഞെടുപ്പുകൾ പക്വത പ്രാപിക്കുന്ന പ്രായവുമാണെന്നു പറഞ്ഞ പാപ്പാ ഈ വാർഷികം ഇതുവരെയുള്ള യാത്രയിൽ ദൈവത്തെ സ്തുതിക്കുന്നതിനും ദൈവശാസ്ത്ര വൈദഗ്ധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അതിന് സംഭാവന നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കാനുമുള്ള സമയവുമാകട്ടെ എന്നും ആശംസിച്ചു. നമ്മുടെ സഭകൾക്കിടയിൽ സമ്പൂർണ്ണ കൂട്ടായ്മ സാധ്യമാക്കാൻ കഴിയുമെന്നു മാത്രമല്ല, അത് അടിയന്തിരവും അത്യാവശ്യവുമാണ് എന്ന ബോധ്യവും ഈ വാർഷികം നവീകരിക്കട്ടെ എന്ന് തന്റെ സന്ദേശത്തിൽ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2024, 15:07