തിരയുക

സെൽറ്റിക് ടീമംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ സെൽറ്റിക് ടീമംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ  (Vatican Media)

കായികമത്സരങ്ങളുടെ ലക്‌ഷ്യം മനുഷ്യത്വരൂപീകരണമാണ്: പാപ്പാ

ഗ്ളാസ്ഗോയിൽ നിന്നുള്ള ബ്രിട്ടീഷ് ഫുട്ബോൾ ക്ലബായ സെൽറ്റിക് ടീമംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നവംബർ മാസം ഇരുപത്തിയൊൻപതാം തീയതി കൂടിക്കാഴ്ച നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഗ്ളാസ്ഗോയിൽ നിന്നുള്ള ബ്രിട്ടീഷ് ഫുട്ബോൾ ക്ലബായ സെൽറ്റിക് ടീമംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നവംബർ മാസം ഇരുപത്തിയൊൻപതാം തീയതി കൂടിക്കാഴ്ച നടത്തി. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം പാപ്പായുടെ സന്ദേശം മറ്റൊരാളാണ് വായിച്ചതെങ്കിലും, അവസാനം ഏതാനും വാക്കുകൾ പാപ്പാ കളിക്കാരുമായി പങ്കുവച്ചു.

ഒരുമിച്ചു കളിക്കുന്നതിന്റെ  മനോഹാരിതയായിരുന്നു ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കം.ജയിക്കുവാൻ വേണ്ടിയാണ് എല്ലാവരും പോരാടുന്നതെങ്കിലും, യാഥാർത്ഥവിജയം എല്ലാവരും ചേർന്ന് കളിക്കുന്നതിലാണ് ഉൾച്ചേർന്നിരിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

കളിക്കളത്തിലെ ജയത്തിനും,തോൽവിക്കുമപ്പുറം കളിക്കാർ നൽകുന്ന ഉദാഹരണപൂർണ്ണമായ ജീവിതമാണ് ഏറെ വിലപ്പെട്ടതെന്നു പാപ്പാ പറഞ്ഞു.ധൈര്യം, സ്ഥിരോത്സാഹം,ഉദാരമനസ്കത, മറ്റുള്ളവരുടെ ദൈവദത്തമായ അന്തസ്സിനോടുള്ള ആദരവ് എന്നിവയാണ് കളിക്കാരുടെ ജീവിതത്തിൽ നിന്നും മറ്റുള്ളവർ ഉൾക്കൊള്ളേണ്ട മാതൃകകൾ, പാപ്പാ പറഞ്ഞു.

1887 ൽ ഗ്ലാസ്‌ഗോ നഗരത്തിലെ ദാരിദ്ര്യം ലഘൂകരിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ സ്ഥാപിതമായ സെൽറ്റിക് ഫുട്ബോൾ ക്ലബ് ദരിദ്രരായ സഹോദരീസഹോദരന്മാർക്ക് വേണ്ടിയുള്ള ഉപവി പ്രവർത്തനങ്ങൾക്ക് ഏറെ മാതൃക നൽകിയതും പാപ്പാ അനുസ്മരിച്ചു. ഈ മൂല്യവത്തായ പൈതൃകം, സമ്പത്തിലേക്ക് മാത്രം ഒതുങ്ങിയിരിക്കുന്ന  ഒരു ഫുട്ബോൾ ലോകത്ത്, തുടരുവാനും സെൽറ്റിക് ക്ലബിലെ അംഗങ്ങളെ പാപ്പാ ക്ഷണിച്ചു.നിങ്ങളിൽ മികച്ച ഫുട്ബോൾ കളിക്കാരെ മാത്രമല്ല, ദയയുള്ള ആളുകളെയും,ഹൃദയമുള്ള ആളുകളെയും കാണുവാനുള്ള കഴിവ് ആർജിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 13:19