തിരയുക

സുവിശേഷത്തിന്റെ ആനന്ദം സിമ്പോസിയത്തിൽ നിന്നും  സുവിശേഷത്തിന്റെ ആനന്ദം സിമ്പോസിയത്തിൽ നിന്നും  

സുവിശേഷദൗത്യത്തിൽ ക്രിസ്തുവിന്റെ വികാരങ്ങൾ ഉൾക്കൊള്ളണം: പാപ്പാ

സുവിശേഷത്തിന്റെ ആനന്ദം (Evangeli Gaudium ) എന്ന അപ്പസ്തോലിക പ്രബോധനരേഖയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയത്തിൽ ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സുവിശേഷത്തിന്റെ ആനന്ദം (Evangeli  Gaudium ) എന്ന അപ്പസ്തോലിക പ്രബോധനരേഖയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയത്തിൽ ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചത്. സുവിശേഷം പ്രഘോഷിക്കുന്നതിൽ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പോലും ധീരതയോടെ മുന്നേറിയ തീക്ഷ്ണമതികളായ മിഷനറിമാരെ പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. എന്നാൽ അവരുടെ പീഡനങ്ങളിൽ സഭ തളരുകയായിരുന്നില്ല മറിച്ച് വളർച്ചയുടെ ഒരു മാതൃക എല്ലവർക്കും പ്രദാനം ചെയ്യുന്നതായിരിന്നുവെന്നും പാപ്പാ അടിവരയിട്ടു.

ഇന്നത്തെ ലോകത്തിൽ സുവിശേഷത്തിന്റെ പ്രഖ്യാപനത്തിന് ഈ മാതൃക ഏറെ അനുയോജ്യമാണെന്നും പാപ്പാ പറഞ്ഞു.മനുഷ്യന്റെ അന്തസ്സിനെ നശിപ്പിക്കുകയും ഒഴിവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് നമ്മിൽ നിന്ന് ഒരു പ്രതി-സാംസ്കാരിക പ്രവാചക പ്രതിരോധം ആവശ്യമാണ്.അതിനാൽ നമ്മുടെ സുവിശേഷ ദൗത്യത്തിൽ യേശുക്രിസ്തുവിന്റെ അതെ വികാരങ്ങൾ ഉൾച്ചേർക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ സുവിശേഷവത്ക്കരണം ആപത്താണെന്നും, ശുദ്ധവും, ലളിതവുമായ ജീവിത മാതൃകയാണ് ഇതിന് അത്യന്താപേക്ഷിതമെന്നും പാപ്പാ പറഞ്ഞു.ഈ മാതൃക സ്നേഹത്തിന്റേതാണ്.ദരിദ്രരായ ഓരോ വ്യക്തിയെയും സഭാജീവിതത്തിൽ ഉൾച്ചേർക്കുവാൻ ഈ സ്നേഹസംസ്കാരം ഏറെ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാവരുടെയും ജീവിതത്തിന് മുൻഗണന നൽകുന്ന സംസ്കാരമാണ് സുവിശേഷത്തിന്റേതെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും മാനിച്ചുകൊണ്ട്, ഈ ഗ്രഹം എല്ലാ മനുഷ്യരാശിക്കും  വേണ്ടിയുള്ളതാണെന്നും, എവിടെ  ജനിച്ചുവെന്നത്  ചില ആളുകൾ ജീവിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നത് ഓർമ്മിക്കണമെന്നും പാപ്പാ അടിവരയിടുന്നു. അതിനാൽ സുസ്ഥിരമായ വികസനത്തിനും സമാധാനത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കുവാനും,നമ്മുടെ സുവിശേഷ ദൗത്യം നിറവേറ്റാനും യേശു നമ്മോട് നിർദ്ദേശിക്കുന്ന ജീവിതം നയിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2023, 13:47