തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാപ്രവർത്തന സംഘടനയിലെ,  (Azione Cattolica)  കുട്ടികളെ വെള്ളിയാഴ്ച (15/12/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാപ്രവർത്തന സംഘടനയിലെ, (Azione Cattolica) കുട്ടികളെ വെള്ളിയാഴ്ച (15/12/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ   (Vatican Media)

ദൈവത്തെയും സഹോദരങ്ങളെയും ഒപ്പം സൃഷ്ടിയെയും സ്നേഹിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാപ്രവർത്തന സംഘടനയിലെ, അഥവാ, “അത്സിയോനെ കത്തോലിക്ക”യിലെ (Azione Cattolica) എഴുപതോളം കുട്ടികളെ വെള്ളിയാഴ്ച (15/12/23) വത്തിക്കാനിൽ സ്വീകരിച്ചു. യുദ്ധം ജീവനപഹരിച്ച കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓർമ്മ നമ്മെ ലോകത്തിന് വെളിച്ചമാകാനും ആളുകളുടെ, വിശിഷ്യ അക്രമച്ചുഴി ഇല്ലാതാക്കാൻ പ്രാപ്തരായവരുടെ, ഹൃദയങ്ങളെ സ്പർശിക്കാനും ക്ഷണിക്കുന്നുവെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തിരുപ്പിറവിത്തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നു മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാപ്രവർത്തന സംഘടനയിലെ, അഥവാ, “അത്സിയോനെ കത്തോലിക്ക”യിലെ (Azione Cattolica) എഴുപതോളം കുട്ടികളെ വെള്ളിയാഴ്ച (15/12/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ അവരോട് താൻ മുൻകൂട്ടി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ച്, മനോധർമ്മാനുസൃതം സംസാരിക്കുകയായിരുന്നു ഫ്രാൻസീസ്പാപ്പാ.

തിരുപ്പിറവിയിൽ ദൈവം തൻറെ സ്നേഹം നമ്മോട് കാണിക്കുകയും സ്നേഹിക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. മരണമടഞ്ഞ തങ്ങളുടെ സമപ്രായക്കാരെ ഓർമ്മിക്കുന്നതിന് കുട്ടികൾ നക്ഷത്രങ്ങളേന്തിയിരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഗാസയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം 3000-ത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനെടുത്തതും ഉക്രൈയിനിൽ 500-ലേറെ കുട്ടികൾ മരണമടഞ്ഞതും യെമെനിലും മറ്റുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞതും അനുസ്മരിച്ചു. അവരെക്കുറിച്ചുള്ള ഓർമ്മ നമ്മെ ലോകത്തിന് വെളിച്ചമാകാനും ആളുകളുടെ, വിശിഷ്യ അക്രമച്ചുഴി ഇല്ലാതാക്കാൻ പ്രാപ്തരായവരുടെ, ഹൃദയങ്ങളെ സ്പർശിക്കാനും ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.   

ദൈവത്തെ സ്നേഹിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുകവഴി മാത്രമേ ലോകത്തിന് ആവശ്യമായ വെളിച്ചവും സമാധാനവും ലഭിക്കുകയുള്ളുവെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുക എന്നതിനോടുകൂടി സൃഷ്ടിയെ സ്നേഹിക്കുക എന്നതും പാപ്പാ കൂട്ടിച്ചേർത്തു. ഈ വർഷം കത്തോലിക്കാ പ്രവർത്തന സംഘടന അതിൻറെ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്: "ഇതാണ് നിൻറെ ഭാവനം!" എന്നതാണെന്ന് അനുസ്മരിച്ച പാപ്പാ,  പ്രകൃതിയിലും മനുഷ്യരിലും നമ്മെ വലയംചെയ്തിരിക്കുന്ന സൗന്ദര്യം തിരിച്ചറിയാനും അതിനെ ആദരിക്കാനും അങ്ങനെ പങ്കിടലിലും സാഹോദര്യത്തിലും വളരാൻ ദൈവം നമ്മെ വിളിക്കുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നുവെന്നു പറഞ്ഞു. ഈ പാതയിൽ പ്രതിബദ്ധതയോടെ മുന്നേറാൻ പ്രചോദനം പകർന്ന പാപ്പാ അതിൽ പ്രത്യാശയുടെ സന്ദേശവും അടങ്ങിയിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2023, 12:10