തിരയുക

ഇറ്റാലിയൻ റിപ്പബ്ലിക്കിലെ പോലീസ് മേധാവികളുമായി പാപ്പാ. ഇറ്റാലിയൻ റിപ്പബ്ലിക്കിലെ പോലീസ് മേധാവികളുമായി പാപ്പാ.  (Vatican Media)

ഇറ്റാലിയൻ റിപ്പബ്ലിക്കിലെ പോലീസ് മേധാവികളുമായി പാപ്പാ കൂടികാഴ്ച നടത്തി

ഡിസംബർ 11ന് ഫ്രാ൯സിസ് പാപ്പാ വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഡിസംബർ 11ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ പോലീസ് മേധാവികളെ അഭിസംബോധന ചെയ്ത് നൽകിയ സന്ദേശത്തിൽ, ഭരണകൂടവും  പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള ഇടനിലക്കാരെന്ന നിലയിലുള്ള അവരുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നിയമസാധുതയും മാനവികതയും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു.  അവരുടെ സേവനത്തെ അഭിനന്ദിക്കുകയും നിയമപരിപാലനം, പാരിസ്ഥിതിക വെല്ലുവിളികൾ, കുടിയേറ്റത്തിൻ്റെ ഒഴുക്ക് കൈകാര്യം ചെയ്യൽ എന്നീ മൂന്ന് നിർണായക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

നിയമപാലനവും മനുഷ്യത്വപരമായ പെരുമാറ്റവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ആവശ്യമാക്കുന്ന, അവരുടെ പ്രവർത്തനത്തിന്റെ സൂക്ഷ്മമായ സ്വഭാവത്തെ അംഗീകരിച്ച പാപ്പാ തെറ്റു ചെയ്യുന്നവരോടുള്ള അനുകമ്പയും നിയമത്തോടുള്ള ബഹുമാനവും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കുറ്റവാളികളെ നീതിപൂർവം പരിഗണിക്കുന്നതോടൊപ്പം ഇരകളെ സംരക്ഷിക്കാനുള്ള കടമയും പാപ്പാ ചൂണ്ടികാണിച്ചു. നിയമപാലകരുടെ സുരക്ഷിതത്വത്തോടുള്ള പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദി രേഖപ്പെടുത്തി.

വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊതു-സ്വകാര്യ മേഖലകളെ ഏകോപിപ്പിക്കുന്നതിലുള്ള അവരുടെ പങ്ക് ചൂണ്ടിക്കാട്ടിയ പാപ്പാ പാരിസ്ഥിതിക വെല്ലുവിളികളിൽ ഇടപെടേണ്ട ചുമതല അവർക്കില്ലെങ്കിലും എമിലിയ റൊമാഞ്ഞ, ടസ്കാനി, സിസിലി എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ അവർ നടത്തിയ സേവനങ്ങളെ വിലമതിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് പൊതുഭവനത്തെ സംരക്ഷിക്കാൻ ഒരുമിച്ചുള്ള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ദീർഘവീക്ഷണത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. "നമ്മുടെ പൊതുഭവനത്തെ ദീർഘവീക്ഷണത്തോടെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഒന്നിപ്പിക്കേണ്ടത് വർത്തമാനകാലത്തും ഭാവിയിലും പ്രധാനപ്പെട്ടതും അടിയന്തിരവുമാണ്," പാപ്പാ അഭിപ്രായപ്പെട്ടു.

അവസാനമായി, ഇറ്റലിയിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രശ്നത്തെ അഭിസംബോധന പാപ്പാ പലപ്പോഴും ആഘാതകരമായ അനുഭവങ്ങളുമായി വരുന്ന ദുർബലരായ വ്യക്തികളെ പരിപാലിക്കുന്നതിൽ അവരെ പ്രശംസിച്ചു. സംഘടിതവും സംയോജിതവുമായ സ്വീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പാപ്പാ, അവർ മുഖങ്ങളാണ്, നമ്പറുകളല്ലെന്നും, ക്രിമിനൽ സംഘങ്ങളുടെ ചൂഷണങ്ങളിൽ നിന്ന് കുടിയേറ്റക്കാരെ സംരക്ഷിക്കാൻ അവർക്കുള്ള ഉത്തരവാദിത്തവും എടുത്തുപറഞ്ഞു.  കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും സമന്വയിപ്പിക്കുകയും വേണം, പാപ്പാ പറഞ്ഞു.

തന്റെ സന്ദേശം ഉപസംഹരിച്ചു കൊണ്ട് ഇറ്റലിയിലെ വൈവിധ്യമാർന്ന പ്രദേശങ്ങളിൽ സമാധാനപരമായ സഹവർത്തിത്വം വളർത്തിക്കൊണ്ട് പൊതുനന്മയോടുള്ള ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പോലീസ് മേധാവികളുടെ ദൈനംദിന പ്രതിബദ്ധതയ്ക്ക് പാപ്പാ നന്ദി പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക്  പാപ്പാ ആശംസകൾ നേരുകയും അവർക്കും, അവർ സേവിക്കുന്ന ജനങ്ങൾക്കും അവർ മേൽനോട്ടം വഹിക്കുന്ന പ്രദേശങ്ങൾക്കും ആശീർവ്വാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2023, 20:16