തിരയുക

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ  (Vatican Media)

സഭയുടെ പ്രേഷിത സ്വഭാവം കൂടുതൽ ശക്തമാക്കണം: ഫ്രാൻസിസ് പാപ്പാ

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് അനുവദിച്ച കൂടിക്കാഴ്ചയിൽ, സഭയുടെ പ്രേഷിത സ്വഭാവം കൂടുതൽ ആഴമേറിയതാക്കാനും, നിഖ്യാ കൗൺസിലിന്റെ 1700-ആം വാർഷികവുമായി ബന്ധപ്പെട്ട് സഭൈക്യത്തിലേക്ക് കൂടുതലായി വളരാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓരോ സൃഷ്ടിജാലങ്ങളോടും സുവിശേഷമാറിയിച്ചുകൊണ്ട്, ക്രിസ്തുവിന്റെ പ്രകാശത്താൽ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ചത് എക്കാലത്തേക്കുമുള്ള പരിശുദ്ധാത്മാവിന്റെ സ്വരമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ  (Lumen gentium, 1). ഇത്തരമൊരു പ്രസ്‌താവനയിലൂടെ സുവിശേഷവത്കരണത്തിനുള്ള യേശുവിന്റെ വിളിക്ക് പ്രത്യുത്തരം നൽകുകയായിരുന്നു സഭ ചെയ്‌തതെന്ന്‌ പാപ്പാ ഓർമ്മിപ്പിച്ചു. സിനഡൽ സഭ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലൂടെ പ്രേഷിതപ്രവർത്തനത്തിൽ മുഴുവൻ ദൈവജനത്തിന്റെയും പങ്ക് ഉറപ്പുവരുത്തുന്നതിനുള്ള ഒരു വ്യവസ്ഥകൂടിയായിരുന്നു എന്ന് ദൈവശാസ്ത്ര കമ്മീഷൻ പരാമർശിച്ചതിനെ പാപ്പാ അംഗീകരിച്ചു.

സ്നേഹിക്കുകയും ക്ഷമിക്കുകയും രക്ഷിക്കുകയും സ്വാതന്ത്രമാക്കുകയും, വ്യക്തികളെ സഹോദരസേവനത്തിനായി വിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ലോകത്തിന് മുൻപിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ തക്ക ചിന്തകൾ മുന്നോട്ട് വയ്ക്കണമെന്ന്, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പുതിയ അധ്യക്ഷന് എഴുതിയ ലേഖനത്തിൽ (2023 ജൂലൈ 1) താൻ ഓർമ്മിപ്പിച്ചത് പാപ്പാ ആവർത്തിച്ചു. സുവിശേഷവത്കരണത്തിന്റേതായ ഒരു ദൈവശാസ്ത്രം വഴി സാംസ്കാരികലോകവുമായുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈയൊരു വിളിക്ക് ഉത്തരം നൽകാൻ കമ്മീഷനെ പാപ്പാ ആഹ്വാനം ചെയ്‌തു. ഇത് പാവപ്പെട്ട ജനങ്ങളുമായി ഒരുമിച്ച് നിന്നുകൊണ്ടേയിരിക്കണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ദൈവശാസ്ത്രം മുട്ടിന്മേൽ നിന്നുകൊണ്ടുള്ള ദൈവാരാധനയിൽനിന്നാണ് ആരംഭിക്കുന്നതെന്ന് എടുത്തുപറഞ്ഞു.

ത്രിത്വയ്‌ക, ക്രിസ്‌തുശാസ്‌ത്രപരമായ വിശ്വാസങ്ങൾ പ്രഘോഷിച്ച നിഖ്യ സൂനഹദോസിന്റെ 1700 വർഷങ്ങൾ 2025-ലെ ജൂബിലി വർഷത്തിൽ, ആഘോഷിക്കുന്നതിനെ പരാമർശിച്ച പാപ്പാ, ആ കൗൺസിലിന്റെ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ആധ്യാത്മികത

നിഖ്യാ കൗൺസിലിന്റെ ആദ്ധ്യാത്മികമായ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, പിതാവിന്റെ ഏകപുത്രനായ യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞത്‌ ഈ കൗൺസിലിലാണെന്ന കാര്യം ഓർമ്മിപ്പിച്ചു. നമ്മുടെ രക്ഷയ്ക്കായി, ദൈവത്തിൽനിന്നുള്ള ദൈവവും, പ്രകാശത്തിൽനിന്നുള്ള പ്രകാശവുമായി, മനുഷ്യനായി പിറന്ന ക്രിസ്‌തുവിനെ പ്രഘോഷിച്ച ഈ കൗൺസിലിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, ക്രിസ്തുവിന്റെ നിത്യപ്രകാശം സഭാഭവനത്തിലും ലോകത്തിന്റെ അന്ധകാരത്തിലും പറത്താൻ ദൈവശാസ്ത്രജ്ഞർ  ശ്രമിക്കണമെന്ന് ഓർമ്മിപ്പിച്ചു.

സിനഡാലിറ്റി

നിഖ്യായിലേത് ആദ്യ എക്യൂമെനിക്കൽ കൗൺസിൽ ആയിരുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവിടെയാണ് സഭയ്ക്ക് തന്റെ സ്വഭാവവും, വിശ്വാസവും, ദൗത്യവും പ്രകടിപ്പിക്കാൻ സാധിച്ചുവെന്ന്, "ദൈവവുമായുള്ള ഒരുമിക്കലിന്റെയും, മാനവികതയുമായുള്ള ഐക്യത്തിന്റെയും അടയാളമാണ് സഭ" (Lumen gentium, 1), എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ പരാമർശിച്ചുകൊണ്ട് പറഞ്ഞു. ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും പിതാവായ ദൈവം മാനവികതയുമായി കണ്ടുമുട്ടുന്നതിനെ മനസ്സിലാക്കാനുള്ള വഴി സിനഡാലിറ്റിയുടേതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ സഭകളിൽനിന്നും ജനതകളിൽനിന്നും വരുന്ന ദൈവശാസ്ത്രകമ്മീഷൻ അംഗങ്ങൾ, തങ്ങളുടെ സഭകളുടെ സമ്പത്തും അനുഗ്രഹങ്ങളും, ചോദ്യങ്ങളും വേദനകളുമാണ് പങ്കുവയ്ക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. പരിശുദ്ധാത്മാവുമായി ഐക്യത്തിൽ സഞ്ചരിക്കുന്ന, ദൈവവചനത്തിൽ അടിസ്ഥാനമിട്ട ഒരു സഭയുടെ സാക്ഷ്യമാണ് നിങ്ങൾ എന്ന് പാപ്പാ പറഞ്ഞു. ദൈവത്തിന്റെ ഉദ്ബോധനങ്ങൾക്കായി എപ്പോഴും ഹൃദയം തുറന്നിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

എക്യൂമെനിസം

നിഖ്യ കൗൺസിലിന്റെ ഈ വാർഷികാഘോഷത്തിൽ ക്രൈസ്തവരുടെ പരിപൂർണ്ണമായ ഐക്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ലെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഈ വാർഷികത്തിന്റെ അവസരത്തിൽ, 2025-ൽ പെസഹാത്തിരുനാൾ ആചരണം എല്ലാ ക്രൈസ്തവരും ഒരേ ദിനത്തിലാണ് ആചരിക്കുന്നത് എന്ന കാര്യം പ്രത്യേകമായി പാപ്പാ പരാമർശിച്ചു. ഇത് ഒരുമിച്ചുള്ള പെസഹാ ആചാരണത്തിലേക്കുള്ള ഒരു ആരംഭത്തെ കുറിച്ചിരുന്നെങ്കിൽ എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സുവിശേഷത്തിന്റെയും ഐക്യത്തിന്റെയും പ്രകാശംകൂടുതലായി തിളങ്ങാനായി പരിശുദ്ധാത്മാവിന്റെ ക്രിയാത്മകത കൂടുതലായി പ്രാർത്ഥിക്കാമെന്ന ആഹ്വാനവും പാപ്പാ മുന്നോട്ടുവച്ചു.

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് നവംബർ 30 വ്യാഴാഴ്ച, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ പ്രേഷിത ദൗത്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് സന്ദേശം നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2023, 13:36