തിരയുക

പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ  

എല്ലാവർക്കും നീതി ഉറപ്പാക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്: പാപ്പാ

സമാധാനവും സുസ്ഥിര വികസനവും ഊട്ടിയുറപ്പിച്ചുകൊണ്ട് നിയമവാഴ്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള അന്തർ സർക്കാർ സംഘടനയായ ഇഡ്‌ലോയുടെ (IDLO) നാൽപ്പതാം സ്ഥാപകവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സമാധാനത്തിലേക്കും സുസ്ഥിര വികസനത്തിലേക്കും മുന്നേറുന്നതിനായി നിയമവാഴ്‌ച പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവർക്കും, പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള വിവിധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിലകൊള്ളുന്ന   ആഗോള അന്തർ സർക്കാർ സംഘടനയായ ഇഡ്‌ലോയുടെ  (IDLO) നാൽപ്പതാം സ്ഥാപകവാർഷികത്തോടനുബന്ധിച്ച്  അസംബ്ലിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ടും, സാധാരണക്കാരുടെ ആവശ്യങ്ങളിൽ സംഘടന നടത്തുന്ന ഇടപെടലുകൾക്ക് നന്ദി പറഞ്ഞുകൊണ്ടും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

നിയമത്തിന് മുന്നിൽ തുല്യത എന്ന തത്വം പാലിക്കൽ, സ്വേച്ഛാധിപത്യം തടയൽ, ഉത്തരവാദിത്തത്തിന്റെ പരിശീലനവും, സുതാര്യതയുടെ ഉറപ്പും , തീരുമാനമെടുന്നതിലുള്ള  ന്യായമായ പങ്കാളിത്തവും, നിയമപരമായ  സംരക്ഷണവും അർഹമായ ബഹുമാനവുമെല്ലാം നീതിയുടെ സാക്ഷാത്കാരത്തിലേക്കുള്ള ഒഴിച്ചുകൂടാനാവാത്ത മൂല്യങ്ങളും മാനദണ്ഡങ്ങളുമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. സാമൂഹിക ഐക്യവും സാർവത്രിക സാഹോദര്യവും കൈവരിക്കുന്നതിനുള്ള വ്യവസ്ഥയും നീതിയുടെ ഉറപ്പാണെന്ന് പാപ്പാ അടിവരയിട്ടു.

ഇന്ന് നിലനിൽക്കുന്ന  സമാധാനരഹിതമായ അന്തരീക്ഷത്തിൽ മനുഷ്യവ്യക്തിയുടെ സേവനത്തിനും, അവരുടെ അന്തസ്സിന്റെ സംരക്ഷണത്തിനും നിയമവാഴ്ചയുടെ പങ്ക് പാപ്പാ ഓർമ്മിപ്പിച്ചു.അതിനാൽ ഏതൊരു അധികാരവിനിയോഗത്തിനും മുൻവ്യവസ്ഥയായി നിയമവാഴ്ചയുടെ ശരിയായ ഉപയോഗം അത്യന്താപേക്ഷിതമാണെന്നും പാപ്പാ അടിവരയിട്ടു.

ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനങ്ങൾ ആധിപത്യ രാഷ്ട്രീയ താൽപ്പര്യങ്ങൾ കണക്കിലെടുക്കാതെ നിയമവാഴ്ചയോടുള്ള ബഹുമാനം ഉറപ്പാക്കണം.അസമത്വങ്ങളെ ചെറുത്തുതോൽപ്പിക്കുക, ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള  തീരുമാനങ്ങൾ എടുക്കുന്നതിൽ മതിയായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ നിയമവാഴ്ചയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്നും പാപ്പാ പറഞ്ഞു.

അഴിമതി സമൂഹത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കുന്നു.സുതാര്യതയും ഉത്തരവാദിത്തവും സമഗ്രതയും പ്രോത്സാഹിപ്പിക്കുന്ന ബോധവത്ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയും തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തു പറയുന്നു.ശൈശവത്തിൽ തന്നെ സത്യസന്ധതയുടെയും  ധാർമ്മിക മനഃസാക്ഷിയുടെയും വിത്തുകൾ പാകി, അഴിമതിക്ക് വേരുറപ്പിക്കാൻ വളക്കൂറില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനുള്ള കൂട്ടുത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു.

ഉപസംഹാരമായി, തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത, ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായി കാണപ്പെടുന്ന ഏറ്റവും ദരിദ്രരും,പാർശ്വവൽക്കരിക്കപ്പെട്ടവരും, ദുർബലരുമായവരിലേക്ക് എത്തിച്ചേരുവാനും, അവർക്കുവേദി ശബ്ദമായി മാറുവാനുമുള്ള നമ്മുടെ ഉത്തരവാദിത്വവും പാപ്പാ  എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2023, 13:12