തിരയുക

റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമേനിക്കൽ സായാഹ്ന പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകുന്നു. റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമേനിക്കൽ സായാഹ്ന പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകുന്നു.  (Vatican Media)

പാപ്പാ: ഭിന്നത ദൈവത്തിൽ നിന്നല്ല; പിശാചിൽ നിന്നുള്ളതാണ്

കത്തോലിക്കാ തിരുസഭ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുന്നാൾ ആഘോഷിച്ച ജനുവരി ഇരുപത്തഞ്ചാം തിയതി വൈകുന്നേരം റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമേനിക്കൽ സായാഹ്ന പ്രാർത്ഥനയ്ക്ക് ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകി. ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിന്റെ സമാപനം കുറിച്ചു കൊണ്ടു നടന്ന പ്രാർത്ഥനാ മധ്യേ, പ്രാർത്ഥനയിൽ വേരൂന്നിയ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന സായാഹ്ന പ്രാർത്ഥനാ ശുശ്രൂഷയിൽ, നിസ്വാർത്ഥ സേവനത്തിലൂടെ ഭിന്നതകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുകയും യേശുവിന്റെ പ്രബോധനങ്ങളിൽ അടങ്ങിയിരിക്കുന്ന സ്നേഹത്തിന് മാത്രമേ ക്രൈസ്തവരെ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ കഴിയൂ എന്ന് പാപ്പാ ഊന്നിപ്പറയുകയും ചെയ്തു.

ഐക്യത്തിന്റെ പ്രതീകാത്മക സൂചകമായി ഫ്രാൻസിസ് പാപ്പയും, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും കത്തോലിക്കാ, ആംഗ്ലിക്കൻ മെത്രാന്മാരെ ചടങ്ങിലേക്ക് അയച്ചിരുന്നു.  ഇറ്റലിയിലെ മെട്രോപൊളിറ്റൻ പോളികാർപ്പ് പോലുള്ള വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ‘നീ നിന്റെ ദൈവമായ കർത്താവിനെയും... നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം’ (ലൂക്കാ 10:27) എന്നതായിരുന്നു  ഈ വർഷത്തെ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.

"ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യം എടുത്തു കൊണ്ട് വ്യക്തികളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്നതിന്റെ അപകടം ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. അത്തരം ഭിന്നതകൾ ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. യഥാർത്ഥ സ്നേഹവും അനുകമ്പയും മതപരമായ അതിർവരമ്പുകളെ മറികടക്കുന്നുവെന്ന് എടുത്തുകാണിച്ചുകൊണ്ട്  നല്ല സമരിയാക്കാരന്റെ ഉപമയെയും പാപ്പാ വിശദികരിച്ചു. ദരിദ്രരെ സഹായിക്കുന്നതിനേക്കാൾ മതപാരമ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരെ വിമർശിച്ച പാപ്പാ അയൽകാരനോടുള്ള യഥാർത്ഥ സ്നേഹത്തിൽ നിസ്വാർത്ഥ സേവനവും ഉൾപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഒരാളുടെ അയൽക്കാരെ തിരിച്ചറിയുകയല്ല, മറിച്ച് എല്ലാവർക്കും അയൽക്കാരനായി പ്രവർത്തിക്കുക എന്നതാണ് നിർണ്ണായക ചോദ്യമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

മാമ്മോദീസ സ്വീകരിച്ചവർ ക്രിസ്തുവിന്റെ അതേ ശരീരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ പാപ്പാ, സ്വാർത്ഥതയ്ക്കും സ്വയംഭരണത്തിനും സമൂഹങ്ങളും സഭകളും സ്വന്തം നേട്ടങ്ങൾക്കായി പരസ്പരമുള്ള ബന്ധങ്ങളെ കണക്കുകൂട്ടുന്നതിനുമെതിരെ മുന്നറിയിപ്പ് നൽകി. അത്തരം പെരുമാറ്റം സുവിശേഷത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണെന്ന് പ്രസ്താവിച്ച പാപ്പാ  ആത്മീയ പൈതൃകത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും സത്തയെ ഊന്നിപ്പറയുകയും, തങ്ങളുടെ ആത്മീയത സ്വാർത്ഥ താൽപര്യത്തിലാണോ അതോ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യത്തിലാണോ വേരൂന്നിയതെന്ന് പരിശോധിക്കാൻ ക്രൈസ്തവ സഭകളെ ക്ഷണിക്കുകയും ചെയ്തു. നിത്യജീവൻ അവകാശമാക്കുന്നതിനെന്ത് ചെയ്യണമെന്ന നിയമജ്ഞന്റെ ചോദ്യത്തെ അഭിസംബോധന ചെയ്ത പാപ്പാ യേശുവാണ് യഥാർത്ഥ പാരമ്പര്യ സ്വത്ത് എന്ന വിശുദ്ധ പൗലോസിന്റെ ബോധ്യത്തെ അടിവരയിടുകയും ദൈവത്തെ തങ്ങളുടെ നിധിയായി കണക്കാക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്തു.

സാമുദായിക ഉത്തരവാദിത്തബോധം വളർത്തിയെടുക്കുന്നതിലൂടെ, സ്വാർത്ഥ പ്രവർത്തനങ്ങളിൽ നിന്ന് ദൈവഹിതം നിറവേറ്റുന്നതിലേക്ക് മാറാൻ പാപ്പാ പ്രോത്സാഹിപ്പിച്ചു. ലോകത്തിലെ എല്ലാവരും സഹോദരനോ സഹോദരിയോ ആണെന്ന് പ്രസ്താവിച്ചുകൊണ്ട് സാർവ്വത്രിക സാഹോദര്യത്തിന് തന്റെ സന്ദേശത്തിൽ  പാപ്പാ ഊന്നൽ നൽകി.

ക്രൈസ്തവ ഐക്യത്തിനായുള്ള തന്റെ ആഹ്വാനത്തിൽ, വ്യക്തിപരമായ ആശയങ്ങളിൽ നിന്ന് പിന്തിരിയേണ്ടതിന്റെയും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കുന്നതിന്റെയും പ്രാധാന്യം ഫ്രാൻസിസ് പാപ്പാ എടുത്ത് കാണിച്ചു. പ്രാർത്ഥന ഒരു നിർണ്ണായക ഘടകമായി ഊന്നിപ്പറഞ്ഞ പാപ്പാ ദൈവത്തിനും അയൽക്കാരനുമുള്ള സേവനത്തിലെ വളർച്ച പരസ്പര ധാരണ വളർത്തിയെടുക്കുമെന്ന് ഉറപ്പിച്ചുകൊണ്ട്, യാത്രകൾക്കും ഒരുമിച്ച് ശുശ്രൂഷ ചെയ്യുന്നതിനും മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചു.

ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ ഒരു വിശുദ്ധമായ ഉത്തരവാദിത്തമായിരിക്കണം ദൈവ പിതാവുമായുള്ള ഐക്യത്തിനായി പ്രാർത്ഥിച്ച കർത്താവുമായുള്ള കൂട്ടായ്മ എന്ന് പാപ്പാ അടിവരയിട്ടു. ഉപസംഹാരമായി, യുദ്ധങ്ങൾ അവസാനിപ്പിക്കാനായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് യുക്രെയ്നിലും വിശുദ്ധ നാട്ടിലും, ബുർക്കിനാ ഫാസോയിലും. ക്രിസ്തുവിന്റെ നാമത്തിൽ വീണ്ടും എഴുന്നേൽക്കാനും ലോകം വിശ്വസിക്കേണ്ടതിന് മുഷിപ്പിക്കുന്ന പതിവ് ചര്യകൾ വെടിഞ്ഞ് നവീകൃതരായി ഇറങ്ങി പുറപ്പെടാനും ക്രൈസ്തവരെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2024, 14:55