തിരയുക

സാങ്കേതികവളർച്ച സമാധാനത്തിലേക്ക് നയിക്കട്ടെ - ഫ്രാൻസിസ് പാപ്പാ സാങ്കേതികവളർച്ച സമാധാനത്തിലേക്ക് നയിക്കട്ടെ - ഫ്രാൻസിസ് പാപ്പാ 

ലോകസമാധാനദിനം: കലുഷിതമായ ലോകത്തിന് സമാധാനാശംസകളോടെ ഫ്രാൻസിസ് പാപ്പാ

ലോകസമാധാനദിനമായി ആഘോഷിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതിയിലേക്ക് ഫ്രാൻസിസ് പാപ്പാ "കൃത്രിമബുദ്ധിയും സമാധാനവും" എന്ന വിഷയത്തെ ആധാരമാക്കി ആശംസാസന്ദേശം നൽകി. പോൾ ആറാമൻ പാപ്പാ 1967-ൽ സ്ഥാപിച്ച്, 1968 ജനുവരി ഒന്ന് മുതൽ എല്ലാ വർഷവും ആചരിച്ചുവരുന്ന ഈ ലോകസമാധാനദിനം സമാധാനത്തിനും സഹവർത്തിത്വത്തിനുമായുള്ള പ്രാർത്ഥനയുടെ ദിനമാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കൃത്രിമബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികവളർച്ചയും, ലോകസമാധാനം വളർത്തുന്നതിൽ ഇവ സൃഷ്ടിക്കുന്ന അവസരങ്ങളും പ്രതിസന്ധികളും വിശകലനം ചെയ്‌തുകൊണ്ട്‌ 2024 ജനുവരി ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന ലോകസമാധാനദിനത്തിനായി ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

ശാസ്ത്രസാങ്കേതികതയുടെ വളർച്ചയും സമാധാനവും

ശാസ്ത്രസാങ്കേതിക രംഗത്ത് മാനവരാശി നേടിയ മുന്നേറ്റം, സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന് ഫ്രാൻസിസ് പാപ്പാ ലോകസമാധാനദിനം ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതിയിലേക്ക് നൽകിയ തന്റെ സന്ദേശത്തിൽ എഴുതി. സൃഷ്ടാവ് സൃഷ്ടിക്ക് നൽകിയ അന്തസ്സിന്റെ ഭാഗമാണ് ബുദ്ധിശക്തി. സാങ്കേതികവിദ്യയുടെ സഹായത്താൽ, മാനവരാശിക്ക് കൂടുതൽ വാസയോഗ്യമായ ഒരിടമാക്കി മനുഷ്യർ ഭൂമിയെ മാറ്റുമ്പോൾ, അവർ ദൈവഹിതമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയിൽ സന്തോഷിക്കുമ്പോഴും, ഈ വളർച്ച, നമ്മുടെ പൊതുഭവനമായ ഭൂമിക്ക് ഭീഷണിയായി മാറുന്ന ചില സാധ്യതകളും മനുഷ്യരുടെ കൈകളിൽ നൽകുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കൃത്രിമബുദ്ധിയുടെ ഭാവിയും അപകടസാധ്യതകളും

കൃത്രിമബുദ്ധിശക്തി മുന്നോട്ട് വയ്ക്കുന്ന വികസനവാഗ്ദാനങ്ങൾക്കൊപ്പം ചില അപകടസാധ്യതകളും പതിയിരുപ്പുണ്ടെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തുപറഞ്ഞു. ഇന്റർനെറ്റ് പോലെയുള്ള ഇടങ്ങളിലൂടെ നൽകപ്പെടുന്ന ചില സന്ദേശങ്ങൾ ഉപഭോക്താക്കളെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നതിന്റെ ഉദാഹരണം പാപ്പാ പരാമർശിച്ചു. കൃത്രിമബുദ്ധിശക്തിയുടെ ഉപയോഗം, സാധാരണജീവിതം എളുപ്പമുള്ളതാക്കി മാറ്റിയേക്കാം എന്നിരിക്കിലും, അത്തരം സാങ്കേതികതയുടെ ഉപയോഗത്തിൽ അടിസ്ഥാനമാനവിക മൂല്യങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഭാവിസാങ്കേതികവിദ്യകളും സ്വയം പഠിക്കുന്ന യന്ത്രസാമഗ്രികളും

സ്വയം പഠിക്കുന്ന യന്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, അത്തരം യന്ത്രങ്ങൾ വാക്യഘടനാപരമായും അർത്ഥപരമായും കാര്യങ്ങൾ അവതരിപ്പിച്ചേക്കാമെങ്കിലും, അവ എപ്പോഴും വിശ്വാസ്യമാകണമെന്ന് ഉറപ്പില്ലെന്ന് ഓർമ്മിപ്പിച്ചു. രഹസ്യാത്മകമായ വിവരങ്ങൾ പരസ്യമാക്കപ്പെടുന്നത്, ബുദ്ധിപരമായ കാര്യങ്ങളുടെ അവകാശവാദങ്ങൾ ലംഘിക്കപ്പെടാനുള്ള സാദ്ധ്യതകൾ, തെറ്റായ വാർത്തകൾ നല്കപ്പെടാനുളള സാധ്യത, തുടങ്ങിയ മേഖലകളിലും കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. അങ്ങനെ സമാധാനം തടസ്സപ്പെടാനും, സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്.

സാങ്കേതികവിദ്യകളുടെ പരിമിതികൾ

യാഥാർത്ഥ്യം ആശയങ്ങളേക്കാൾ വലുതാണെന്ന് എഴുതിയ പാപ്പാ, സാങ്കേതികവിദ്യകളുടെ പരിധിയെക്കുറിച്ച് ബോധമുള്ളവരായിരിക്കണമെന്ന് ഓർമ്മിപ്പിച്ചു. പൊതുനന്മയ്ക്കായി പ്രവർത്തിക്കുക എന്ന നിബന്ധനയിൽനിന്ന് മാറി, സ്വാർത്ഥനേട്ടത്തിനായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉത്പാദകരെ "ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ" മുന്നോട്ടുവയ്ക്കുന്ന സാങ്കേതികവിദ്യകൾ പ്രേരിപ്പിച്ചേക്കാം. കാര്യക്ഷമത മാത്രം മുന്നിൽ കണ്ടു പ്രവർത്തിക്കുമ്പോൾ, മൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാം.

സാങ്കേതികവളർച്ചയും ധാർമ്മികപ്രശ്‌നങ്ങളും

ആധുനികസാങ്കേതികവിദ്യകൾക്ക് സമൂഹത്തിലെ ധാർമ്മികതയിൽ അടിസ്ഥാനമിട്ട കാര്യങ്ങളിൽ തെറ്റുപറ്റിയേക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവ വ്യക്തിപരമായ ചില ഇടങ്ങളിൽ മാത്രമല്ല, സമൂഹത്തിൽ പൊതുവായ അസമത്വങ്ങൾക്ക് വരെ കാരണമായേക്കാമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. കടമെടുക്കാനോ, ജോലി ലഭിക്കാനോ ഉള്ള ഒരാളുടെ യോഗ്യത, രാഷ്ട്രീയഅഭയാർഥിത്വം, കുറ്റം വിധിക്കപ്പെട്ട ഒരു തടവുകാരൻ വീണ്ടും തെറ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ, തുടങ്ങിയ ഇടങ്ങളിൽ കൃത്രിമബുദ്ധിയുടെ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന തെറ്റായ കണക്കുകൂട്ടലുകളും തീരുമാനങ്ങളും പോലെയുള്ള കാര്യങ്ങൾ ഉദാഹരണമായി പാപ്പാ എടുത്തുകാട്ടി. വ്യക്തിപരമായ തീരുമാനങ്ങളിൽ തെറ്റായ സ്വാധീനം ചെലുത്താനും കൃത്രിമബുദ്ധിശക്തിക്ക് സാധിച്ചേക്കും.

വാളിൽനിന്ന് കലപ്പയിലേക്ക്

യുദ്ധയിടങ്ങളിൽ കൃത്രിമബുദ്ധിശക്തിയുടെയും ധാർമികതയുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് എഴുതിയ പാപ്പാ, വിദൂരനിയന്ത്രിതമായ ആയുധോപയോഗം പലപ്പോഴും, കൃത്യതയില്ലാത്ത നാശനഷ്ടങ്ങളിലേക്കും, ഉത്തരവാദിത്വക്കുറവിലേക്കും നയിച്ചേക്കാമെന്ന് ഓർമ്മിപ്പിച്ചു. യുദ്ധം ഉളവാക്കുന്ന ദുരന്തത്തോട് നിർവ്വികാരതയോടെ പ്രതികരിക്കാൻ ഇത്തരം സമീപനങ്ങൾ കാരണമാകുന്നുണ്ട്. ധാർമ്മികമായ നിരവധി ചോദ്യങ്ങളാണ് യുദ്ധരംഗത്തുള്ള കൃത്രിമബുദ്ധിയുടെ ഉപയോഗം ഉയർത്തുന്നത്. തെറ്റായ കരങ്ങളിൽ സങ്കീർണ്ണവും തീവ്രവുമായ ആയുധങ്ങൾ എത്തിച്ചേരുന്നതുപോലെയുള്ള സാഹചര്യങ്ങൾ അവഗണിക്കാനാകില്ല. എന്നാൽ സമഗ്രമാനവിക വികസനത്തിനായി കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നത്, കൃഷിയിടങ്ങളിലും, പരിശീലന, സാംസ്‌കാരിക മേഖലകളിലും പുരോഗതിയുണ്ടാകാൻ സഹായിച്ചേക്കുമെന്നും പാപ്പാ പറഞ്ഞു. വിവിധതരം ആളുകൾക്കിടയിൽ സാഹോദര്യവും ഐക്യദാർഢ്യവും വളർത്തുന്നതിന് സാധിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾ

വിദ്യാഭ്യാസ, സാംസ്കാരികമേഖലയിലും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഗണ്യമായ പങ്കുവഹിക്കാനുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സാങ്കേതികത, വിവിധ സാദ്ധ്യതകൾ തുറക്കുമ്പോഴും, എത്തരത്തിലുള്ള ബന്ധങ്ങളിലേക്കാണ് അവ നമ്മെ നയിക്കുന്നത് എന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികതയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളുടെ ശരിയായ ഉപയോഗം വിവേചിച്ചറിയാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ട്. സംസ്കാരങ്ങളുമായും, മറ്റുള്ളവരുമായും ഉള്ള ബന്ധങ്ങൾക്കിടയിൽ മതിലുകൾ തീർക്കുന്നവയാകരുത് സാങ്കേതികതയിലുള്ള വികസനം.

സാങ്കേതികവളർച്ചയും അന്താരാഷ്ട്രനിയമനിർമ്മാണവും

ആഗോളനിയമവ്യവസ്ഥിതിക്ക് മുന്നിൽ വെല്ലുവിളികൾ ഉയരാനുള്ള സാധ്യതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ എഴുതി.  കൃത്രിമബുദ്ധിശക്തിയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ, ആഗോളതലത്തിൽ ഉടമ്പടികൾ കൊണ്ടുവരാൻ രാജ്യസമൂഹങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തെറ്റായ ഉപയോഗങ്ങൾ തടയാൻ മാത്രമല്ല, സാങ്കേതികതയുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, വ്യക്തിഗത സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിനും വേണ്ടിയാകണം ഇത്തരം ഉടമ്പടികൾ. എല്ലായിടങ്ങളിലും അടിസ്ഥാന മാനവികമൂല്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൃത്രിമബുദ്ധിശക്തിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, പാവപ്പെട്ടവരുടെയും, അവഗണിക്കപ്പെട്ടവരുടേതുമുൾപ്പെടെ എല്ലാ മേഖലകളിലുമുള്ള ആളുകളുടെ സ്വരം ശ്രവിക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഉപസംഹാരം

കൃത്രിമബുദ്ധിശക്തിയുടെ വികസനം ഉപയോഗിച്ച്, മാനവികസഹോദര്യവും സമാധാനവും വളർത്തുന്നതിന് സഹായിക്കാൻ തന്റെ ചിന്തകൾ പ്രോത്സാഹനമേകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് മുഴുവൻ മാനവികകുടുംബത്തിന്റെയും ഉത്തരവാദിത്വമാണ്. അനന്യമായ അന്തസ്സോടെ മറ്റുള്ളവരെ സ്വീകരിക്കുകയും, അംഗീകരിക്കുകയും, എല്ലാ മനുഷ്യരുടെയും സമഗ്രമായ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന സാമൂഹികബന്ധങ്ങളുടെ ഫലമാണ് സമാധാനമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കൃത്രിമബുദ്ധിശക്തിയുടെ വേഗത്തിലുള്ള വളർച്ച, സാമൂഹികമായ അസമത്വങ്ങളും അനീതിയും വളരാൻ കാരണമാകാതിരിക്കട്ടെയെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പാപ്പാ എഴുതി. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും, മനുഷ്യരുടെ വിവിധങ്ങളായ സഹനങ്ങൾക്ക് ആശ്വാസമേകാനും അവയ്ക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഐക്യദാർഢ്യതയും, നീതിയും സമാധാനവും നിറഞ്ഞ ഒരു ലോകം വരും തലമുറകൾക്ക് നൽകാനായി, ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ നന്മയുള്ള മനുഷ്യർക്ക് ഡിജിറ്റൽ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2023, 16:36