തിരയുക

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പാ. പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പാ.  (Vatican Media)

ഫ്രാൻസിസ് പാപ്പാ പരാഗ്വേ പ്രസിഡണ്ടുമായി കൂടികാഴ്ച നടത്തി

നവംബർ 27ആം തിയതി പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക മന്ദിരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടികാഴ്ച പാപ്പയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി പരിഗണിച്ച് പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ചാണ്  നടന്നത്.  

പ്രസിഡന്റ് പലാസിയോസുമൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ  പ്രകടമായിരുന്നു.

പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടർന്ന്, വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ, മറ്റു രാജ്യങ്ങളോടും, അന്താരാഷ്ട്ര സംഘടനകളോടുമുള്ള ബന്ധങ്ങൾ സംബന്ധിച്ച കാര്യദർശി, ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും പരാഗ്വേ പ്രസിഡന്റ് ചർച്ച നടത്തി.

പരിശുദ്ധ സിംഹാസനവും പരാഗ്വേയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഇരുകക്ഷികളും സംതൃപ്തി പ്രകടിപ്പിച്ചു. ദാരിദ്ര്യത്തെ നേരിടാനുള്ള പരാഗ്വേ സർക്കാർ ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക കാര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സമാധാനം പിന്തുടരൽ തുടങ്ങിയ പൊതു ആശങ്കകൾക്ക്  അവർ ഊന്നൽ നൽകി.

പരാഗ്വേയിലെ തദ്ദേശീയരായ കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത തിരുപിറവി രംഗം, അതുപോലെ പ്രാദേശിക കരകൗശല വിദഗ്ധർ നിർമ്മിച്ച ഒരു കമ്പളി വസ്ത്രം (പോഞ്ചോ), പരാഗ്വേ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഒരു കൊട്ട, തടി കൊണ്ട് നിർമ്മിച്ച പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം, വെള്ളി ജപമാല എന്നിവ പ്രസിഡന്റ് പെന പലാസിയോസ് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചു. പാപ്പാ തിരിച്ചും സമ്മാനങ്ങൾ നൽകി.  പത്രോസിനെ ചത്വരം പശ്ചാത്തലമാക്കി ഐക്യം പ്രതിനിധീകരിക്കുന്ന ഓട്ടു ലോഹത്തിൽ തീർത്ത പരസ്പരം കോർത്തു പിടിച്ച കൈകളായിരുന്നു അത്. ആ കൊത്തു രൂപത്തിൽ കുഞ്ഞിനെ കൈയിലേന്തിയ ഒരു സ്ത്രീയും കുടിയേറ്റക്കാർ നിറഞ്ഞ ഒരു കപ്പലും കാണാം. കപ്പലിൽ "നമ്മുടെ കരങ്ങളെ മറ്റുകരങ്ങൾ കൊണ്ട് നിറയ്ക്കാം“ എന്ന് ആലേഖനം ചെയ്തിരുന്നു. കൂടാതെ പാപ്പായുടെ പ്രബോധനങ്ങളിൽ നിന്നുള്ള വിവിധ രേഖകളും, ഈ വർഷത്തെ ആഗോള സമാധാന ദിനത്തിനായുള്ള പാപ്പായുടെ സന്ദേശം ഉൾപ്പെടെയുള്ളവയും ഉണ്ടായിരുന്നു.

ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സമാധാനം, പാരിസ്ഥിതിക സുസ്ഥിരത, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളിൽ സഹകരിക്കുന്നതിനും വത്തിക്കാനും പരാഗ്വേയും പങ്കിടുന്ന പ്രതിബദ്ധത ഈ കൂടികാഴ്ച വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 21:05