തിരയുക

ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാളിൽ പരിശുദ്ധ അമ്മയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ പാപ്പാ ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാളിൽ പരിശുദ്ധ അമ്മയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ പാപ്പാ  (VATICAN MEDIA Divisione Foto)

ദൈവം നൽകുന്ന പുണ്യങ്ങൾ സ്വീകരിച്ച് ജീവിതം സുഗന്ധപൂരിതമാക്കുക: ഫ്രാൻസിസ് പാപ്പാ

ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ, പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ്, ദൈവം ജീവിതത്തിൽ ചൊരിയുന്ന പുണ്യങ്ങൾ സ്വീകരിച്ച് മുന്നേറാൻ ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ അമ്മയുടെ ചിത്രം പതിഞ്ഞ  "തിൽമ" എന്ന വസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 12-ന് വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള ബസലിക്കയിൽ നടന്ന വിശുദ്ധ ബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ പ്രഭാഷണം നടത്തിയത്. ആദ്യശിഷ്യയുടെയും, വിശ്വാസികളുടെ അമ്മയായ മറിയത്തിന്റെയും, സഭയുടെയും ചിത്രമാണ് "തിൽമ" എന്ന വസ്ത്രത്തിൽ തെളിഞ്ഞുകാണാനാകുന്നത് എന്നും, ലോകത്തിന് മുൻപിൽ നാം ഏറെ മൂല്യമില്ലാത്തവരയേക്കാമെങ്കിലും ദൈവത്തിന് മുൻപിൽ നമുക്ക് ഏറെ വിലയുണ്ട് എന്നാണ് ഇവിടെ വ്യക്തമാകുന്നത് എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

പരിശുദ്ധ കന്യക ഹുവാണ് ദിയേഗോയോട് ചോദിക്കുന്നത് പൂക്കൾ ശേഖരിക്കുവാനാണ്. ആധ്യാത്മികതലത്തിൽ പൂക്കൾ, ദൈവം ഹൃദയത്തിൽ പകരുന്ന പുണ്യങ്ങളുടെ പ്രതീകമാണ്; അവ നമ്മുടെ പ്രവൃത്തിയുടെ ഫലമല്ല. എന്നാൽ ഇവിടെ പൂക്കൾ ശേഖരിക്കുന്നതിലൂടെ, നാം ആ പുണ്യങ്ങൾ ശേഖരിച്ച്, നമ്മുടെ ലോലമായ യാഥാർഥ്യങ്ങളെ, നന്മപ്രവർത്തനങ്ങൾ കൊണ്ടും, വെറുപ്പും ഭയവും ഇല്ലാതാക്കിക്കൊണ്ടും സുഗന്ധപൂരിതമാക്കുക എന്നതാണ്  ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

ഗ്വാദലൂപ്പെ മാതാവ് നൽകുന്ന സന്ദേശം, "നിന്റെ അമ്മയായ ഞാൻ നിന്നോടൊപ്പമില്ലേ" എന്നാതാണെന്ന് പാപ്പാ അനുസ്മരിച്ചു. പരിശുദ്ധ അമ്മ ഒപ്പമുണ്ടായിരിക്കുക എന്നത്, വിലയില്ലാത്ത ആ വസ്ത്രത്തിൽ അവളുടെ ചിത്രം സ്ഥിരമായി പതിഞ്ഞതുപോലെ, ആ "തിൽമ" പുനഃസൃഷ്ടിക്കാൻ കഴിവില്ലാത്ത ഈ ലോകത്ത് നമ്മോടൊപ്പമായിരിക്കുക എന്നതാന്നെന്ന് പാപ്പാ വിശദീകരിച്ചു.

"തിൽമ" എന്ന വസ്ത്രം മുൻപോട്ട് വയ്ക്കുന്ന ചിത്രം, പരിശുദ്ധ കന്യകാമറിയം നമ്മുടെ അമ്മയാണെന്നും, നമ്മോടൊപ്പമുണ്ടെന്നും ഉള്ള സന്ദേശമാണ്. ഗ്വാദലൂപ്പെ മാതാവിന്റെ ചിത്രം തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ ആശയങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കേണ്ടത് ഈ സന്ദേശമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഗ്വാദലൂപ്പെ മാതാവ് ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ട് വയ്ക്കുക, മറിച്ച് "തിൽമ" എന്ന വസ്ത്രവും റോസാപ്പൂക്കളുമാണെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2023, 17:23