തിരയുക

പാപ്പാ: ദുബായിൽ ഫെയ്ത്ത് പവലിയന്റെ ചരിത്രപരമായ ഉദ്ഘാടനം ആഗോള കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ഐക്യത്തിന്റെ സൂചനയാണ്

ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

COP ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ ഫെയ്ത്ത് പവലിയന് ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് ഒരു സിഒപിയുടെ ചട്ടക്കൂടിനുള്ളിൽ ഒരു മത പവലിയൻ സ്ഥാപിക്കുന്നത് എന്നത് വിവിധ മതനേതാക്കളെ ആകർഷിച്ചു.

ഈ ഉച്ചകോടിയിൽ പാപ്പായ്ക്ക് നേരിട്ട് പങ്കെടുക്കുവാ൯ സാധിക്കാത്തതിനാൽ വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനാണ് പാപ്പായുടെ സന്ദേശം വായിച്ചത്. തന്റെ സന്ദേശത്തിൽ ഫ്രാ൯സിസ് പാപ്പാ സംഘാടകർക്കും പങ്കെടുത്തവർക്കും നന്ദി അറിയിച്ചു. ഈ കൂട്ടായ പരിശ്രമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പാപ്പാ ആദ്യമായി ഒരു സിഒപിയുടെ ഭാഗമായി ഒരു മത പവലിയൻ സ്ഥാപിച്ചതിനും നന്ദി പറയുകും അത് ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

വ്യക്തിഗത വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ സഹകരിച്ച് മാതൃക കാട്ടാ൯ ഫ്രാ൯സിസ് പാപ്പാ മതസമൂഹങ്ങളോടു അഭ്യർത്ഥിച്ചു. ഏതെങ്കിലും പ്രത്യേക സമൂഹത്തിനെതിരെ തിരിയുന്നതിനുപകരം ആഗോള ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന സഖ്യങ്ങളുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. "മതങ്ങൾ, സമന്വയത്തിന്റെ കെണിയിൽ വീഴാതെ, ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ഒരു നല്ല മാതൃക സ്ഥാപിക്കേണ്ടത് പ്രധാനമാണ്: സ്വന്തം താൽപ്പര്യങ്ങൾക്കോ ഒരു പാർട്ടിയുടെ താൽപ്പര്യങ്ങൾക്കോ വേണ്ടിയല്ല, മറിച്ച് നമ്മുടെ ലോകത്തിന്റെ താൽപ്പര്യങ്ങൾക്കായി സ്ഥാപിക്കണം" പാപ്പാ പങ്കുവച്ചു.

സമാധാനവും കാലാവസ്ഥാ വ്യതിയാനവും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രണ്ട് നിർണ്ണായക പ്രശ്നങ്ങളാണെന്ന് പാപ്പാ അടിവരയിട്ടു. സുസ്ഥിരമായ ഭാവിക്കായി വാദിക്കുന്നതിൽ മതപ്രതിനിധികൾ ഒന്നിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. "മതപ്രതിനിധികൾ എന്ന നിലയിൽ, മാറ്റം സാധ്യമാണെന്ന് കാണിക്കാനും മാന്യവും സുസ്ഥിരവുമായ ജീവിതശൈലിക്ക് സാക്ഷ്യം വഹിക്കാനും നമുക്ക് ഒരു മാതൃക നൽകണം," എന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

നടപടിക്കുള്ള ശക്തമായ ആഹ്വാനത്തിൽ, നമ്മുടെ പൊതു ഭവനത്തിന്റെ സംരക്ഷണത്തിന് മുൻഗണന നൽകാൻ പാപ്പാ രാഷ്ട്രങ്ങളുടെ നേതാക്കളോടു അഭ്യർത്ഥിച്ചു. "ഉറച്ച ശബ്ദത്തോടെ, നമ്മുടെ പൊതു ഭവനം സംരക്ഷിക്കണമെന്ന് നമുക്ക് രാഷ്ട്രങ്ങളുടെ നേതാക്കളോടു അഭ്യർത്ഥിക്കാം. പാപ്പാ വ്യക്തമാക്കി. പ്രത്യേകിച്ച് അത്യുന്നതന്റെ സിംഹാസനത്തിലെത്തുന്ന യുവതലമുറയുടേയും ദരിദ്രരുടെയും പ്രാർത്ഥന നമ്മോടു ഇത് ആവശ്യപ്പെടുന്നുവെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. അവരുടെയും സകലരുടേയും ഭാവിക്കും വേണ്ടി, നമുക്ക് സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തേയും സംരക്ഷിക്കാം; നമുക്ക് സമാധാനത്തോടെ ജീവിക്കാനും സമാധാനം വളർത്താനും അനുവദിക്കാം.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മതസമൂഹങ്ങളുടെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ തെളിവാണ് ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനം. ഈ പരിപാടിയിൽ സാക്ഷ്യം വഹിച്ച സഹകരണം കൂടുതൽ സുസ്ഥിരവും യോജിപ്പുള്ളതുമായ ഒരു ലോകം സൃഷ്ടിക്കാ൯ ലക്ഷ്യമിട്ടുള്ള കൂടുതൽ സംയുക്ത സംരംഭങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2023, 13:40