തിരയുക

 ഓസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. ഓസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ.  (Vatican Media)

പാപ്പാ : മറിയം ആദ്യത്തെ പ്രേഷിത ശിഷ്യ

സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഓസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. അതിരൂപതാ മെത്രാപ്പോലീത്ത ജുമോആദിന്റെ നേതൃത്യത്തിൽ നടത്തുന്ന മരിയൻ തീർത്ഥാടനത്തിന്റെ ഭാഗമായാണ് സംഘം റോമിലെത്തിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞ പാപ്പാ അവരുടെ സുവർണ്ണ ജൂബിലി ഒരു തീർത്ഥാടനത്തോടെ ആഘോഷിക്കുന്നതിലുള്ള ഔചിത്യം അടിവരയിട്ടു. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്റെ വാചാലമായ അടയാളമാണ് പാപ്പാ പറഞ്ഞു. തീർത്ഥാടകർ ഹൃദയത്തിൽ അവരുടെ വിശ്വാസവും ചരിത്രവും സന്തോഷങ്ങളും ആകുലതകളും പ്രത്യാശകളും പ്രത്യേക പ്രാർത്ഥനകളും കൊണ്ടാണ് നടക്കുന്നത് . ഒരു കുഞ്ഞിനു വേണ്ടി സാമുവൽ പ്രവാചകന്റെ അമ്മ സങ്കടത്തിൽ ഷിലോ തീർത്ഥാടന കേന്ദ്രത്തിൽ ദു:ഖിതയായി എന്നാൽ എളിമയാർന്ന വിശ്വാസത്തോടെ എത്തിയ ബൈബിളിലെ ഹാന്നായുടെ പ്രാർത്ഥന ദൈവം കേട്ടതും അവളുടെ ആഗ്രഹം നിറയേറ്റിയതും പാപ്പാ അനുസ്മരിച്ചു.

തീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാവരോടും കരുണയുള്ള പിതാവിന്റെ മൃദുല സ്നേഹം പലപ്പോഴും പരിശുദ്ധ അമ്മയിലൂടെ അറിയിക്കുന്നതാണ് നാം കാണുക. നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നും യേശുവിന്റെ അമ്മയായതിനാൽ കാനായിലെ പോലെ എങ്ങനെ യേശുവിന്റെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കണമെന്നും അറിയാവുന്നവളാണ് മറിയം എന്ന് പരിശുദ്ധ പിതാവ് സൂചിപ്പിച്ചു. അവരുടേത് പരിശുദ്ധ കന്യകയ്ക്ക് സമർപ്പിച്ചിട്ടുള്ള  വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന  ഒരു മരിയൻ തീർത്ഥാടനമായതിൽ സന്തോഷമറിയിച്ച പാപ്പാ മറിയമാണ് യേശുവിന്റെ ശിഷ്യരെന്ന നിലയിൽ അവന്റെ വചനം ശ്രവിക്കാനും ഹൃദയത്തിൽ ധ്യാനിക്കാനും അത് മറ്റുള്ളവരിലെത്തിക്കാനും കാണിച്ചുതന്ന ആദ്യത്തെ പ്രേഷിതശിഷ്യ എന്ന് നമുക്ക് പറയാൻ കഴിയുമെന്നും ചൂണ്ടിക്കാണിച്ചു.

ഈ തീർത്ഥാടനം അവരെ ഓരോരുത്തരേയും മറിയത്തെപോലെ കർത്താവുമായുള്ള കണ്ടുമുട്ടലിൽ അവന്റെ സാന്നിധ്യത്തിന്റെയും ദയയുടേയും സ്നേഹത്തിന്റെയും മിഷനറി ശിഷ്യരായി രൂപാന്തരപ്പെടുത്തട്ടെ എന്ന് പാപ്പാ ആശംസിച്ചു. കൂടാതെ രൂപതയിലെ ജൂബിലിയുടെ മറ്റാഘോഷങ്ങൾ അതിരൂപതയിലെ മുഴുവൻ അംഗങ്ങളേയും കർത്താവിന്റെ വിശ്വസ്ത ശിഷ്യരായി ജീവിക്കാനുള്ള അവരുടെ ജ്ഞാനസ്നാന വിളിയുടെ അനുസ്മരണത്തിലേക്കും നയിക്കട്ടെ, പാപ്പാ പറഞ്ഞു.

വചനം ശ്രവിച്ച് കൂദാശകളിലൂടെ അതിരൂപത നീതിയുടേയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദൈവരാജ്യത്തിൽ മുന്നേറാൻ കുടുംബങ്ങൾക്കും യുവാക്കൾക്കും രോഗികൾക്കും വൃദ്ധർക്കും ദരിദ്രർക്കും യേശുവിന്റെ സ്നേഹത്താലുള്ള കരുണയുടെ പ്രവർത്തികൾ പരിശീലിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ പൊതു ഭവനത്തിന്റെ ഉത്തരവാദിത്വമുള്ള സംരക്ഷകരാകാനും സാഹോദര്യ ഐക്യത്തിൽ ഒന്നിച്ച് നീങ്ങി പരസ്പരം ശ്രവിച്ച്, പ്രത്യേകിച്ച് സഭയെ മുഴുവൻ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച്, സുവിശേഷ പ്രഘോഷണത്തിന്റെ നവീനവും സർഗ്ഗാത്മകവുമായ  വഴികൾ കണ്ടെത്താനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. സന്നിഹിതരായ എല്ലാവരേയും ആശീർവദിക്കുകയും രൂപതയിലെ മുഴുവൻ കുടുംബത്തിനു വേണ്ടി പ്രാർത്ഥ്രിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2023, 14:48