തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ. 

“ക്രിസ്തു ജീവിക്കുന്നു” : യുവ സുവിശേഷവൽക്കരണത്തിൽ കാലാതീതമായ ദാനങ്ങൾ സ്വീകരിക്കുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 229ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ''മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

229. ഇവയും യുവജനത്തെ സുവിശേഷവത്ക്കരിക്കാനുള്ള വിവിധങ്ങളായ മറ്റ് അവസരങ്ങളും ഒരു വസ്തുത മറക്കാൻ നമുക്കിടയാക്കരുത്. അതായത്, കാലങ്ങളും യുവജനത്തിന്റെ ഇന്ദ്രിയബോധങ്ങളും മാറിക്കൊണ്ടിരിക്കുമെങ്കിലും ഒരിക്കലും പഴകാത്ത ദേവികദാനങ്ങളുണ്ട്. കാരണം, അവയിൽ സ്ഥലകാലങ്ങളെയെല്ലാം അതിശയിക്കുന്ന ഒരു ശക്തിയുണ്ട്. നിത്യം ജീവിക്കുന്നതും കാര്യക്ഷമവുമായ ദൈവവചനം ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ പരിപോഷക സാന്നിധ്യം, സ്വാതന്ത്ര്യവും ശക്തിയും നൽകുന്ന അനുരഞ്ജന കൂദാശ എന്നിവയാണ് ആ ദാനങ്ങൾ. സഭ തന്റെ  വിശുദ്ധരുടെ സാക്ഷ്യങ്ങളിൽ സംരക്ഷിക്കുന്ന അളവറ്റ ആധ്യാത്മിക സമ്പത്തും മഹാന്മാരായ ആധ്യാത്മിക ഗുരുകന്മാരുടെ പ്രബോധനവും നമുക്കിവിടെ സൂചിപ്പിക്കാവുന്നതാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളെ നാം ബഹുമാനിക്കണം. ചിലപ്പോൾ ശരിയായ നിമിഷത്തിനു വേണ്ടി കാത്തിരിക്കണം. എന്നാലും നവജീവിതത്തിന്റെ ഈ ഉറവകളിൽ നിന്ന് കുടിക്കാൻ യുവജനത്തെ ക്ഷണിക്കുന്നതിൽ നാം പരാജയപ്പെടാൻ പാടില്ല മഹത്തായ ഈ നന്മ അവർക്ക് ഇല്ലാതാക്കാൻ നമുക്ക് അവകാശമില്ല. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവ സുവിശേഷവൽക്കരണത്തിൽ കാലാതീതമായ ദാനങ്ങൾ സ്വീകരിക്കുക

വികസിച്ചുവരുന്ന സാങ്കേതിക ആധുനീകതകളും, ദ്രുതഗതിയിലുള്ള മാറ്റങ്ങളും അടയാളപ്പെടുത്തിയ ഒരു ലോകത്ത്, ഫ്രാൻസിസ് പാപ്പാ തന്റെ അപ്പോസ്തോലിക പ്രബോധനമായ "ക്രിസ്തൂസ് വിവിത്ത്" ൽ സ്ഥലകാല ഭേദങ്ങളെ മറികടക്കുന്ന ദൈവത്തിന്റെ ശാശ്വതമായ ദാനങ്ങൾക്ക് ഊന്നൽ നൽകുന്നു. യുവജനങ്ങളെ സുവിശേഷവൽക്കരിക്കുന്നതിനുള്ള വൈവിധ്യമാർന്ന അവസരങ്ങളെ പരിഗണിക്കുമ്പോൾ, പരിശുദ്ധ പിതാവ് സഭയുടെയും സഭയിലെ പിതാക്കന്മാരുടെയും അനുഭവ, പ്രബോധന പാരമ്പര്യങ്ങളിൽ ഇഴുകിച്ചേർന്നിട്ടുള്ള കാലാതീതമായ ദാനങ്ങളുടെ  ശക്തിയെ അടിവരയിടുന്നു. ആ ദിവ്യദാനങ്ങളുടെ സമ്പന്നത പര്യവേക്ഷണം ചെയ്യുകയും കാലാതീതമായ അതിന്റെ  പ്രസക്തിയും  അവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അമൂല്യതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ ജീവനുള്ള വചനം

ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയഭാഗത്ത് കർത്താവിന്റെ ജീവിക്കുന്ന വചനമുണ്ട്. തിരുവെഴുത്തിൽ അന്തർലീനമായ മാറ്റമില്ലാത്ത ശക്തിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. വികസിച്ചുവരുന്ന ശാസ്ത്ര സാങ്കേതിക പരിജ്ഞാനത്തിന്റെ നിഴലിലും, വിശുദ്ധ ഗ്രന്ഥത്തിലടങ്ങിയിട്ടുള്ള വിജ്ഞാനവും ധാർമ്മിക മാർഗ്ഗനിർദേശങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുനില്ല. യുവാക്കൾക്ക് ദിശാബോധവും അഗാധമായ ഉൾക്കാഴ്ചകളും വിഷമഘട്ടങ്ങളിൽ സാന്ത്വനവും നൽകാൻ അവയ്ക്കുള്ള ശക്തി നമുക്ക് നിഷേധിക്കാനാവില്ല. പരിശുദ്ധ പിതാവ് ഈ ഖണ്ഡികയിൽ യുവജനങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തെ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പരിശോധിക്കുകയും, നിരന്തരമായ പ്രചോദന സ്രോതസ്സ് എന്ന നിലയിൽ അതിന്റെ പ്രസക്തി ഊന്നിപ്പറയുകയും ചെയ്യുന്നു.

പരിശുദ്ധ കുർബ്ബാനയിലെ ക്രിസ്തുവിന്റെ പോഷണ സാന്നിദ്ധ്യം

പരിശുദ്ധ കുർബ്ബാന കൃപയുടെയും ക്രിസ്തുവുമായുള്ള ഐക്യത്തിന്റെയും ഉറവിടമാണ്. ഫ്രാ൯സിസ് പാപ്പാ ഈ കൂദാശയുടെ ശാശ്വതമായ പ്രാധാന്യം എടുത്തുകാട്ടുകയും അതിന്റെ പരിവർത്തന ശക്തി അവഗണിക്കരുതെന്ന് വിശ്വാസികളോടു അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പ്രബോധത്തിന്റെ ഈ ഭാഗത്ത് പരിശുദ്ധ പിതാവ് ദിവ്യകാരുണ്യാനുഭവത്തിന്റെ ആഴം പര്യവേക്ഷണം ചെയ്യുന്നു. അത് ക്രൈസ്തവ ജീവിതത്തിന് ശക്തിയും സാക്ഷ്യവും പ്രദാനം ചെയ്യുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. ഇന്ന് പരസ്പരം പോരാടി നിൽക്കുന്ന ലോകത്തിൽ നീതിയുടേയും പങ്കുവയ്ക്കലിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങളെ ഒരൊറ്റ പ്രതീകത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് പരിശുദ്ധ കുർബ്ബാന. അതിന്റെ അർത്ഥവത്തായ പരികർമ്മം യുവാക്കൾക്ക് മാത്രമല്ല സകലർക്കും മറ്റുള്ളവർക്കായി സ്വയം സമർപ്പിച്ചു കൊണ്ട് സ്നേഹം പകരുന്ന ജീവനിലേക്കുള്ള ജീവന്റെ ആഹ്വാനമായി മാറും. അങ്ങനെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ചെറുപ്പക്കാരുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ പരിശുദ്ധകുർബ്ബാന വഹിക്കുന്ന ആദ്ധ്യാത്മികവും ഭൗതീകവുമായ മൂല്യം അവഗണിക്കരുതെന്ന് പാപ്പാ നമ്മോടു പറയുന്നു.

അനുരഞ്ജന കൂദാശ

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ അനുരഞ്ജനത്തിന്റെ കൂദാശയുടെ വിമോചനാത്മകവും ശക്തിദായകവുമായ വശങ്ങൾ പരിശുദ്ധ പിതാവ് അടിവരയിടുന്നു. തെറ്റുപറ്റാവുന്ന മനുഷ്യന്റെ അവസ്ഥയറിഞ്ഞ് ക്രിസ്തുനാഥൻ നമുക്കായി വച്ചു നീട്ടുകയും സഭ തുടർന്നു കൊണ്ടു പോകുകയും ചെയ്യുന്ന അനുരഞ്ജന  കൂദാശയുടെ കാലാതീതമായ പ്രസക്തി മനുഷ്യബലഹീനതയുടെ കാലാതീതതപോലെ തന്നെയാണ് പ്രാധാന്യമേറുന്നതാണ്.  ഏത് കാലഘട്ടത്തിലും ഏത് പ്രായത്തിലും മനുഷ്യന്റെ ബലഹീനതയ്ക്ക് മരുന്നേകുവാൻ അനുരഞ്ജന കൂദാശയ്ക്ക് കഴിയും. മുറിഞ്ഞുപോകുന്ന ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഒന്നാണ് ഈ കൂദാശ. പാപത്തിന്റെ പിടിയിൽ നിന്ന് സ്വാതന്ത്ര്യം നൽകാനുള്ള അതിന്റെ കഴിവും ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ശക്തിയും അത് പ്രദാനം ചെയ്യുന്നത്  പാപ്പാ ചൂണ്ടികാണിക്കുന്നു. സ്വയം കണ്ടെത്താനും, രോഗശാന്തിയും, ആത്മീയ നവീകരണവും നേടിയെടുക്കുവാനും  ഉതകുന്ന പാതയിലേക്ക് യുവജനങ്ങളെ നയിക്കുന്നതിൽ അനുരഞ്ജന കൂദാശയുടെ പങ്ക് പാപ്പാ വ്യക്തമാക്കുന്നു.

സഭയുടെ വറ്റാത്ത ആത്മീയ സമ്പത്ത്

വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളിലൂടെയും ആത്മീയ പിതാക്കന്മാരുടെ അദ്ധ്യാപനങ്ങളിലൂടെയും സഭ സംരക്ഷിച്ചുപോരുന്ന ആത്മീയ സമ്പത്ത് പ്രയോജനപ്പെടുത്താനും ഫ്രാൻസിസ് പാപ്പാ ഇവിടെ നമ്മെ ക്ഷണിക്കുന്നു. വിശുദ്ധരുടെ ജീവിതത്തിലൂടെ വെളിച്ചത്തു വരുന്ന  കാലാതീതമായ വിജ്ഞാനത്തെയും ആത്മീയ ഗുരുക്കന്മാർ നൽകുന്ന അഗാധമായ ഉൾക്കാഴ്ചകളെയും എടുത്ത് പറയുന്ന പാപ്പാ അവ യുവജനങ്ങളെ അവരുടെ ആത്മീയ യാത്രയിൽ പ്രചോദിപ്പിക്കുന്നതിനും നയിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് നമ്മുടെ മുന്നിൽ തുറന്നു വയ്ക്കുന്നത്.

സഭ ആത്മീയ ജ്ഞാനത്തിന്റെ ഒരു കലവറയാണ്. വിശുദ്ധരുടെ അഗാധമായ ആത്മീയാനുഭവങ്ങളുടെ  സംരക്ഷകയായും യുഗാന്തരങ്ങളിലുടനീളം മഹാന്മാരായ ആത്മീയ ഗുരുക്കന്മാർ പകർന്ന അദ്ധ്യാപനങ്ങളുടെ സൂക്ഷിപ്പുകാരിയായും സഭ നിലകൊള്ളുന്നു. സഭ കാത്തുസൂക്ഷിക്കുന്ന അനന്തമായ ആത്മീയ സമ്പത്ത് പര്യവേക്ഷണം ചെയ്യുന്നതും വിശുദ്ധരുടെ തിളക്കമാർന്ന ജീവിത മാതൃകകളാലും ആത്മീയ ഗുരുക്കന്മാരുടെ അഗാധമായ ഉൾക്കാഴ്ചകളാലും നയിക്കപ്പെടുന്ന വിശ്വാസത്തിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര ആരംഭിക്കുക എന്നതും യുവാക്കൾക്ക് ഏറ്റവും പ്രചോദനമേകുന്ന ഒരു തീർത്ഥാടനമാണ് എന്ന് പാപ്പാ ഈ ഭാഗത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു

വിശുദ്ധന്മാരുടെ സാക്ഷ്യം

വിശുദ്ധരുടെ ജീവിതം വെളിച്ചത്തിന്റെ വിളക്കു കാലുകളായി വർത്തിച്ചു കൊണ്ട് ആത്മീയ അന്വേഷകർക്ക് വഴികാട്ടുന്നു. അസാധാരണമായ കൃപയാൽ സ്പർശിക്കപ്പെടുന്നതോടെ ഈ സാധാരണ വ്യക്തികൾ, വിശ്വാസത്തിന്റെ പരിവർത്തന ശക്തിക്ക് സാക്ഷ്യമായി മാറുന്നു. വിശുദ്ധ ഫ്രാ൯സിസ്  അസ്സീസിയുടെ ദാരിദ്ര്യത്തെ സമൂലമായി ആശ്ലേഷിക്കുന്നത് മുതൽ  ദൈവവുമായുള്ള ആത്മീയ സമാഗമം നടത്തിയ ആവിലയിലെ വിശുദ്ധ തെരേസയുടെ ആധ്യാത്മിക സൗധം വരെ, യുവാക്കൾക്ക്  പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായി സഭ വച്ചുനീട്ടുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

വിശുദ്ധർ, അവരുടെ വൈവിധ്യത്തിൽ, ആത്മീയ യാത്രയുടെ ബഹുമുഖ സ്വഭാവം പ്രദർശിപ്പിക്കുന്നു. ചിലർ അചഞ്ചലമായ വിശ്വാസത്തോടെ തങ്ങൾക്കായി ക്രൂശിൽ മരിച്ച ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ പീഡകളേറ്റുവാങ്ങിയ രക്തസാക്ഷികളായിരുന്നു. മറ്റു ചിലർ പ്രാർത്ഥനയുടെയും നിഗൂഢതയുടെയും ആഴങ്ങളിലേക്ക് പര്യവേക്ഷണം നടത്തിയ മിസ്റ്റിക്കുകളായിരുന്നു. അവരുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ, പുണ്യങ്ങളുടേയും, ത്യാഗങ്ങളുടേയും സ്നേഹത്തിന്റെയും സമ്പന്നമായ മാതൃകകളുടെ ഛായാചിത്രങ്ങളും വിശുദ്ധിയിലേക്കുള്ള ക്രിസ്തീയ ആഹ്വാനത്തോടുള്ള അഗാധമായ പ്രതിബദ്ധതയും യുവാക്കൾക്ക് കണ്ടെത്താനാവുമെന്ന് ഫ്രാൻസിസ് പാപ്പാ വിശ്വസിക്കുന്നു.

ആത്മീയ ഗുരുക്കന്മാരുടെ അധ്യാപനം

വിശുദ്ധരുടെ സാക്ഷ്യത്തോടൊപ്പം, ദൈവവുമായുള്ള ആഴത്തിലുള്ള ഐക്യത്തിലേക്ക് ആത്മാക്കളെ നയിച്ച ആത്മീയ പിതാക്കന്മാരുടെ അധ്യാപനങ്ങളും സഭയുടെ ഭണ്ഡാരത്തിലുണ്ട്. ആത്മാവിന്റെ ഇരുണ്ട രാത്രിയെക്കുറിച്ചുള്ള വിശുദ്ധ യോഹന്നാന്റെ രചനകളോ വിവേചനത്തെക്കുറിച്ചുള്ള വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അഗാധമായ വിചിന്തിനങ്ങളോ ആകട്ടെ, സഭയിലെ ആത്മീയ ഗുരുക്കന്മാർ ആന്തരിക ജീവിത ദാഹത്താൽ വലയുന്നവരെ  കൃപയുടെ നിലക്കാത്ത ഉറവകളിലേക്ക് വഴിതെളിക്കുന്നവരാണ്.  അവരുടെ ഉൾക്കാഴ്ചകളുടെ സമൃദ്ധി വിഭാഗീയതയുടെ അതിർവരമ്പുകളെ മറികടന്ന് വിവിധ ആത്മീയ പാരമ്പര്യങ്ങൾക്ക് തുടക്കം കുറിച്ചു.  അവരുടെ ആദ്ധ്യാത്മികാന്വേഷണങ്ങൾ പ്രാർത്ഥനയുടെ സ്വഭാവം, വിരക്തിയുടെ പ്രാധാന്യം, ദിവ്യസ്നേഹത്തിന്റെ പരിവർത്തന ശക്തി എന്നിവ പരിശോധിക്കുന്നു. ഇവയെല്ലാം കാലാതീതമായി തലമുറകൾക്ക് വഴികാട്ടുന്ന നിധിയായി സഭയുടെ സംരക്ഷണയിൽ ഉണ്ട്.

ജീവനുള്ള പാരമ്പര്യം

പുരാതന സഭാപിതാക്കന്മാരുടെ ആത്മീയ നിധിയുടെ മേലുള്ള ഒരു ചടഞ്ഞിരിക്കലല്ല സഭയുടെ പ്രവർത്തന രീതി. ആ പാരമ്പര്യത്തെ  ആധുനിക ജീവിതത്തിന്റെയും സംഭവങ്ങളുടെയും വെളിച്ചത്തിൽ വ്യാഖ്യാനിച്ച് സമകാലീനമാക്കുന്ന ചുമതല നിർവ്വഹിക്കുകയും  മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ആത്മീയ ഗുരുക്കന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും ഒരു നീണ്ട നിര തന്നെ സഭയിലുണ്ട്. കൂടാതെ ഈ വ്യാഖ്യാനങ്ങളെ പരിശോധിച്ച് അവയിലെ പതിരും ധാന്യവും വേർതിരിക്കുന്ന വിശ്വാസ തിരുസംഘവും സഭയുടെ പ്രബോധനങ്ങളെ കുറ്റമറ്റതും കാലാതീതവും ആക്കുന്നു. ഇവയിൽ വേരൂന്നിയ വിശ്വാസം വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ പോന്ന ഊർജ്ജസ്വലമായ ഒരു വഴിയിലേക്ക് യുവാക്കളെ നയിക്കാൻ പ്രാപ്തമാണെന്ന സത്യം പാപ്പാ ഇവിടെ വരച്ചുകാട്ടുന്നു.

വിശുദ്ധരുടെ സാക്ഷ്യങ്ങളിലൂടെ സഭയിൽ പരിശുദ്ധാത്മാവ് നൽകിയ അസാമാന്യമായ ആത്മീയ ഉണർവ്വും ആത്മീയ പിതാക്കന്മാരുടെ പ്രബോധനങ്ങളും വിശ്വാസ യാത്രയിൽ പ്രചോദനങ്ങളുടെ ഉറവിടം തന്നെയാണ്. ഇത് സഭയുടെ അമൂല്യമായ പൈതൃക സ്വത്താണ്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അതിർവരമ്പുകളെ മറികടക്കുന്ന ഈ പൈതൃകം കണ്ടെത്തുകയും അവ സ്വായത്തമാക്കുകയും ചെയ്താൽ  തങ്ങളുടെ വിശ്വാസം ആഴത്തിലാക്കാനും ദൈവത്തോടു അടുക്കാനും ആഗ്രഹിക്കുന്നവർക്ക് കാലാതീതമായ മാർഗ്ഗനിർദ്ദേശം ലഭിക്കും. ഈ ആത്മീയ സമ്പത്തിന്റെ സംരക്ഷകയെന്ന നിലയിൽ, യുഗങ്ങളിലുടനീളം വിശുദ്ധരും ആത്മീയ ഗുരുക്കളും നെയ്ത കൃപാ സമൃദ്ധിയുടെ മനോഹരമായ മേലങ്കിയുടെ സംരക്ഷണത്തിൽ വിശ്വാസത്തെ അനുദിന സാഹചര്യങ്ങളിൽ വ്യാഖ്യാനിക്കാനും ജീവിക്കാനും സഭ നമ്മെ ക്ഷണിക്കുന്നു.

മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഈ ലോകത്ത്, യുവജനങ്ങൾക്ക് ശക്തിയുടെയും മാർഗ്ഗനിർദേശത്തിന്റെയും നെടുംതൂണുകളായി നിലകൊള്ളുന്ന അനശ്വരമായ ഈ സമ്മാനങ്ങളെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നത്. അവയിൽ ഏറ്റം പ്രധാനപ്പെട്ടവയാണ് ഈ ഖണ്ഡികയിലെ പ്രതിപാദ്യം. ദൈവത്തിന്റെ ജീവിക്കുന്ന വചനം,  വിശുദ്ധ കുർബാനയുടെ പരിവർത്തന ശക്തി, അനുരഞ്ജനത്തിന്റെ വിമോചന കൃപ, സഭയുടെ ആത്മീയ പൈതൃകത്തിന്റെ കാലാതീതമായ ജ്ഞാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ  പാപ്പാ ആഹ്വാനം ചെയ്യുന്നു. കാലങ്ങൾ കടന്നു പോയാലും ജീവിക്കുന്ന വചനത്തിന്റെ ഒരു കുത്തോ പുള്ളിയോ മാറില്ല എന്ന ക്രിസ്തുവിന്റെ വാക്കുകളെ മനസ്സിൽ ധ്യാനിച്ച്, എല്ലാ സമയങ്ങളെയും സ്ഥലങ്ങളെയും മറികടക്കുന്ന അനശ്വര സത്യങ്ങളുമായുള്ള നിരന്തരമായ സമ്പർക്കം ജീവിതത്തിന്റെ സങ്കീർണ്ണതകളെ അഭിമുഖികരിക്കാ൯ യുവാക്കളെ പ്രാപ്തരാക്കുക തന്നെ ചെയ്യുമെന്ന് ആധുനിക കാലഘട്ടത്തിലെ യുവാക്കളായ വിശുദ്ധരുടെ ഒരു നീണ്ട നിര നമുക്ക് സാക്ഷ്യം നൽകുന്നത് പരിശുദ്ധ പിതാവിന്റെ ആഹ്വാനത്തിന് നൽകുന്ന ബലമാർന്ന അടിത്തറയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2023, 13:58