തിരയുക

ദുബായിയിൽ നടക്കുന്ന കോപ്28 (COP28) സമ്മേളനത്തിൽ  ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വായിക്കുന്നു, 02/12/23 ദുബായിയിൽ നടക്കുന്ന കോപ്28 (COP28) സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വായിക്കുന്നു, 02/12/23  (AFP or licensors)

കാലാവസ്ഥമാറ്റം, ഒരു രാഷ്ട്രീയമാറ്റത്തിൻറെ ആവശ്യകതയുടെ സൂചന, പാപ്പാ!

കാലാവസ്ഥവ്യതിയാനത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ദുബായിയിൽ നടക്കുന്ന കോപ്28 (COP28) സമ്മേളനത്തിൽ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ സന്ദേശം ശനിയാഴ്ച വായിച്ചു. ഈ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ദുബായ് യാത്ര പാപ്പാ ആരോഗ്യപരമായ കാരണങ്ങളാൽ റദ്ദാക്കുകയായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവർക്കും യുവതയ്ക്കും കുഞ്ഞുങ്ങൾക്കും ഭാവി നിഷേധിക്കപ്പെടില്ലയെന്ന് ഉറപ്പുവരുത്തുകയെന്ന ഗൗരവതരമായ ഉത്തരവാദിത്വം നമുക്കുണ്ടെന്ന് മാർപ്പാപ്പാ.

കാലാവസ്ഥവ്യതിയാനത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ദുബായിയിൽ നടക്കുന്ന കോപ്28 (COP28) സമ്മേളനത്തിൽ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ശനിയാഴ്ച (02/12/23)  രാവിലെ വായിച്ച ഫ്രാൻസീസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരിക്കുന്ന പാപ്പാ, കോപ്28 സമ്മേളത്തിൽ പങ്കെടുക്കാനുള്ള ദുബായ് യാത്ര, ഭിഷഗ്വര സംഘത്തിൻറെ നിർദ്ദേശപ്രകാരം റദ്ദാക്കിയതിനാലാണ് കർദ്ദിനാൾ പരോളിൻ അവിടെയെത്തി പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ പ്രഭാഷണം വായിച്ചത്.

ജീവനും ഭാവിയും തിരഞ്ഞെടുക്കാൻ സകലരോടും ഹൃദയംഗമായി അഭ്യർത്ഥിക്കുന്ന പാപ്പാ ഭൂമിയുടെ രോദനം ശ്രവിക്കുന്നതിൽ ശ്രദ്ധയുള്ളവരാകാനും നിസ്വരുടെ യാചന കേൾക്കാനും യുവതയുടെ പ്രതീക്ഷകളോടും കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളോടും പ്രതികരിക്കുന്നവരാകാനും എല്ലാവരെയും ക്ഷണിക്കുന്നു.

നമ്മുടെ ഗ്രഹത്തിൻറെ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന കാലാവസ്ഥമാറ്റത്തെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ മനുഷ്യൻറെ പ്രവർത്തികളുടെ ഫലമായി അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങൾ വർദ്ധിച്ചതു മൂലമുള്ള ആഗോള താപനമാണ്  ഈ വ്യതിയാനത്തിനു കാരണമെന്ന് വ്യക്തമാക്കുന്നു. ആവാസവ്യവസ്ഥയ്ക്ക് ഉചിതമായ പ്രവർത്തനങ്ങളല്ല നടക്കുന്നതെന്ന് സമീപ ദശകങ്ങളിൽ നിന്നു വ്യക്തമാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.  ഉൽപ്പാദിപ്പിക്കാനും കൈവശം വയ്ക്കാനുമുള്ള പ്രേരണ ഒരു ബാധയായി മാറിയിരിക്കയാണെന്നും അത് പരിസ്ഥിതിയെ കടിഞ്ഞാണില്ലാതെ ചൂഷണം ചെയ്യുന്നതിനുള്ള ഒരു വസ്തുവാക്കി മാറ്റുന്ന അതിരുകടന്ന അത്യാഗ്രഹത്തിൽ കലാശിക്കുന്നുവെന്നും പാപ്പാ പറയുന്നു.

ഭ്രാന്തമായ ഒരവസ്ഥയിലായിരിക്കുന്ന കാലാവസ്ഥ സർവ്വപ്രബലതയുടെതായ ഈ വ്യാമോഹത്തിന് അറുതിവരുത്താൻ നമ്മോടു നിലവിളിക്കുകയാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ, ആകയാൽ, നാം നമ്മുടെ പരിമിതികൾ വിനയത്തോടും ധൈര്യത്തോടും കൂടി ഒരിക്കൽക്കൂടി തിരിച്ചറിയണമെന്നും അതു മാത്രമാണ് ആധികാരിക ജീവിത സാക്ഷാത്ക്കാരത്തിനുള്ള ഏക സരണിയെന്നും ഉദ്ബോധിപ്പിക്കുന്നു. 

പ്രശ്നങ്ങളെ ദരിദരുടെയും ഉയർന്ന ജനനിരക്കിൻറെയും തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന പാപ്പാ അത് തള്ളിക്കളയേണ്ട നുണകളാണെന്നും വാസ്തവത്തിൽ ഇന്നു സംഭവിക്കുന്നവയ്ക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നത് പാവപ്പെട്ടവരാണെന്നും വ്യക്തമാക്കുന്നു.

ഉക്രൈയിൻയുദ്ധം, ഇസ്രായേൽ പലസ്തീൻ യുദ്ധം തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള സംഘർഷത്തെക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ ഈ പോരാട്ടങ്ങൾക്കായി നരകുലം എത്രമാത്രം ഊർജ്ജമാണ് പാഴാക്കിക്കളുയന്നതെന്ന വസ്തുതയെക്കുറിച്ചു ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. സംഘർഷങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കില്ല മറിച്ച് അവ വർദ്ധമാനമാക്കുകയെയുള്ളുവെന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുകയും ചെയ്യുന്നു.

ജനങ്ങളുടെ, യുവജനത്തിൻറെ, കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കുകയും പൊതുവായൊരു ലക്ഷ്യത്തിനായി എല്ലാവരും കൈകോർക്കുന്ന നൂതനമായൊരു പങ്കാളിത്തശൈലിക്ക് അടിത്തറയിടുകയും ചെയ്യുകയെന്നത് ഈ തലമുറയെ ആശ്രയിച്ചിരിക്കുന്നുവെന്നും പാപ്പാ പറയുന്നു. കാലാവസ്ഥമാറ്റം സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രീയമാറ്റം ആവശ്യമായിരിക്കുന്നു എന്നാണെന്നും പാപ്പാ പ്രസ്താവിക്കുന്നു.

നവമ്പർ 30 മുതൽ ഡിസമ്പർ 12 വരെയാണ് ദുബായിയിൽ കോപ് 28 സമ്മേളനം

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2023, 20:23