തിരയുക

ഫ്രാൻസിസ്കൻ സമൂഹത്തിന് ഫ്രാൻസിസ് പാപ്പായുടെ ലേഖനം ഫ്രാൻസിസ്കൻ സമൂഹത്തിന് ഫ്രാൻസിസ് പാപ്പായുടെ ലേഖനം 

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികത പുനഃപ്രകാശിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ്കൻ ചെറിയ സന്ന്യാസിമാരുടെ സഭാനിയമം അംഗീകരിക്കപ്പെട്ടതിന്റെ എണ്ണൂറാം വാർഷികാഘോഷത്തിന്റെ അവസരത്തിൽ ഫ്രാൻസിസ്കൻ കുടുംബത്തിന് നൽകിയ സന്ദേശത്തിൽ, സുവിശേഷത്തിൽ അടിസ്ഥാനമിട്ട, ഫ്രാൻസിസ് അസ്സീസിയുടെ ദാരിദ്ര്യാദദ്ധ്യാത്മികതയിൽ കൂടുതൽ വളരാൻ ആഹ്വാനം ചെയ്തു. സഭയോടൊത്തുള്ള മിഷനറി ദൗത്യത്തിന്റെയും സമയമായിരിക്കട്ടെ ഇതെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് അസ്സീസി തയ്യാറാക്കിയ ഫ്രാൻസിസ്കൻ ചെറിയ സന്ന്യാസിമാരുടെ (OFM) സഭാനിയമം 1223 നവംബർ 29-ന് ഒണോറിയോ മൂന്നാമൻ പാപ്പാ, റോമിലെ ലാറ്ററൻ ബസലിക്കയിൽ വച്ച് അംഗീകരിച്ചതിന്റെ എണ്ണൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നവംബർ 29 ബുധനാഴ്ച വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള ലാറ്ററൻ ബസലിക്കയിൽ ഒരുമിച്ചുകൂടിയ ഫ്രാൻസിസ്കൻ സഭാംഗങ്ങൾക്ക് പാപ്പാ ആശംസകൾ നേർന്നുകൊണ്ട് സന്ദേശമയച്ചു.

അസ്സീസിയിലെ പാവപ്പെട്ട ഫ്രാൻസിസിന്റെ ജീവിതവുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ ദാരിദ്ര്യാദദ്ധ്യാത്മികതയിൽ കൂടുതൽ വളരാൻ പാപ്പാ ആഹ്വാനം ചെയ്തു. ആന്തരികമായ ഒരു പുനരുജ്ജീവനത്തിന്റെയും, ആശ്വസിപ്പിക്കപ്പെടാനും, സ്നേഹിക്കപ്പെടാനും, സൗഖ്യപ്പെടാനുമായി കാത്തിരിക്കുന്ന സഹോദരങ്ങളിലേക്കുള്ള മിഷനറി ദൗത്യത്തിന്റെയും സമയമായിരിക്കട്ടെ ഈ വാർഷികമെന്നും പാപ്പാ ആശംസിച്ചു.

വിശുദ്ധ ഫ്രാൻസിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ദാരിദ്ര്യവും എളിമയും പ്രാവർത്തികമാക്കാനും, ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കാനും പാപ്പാ ഫ്രാൻസിസ്കൻ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു.

സുവിശേഷം ജീവിക്കുക

ഫ്രാൻസിസിന്റെ നിയമാവലി സുവിശേഷത്തിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സുവിശേഷമനുസരിച്ച്, അനുസരണത്തിലും, ഒന്നും സ്വന്തമായി സൂക്ഷിക്കാതെയും, ബ്രഹ്മചര്യത്തിലും ജീവിക്കുക എന്നീ നിയമങ്ങൾ അദ്ദേഹം നൽകിയത് പാപ്പാ ഉദ്ധരിച്ചു. മാമ്മോദീസയിൽ ലഭിച്ച ഉത്തരവാദിത്വം ജീവിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ വിരൽചൂണ്ടി. ക്രിസ്തുവാണ് നിങ്ങളുടെ ആധ്യാത്മികതയുടെ ലക്ഷ്യമെന്ന് പാപ്പാ എടുത്തുപറഞ്ഞു.

സഭയോടുള്ള അനുസരണം

ഗുരുവിന്റെ ഉദ്ബോധനങ്ങൾ ജീവിക്കാൻ സഭയിൽ നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധ ഫ്രാൻസിസ് അന്നത്തെ പാപ്പയായിരുന്ന ഒണോറിയോയോടും പിന്ഗാമികളോടും റോമൻ സഭയോടും അനുസരണം വാഗ്ദാനം ചെയ്തത് പാപ്പാ എടുത്തുപറഞ്ഞു. മറ്റു ഫ്രാൻസിസ്കൻ സഹോദരന്മാർ ഫ്രാൻസിസിനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. തന്റെ വിളിയോടുള്ള വിശ്വസ്തതയുടെയും, വിശുദ്ധ കുർബാനയിൽ യേശുവിനെ സ്വീകരിക്കുന്നതിന്റെയും ഒരു പ്രധാന ഘടകമാണ് തന്റെ അനുസരണത്തിൽ വിശുദ്ധ ഫ്രാൻസിസ് തിരിച്ചറിഞ്ഞത്. പരസ്പരസംവാദങ്ങളോടെ, സിനഡൽ പാത സൂചിപ്പിച്ചതുപോലെ നിയമങ്ങൾ ജീവിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. സഭയെ താങ്ങി നിറുത്തുവാനും, ജീവിതമാതൃകയാലും, സാക്ഷ്യത്താലും അതിന്റെ കുറവുകൾ നികത്താനും പാപ്പാ ഏവരെയും ക്ഷണിച്ചു.

ലോകത്തിലേക്ക് സഞ്ചരിക്കുക

വിശുദ്ധന്റെ മാതൃകയിൽ, ലോകത്തിലേക്ക് പോകുമ്പോൾ, തർക്കങ്ങൾ ഒഴിവാക്കാനും, മറ്റുള്ളവരെ വിധിക്കാതിരിക്കാനും, സമാധാനപ്രിയരും, എളിമയുള്ളവരുമായിരിക്കാനും പാപ്പാ ഫ്രാൻസിസ്കൻ സമൂഹത്തെ ക്ഷണിച്ചു. ദൈവപരിപാലനത്തിൽ ആശ്രയിച്ചുകൊണ്ട്, ദൈവത്തിന്റെ സമാധാനം അറിയിച്ച് ലോകത്തിലേക്ക് സൗമ്യതയോടെ പോകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏവർക്കും സാധ്യമായ ഒരു സുവിശേഷവത്കരണമാർഗ്ഗമാണതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സഹോദര്യത്തിൽ ജനിച്ച്, സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന ഒരു സുവിശേഷവത്കരണശൈലിയാണ് ഫ്രാൻസിസ്കൻ സഭയുടേതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതമാണ് ഇവിടെ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചെറുതാകലിന്റെയും ദാരിദ്ര്യത്തിന്റെയും ശൈലിയിൽ നിങ്ങളുടെ വിളിയുടെ ശക്തി വീണ്ടും കണ്ടെത്താൻ പാപ്പാ ആഹ്വാനം ചെയ്തു.

സംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്ന ഒരു യുഗത്തിൽ, സഹോദര്യത്തോടെയും ചെറുതാകലിന്റെ ശൈലിയോടും കൂടെ ദാരിദ്ര്യത്തിന്റെ സുവിശേഷഭാഗ്യം പങ്കുവച്ചുകൊണ്ടും, സുവിശേഷസാക്ഷ്യമായിക്കൊണ്ടും ലോകത്തിലേക്ക് പോകാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

നിങ്ങളുടെ സഭയുടെ പ്രത്യേകസിദ്ധിയോട് ധീരതയോടും വിശ്വസ്തതയോടും കൂടെ ജീവിക്കാനുള്ള ശരിയായ മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്ക് നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു.

ലാറ്ററൻ ബസലിക്കയുടെ സമർപ്പണദിനമായ നവംബർ 9-നാണ് ഈ ലേഖനം പാപ്പാ ഒപ്പുവച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2023, 13:31