തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

യുദ്ധഭീകരത: ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ

ജനുവരി 10 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ ദേശങ്ങളിൽ യുദ്ധക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന ജനതകളെ അനുസ്മരിച്ച് പാപ്പാ. രാഷ്ട്രാധികാരികളിൽ ദൈവം സമാധാനത്തിന്റെ വിത്ത് പാകട്ടെയെന്ന് പ്രാർത്ഥനാശംസ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും, മാസങ്ങളായി തുടരുന്ന ഇസ്രായേൽ പാലസ്തീനെ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളെ മറക്കാതെ ഫ്രാൻസിസ് പാപ്പാ. പതിവുപോലെ വത്തിക്കാനിൽ ഈ ബുധനാഴ്ചയും അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് യുദ്ധഭീകരതയുടെ ഇരകളായ ജനങ്ങളെ പാപ്പാ അനുസ്മരിച്ചത്.

നാളുകളായി യുദ്ധദുരിതത്തിലകപ്പെട്ട് വളരെയധികം അവശതയനുഭവിക്കുന്ന പ്രിയപ്പെട്ട ഉക്രൈൻ ജനതയ്ക്ക് നമ്മുടെ പ്രാർത്ഥനാസാമീപ്യം പുതുക്കി ഉറപ്പുനൽകാമെന്ന് പാപ്പാ പറഞ്ഞു. അതുപോലെതന്നെ, പാലസ്തീനായിലും ഇസ്രായേലിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യുദ്ധത്തിന്റെ ഭീകരതയാൽ സഹനമനുഭവിക്കുന്നവർക്കും പ്രാർത്ഥനകളാൽ നമ്മുടെ സാമീപ്യം ഉറപ്പുനൽകാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

യുദ്ധത്തിന്റെ സഹനത്തിന് കീഴിലായിരിക്കുന്ന ഈ ജനതകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം, ഈ രാഷ്ട്രങ്ങളിലെ അധികാരികളായവരുടെ ഹൃദയങ്ങളിൽ ദൈവം സമാധാനത്തിന്റെ വിത്തുവിതയ്ക്കാൻവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷയിൽ ആളുകൾക്ക് സന്ദേശം നൽകവെയാണ്, കഴിഞ്ഞ ആഴ്ചകളിൽ പാപ്പാ ഉക്രൈൻ, പാലസ്തീന, ഇസ്രേയേൽ ജനതകൾക്കുവേണ്ടിയും, സംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്ന മറ്റു രാജ്യങ്ങൾക്കുവേണ്ടിയും നടത്തിയിരുന്ന പ്രാർത്ഥനാഭ്യർത്ഥന പാപ്പാ ഇത്തവണയും പുതുക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2024, 15:14