തിരയുക

കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ. 

ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ മെത്രാനായി പാപ്പാ നിയമിച്ചു

പരിശുദ്ധ പിതാവ് നവംബർ മുപ്പതാം തിയതി ഇന്ത്യയിലെ കോട്ടപ്പുറം രൂപതയുടെ മെത്രാനായി റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ നാമനിർദ്ദേശം ചെയ്തു. അദ്ദേഹം വി. അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും മകനായി 1967 ആഗസ്റ്റ് 21ന് ഡോ. അംബ്രോസ് ജനിച്ചു. ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂൺ 11ന് വൈദീകപട്ടം സ്വീകരിച്ചു. ബാംഗളൂരിലെ സെന്റ്. പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് തത്ത്വശാസ്ത്രം പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഓസ്ട്രിയയിൽ ഇൻസ്ബ്രൂക്കിലെ കനിസിയാനുമിൽ  ദൈവശാസ്ത്ര പഠനം നടത്തി. അതിനു ശേഷം ഇൻസ്ബ്രൂക്കിലെ തന്നെ ലെയോപോൾഡ് - ഫ്രൻസെൻസ് - യൂണിവേഴ്സിറ്റിയിൽ നിന്ന് അജപാലന ദൈവശാസ്ത്രത്തിൽ ബിരുദം നേടിയശേഷം റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് മിസിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

രൂപതയിലെ മെത്രാന്റെ സെക്രട്ടറി (1995-96), വി. വിൻസെന്റ് ഫെററിലെ പകരക്കാരൻ (1996), വി. ഡോൺ ബോസ്ക്കോ ഇടവക സഹവികാരി (1996-1998), മൈനർ സെമിനാരി വൈസ് റെക്ടർ ( 1998-2001), മഞ്ഞു മാതാവിന്റെ പള്ളി സഹവികാരി (2007-2008), ആലുവായിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ അധ്യാരക൯(2008-2014), വൈസ് റെക്ടർ ( 2014-2017), സെന്റ് ആന്റ്ണീസ് മൈനർ സെമിനാരി റെക്ടർ (2017-2019) സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി (2019-2022), വി. അന്തോണിസിന്റെ തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ തുടങ്ങിയ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവ്വഹിച്ചു വരികയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2023, 14:02