തിരയുക

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായുള്ള പ്രാർത്ഥന നയിക്കുന്നു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായുള്ള പ്രാർത്ഥന നയിക്കുന്നു.  (Vatican Media)

ലോകസമാധാനത്തിനായി കത്തോലിക്കാ സഭ പ്രാർത്ഥനാ ദിനമാചരിച്ചു

രാഷ്ട്ര നേതാക്കളെ സമാധാനത്തിന്റെ വഴിതേടാനും, തിന്മയുടെ ശക്തിയാൽ വശീകരിക്കപ്പെട്ട് അധികാരത്തിന്റെയും വെറുപ്പിന്റെയും അന്ധത ബാധിച്ച മക്കളെ അനുരഞ്ജിപ്പിക്കാനും പരിശുദ്ധ മറിയത്തിന്റെ മുന്നിൽ പാപ്പാ പ്രാർത്ഥിച്ചു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇസ്രായേലും പാലസ്തീനയും തമ്മിൽ വിശുദ്ധ നാട്ടിൽ സംഘർഷം തുടരുന്നതിനിടെ ഒക്ടോബർ 18 ന് പൊതുകൂടികാഴ്ചാ പരിപാടിയിൽ സമാധാനത്തിനായുള്ള ആഗോള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ഫ്രാൻസിസ് പാപ്പാ നൽകിയ  ആഹ്വാനം അനുസരിച്ച്  ഒക്ടോബർ 27ന് വിശ്വാസികൾ പ്രാർത്ഥനാ ദിനമാചരിച്ചു.

കത്തോലിക്കാ സഭയുടെ തലവനായ പാപ്പാ ക്രിസ്ത്യാനികളെ മാത്രമല്ല, ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യം പങ്കിടുന്ന എല്ലാ മതവിശ്വാസികളെയും പ്രാർത്ഥിക്കാനായി ക്ഷണിക്കുകയായിരുന്നു. പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ സമാധാനത്തിനായി യാചിക്കാൻ , ഉപവാസത്തിന്റെയും, പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും ദിവസത്തിൽ പങ്കെടുക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ സഹോദരീസഹോദരന്മാരെയും മറ്റ് മതങ്ങളിൽ നിന്നുള്ളവരെയും ലോകത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരേയും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ ഈ സംരംഭത്തിൽ പങ്കുചേരാൻ താ൯ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

അക്രമങ്ങളാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ സമാധാനത്തിനു വേണ്ടി ഒരു ദിവസത്തെ ഉപവാസത്തിനു ശേഷം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പ്രാർത്ഥനയായിരുന്നു ഈ ആഗോള പരിപാടിയുടെ കേന്ദ്രബിന്ദു. ഫ്രാൻസിസ് പാപ്പാ വീൽചെയറിൽ മാതാവിന്റെ രൂപത്തിനു മുന്നിലേക്കാണ് ചെന്നത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മനസാന്തരപ്പെടുത്താനും, കുട്ടികളുടെ കണ്ണീർ തുടക്കാനും, സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചത്തിന്റെ മിന്നൽ തെളിക്കാനും പാപ്പാ പ്രാർത്ഥിച്ചു.

ഏതാനും നിമിഷം മൗനമായി പ്രാർത്ഥിച്ച ശേഷം ജപമാലയുടെ ദുഃഖകരമായ രഹസ്യങ്ങൾ ധാനിച്ചുകൊണ്ട് പ്രാർത്ഥനയാരംഭിച്ചു. കുറച്ചു സമയം നിശബ്ദ പ്രാർത്ഥനയ്ക്കും സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളും ധ്യാന വിഷയമായി. ഇടയനെ അനുഗമിക്കുന്ന ആടുകളെപ്പോലെ പരിശുദ്ധ പിതാവിനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും, മെത്രാൻമാരും, കർദ്ദിനാൾമാരും സിനഡിൽ സംബന്ധിക്കാനെത്തിയ സിനഡംഗങ്ങളും ബസിലിക്കയിൽ സന്നിഹിതരായിരുന്നു. റോമിന്റെ മെത്രാനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികളും പങ്കുചേർന്നു. ജരുസലേമിലും, ഗാസയിലും, കീവിലും, വടക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പ്രാർത്ഥനകൾ നടന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സമാധാനം സ്ഥാപിക്കുക എന്ന പൊതു ലക്ഷ്യത്തോടെ, പ്രായശ്ചിത്തത്തിന്റെ ചൈതന്യത്തോടെ പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും ഒരു മണിക്കൂറിൽ ഭൂഖണ്ഡങ്ങളിലെല്ലാം പാപ്പയോടൊപ്പം ചേരാൻ സന്മനസ്സുള്ളവരെല്ലാം സന്നദ്ധത പ്രകടിപ്പിച്ചു.

വിശുദ്ധ നാട്ടിലെ സംഘർഷം ആഗോള ശ്രദ്ധ ആകർഷിക്കുന്നത് തുടരുമ്പോൾ, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഒരു ദിവസത്തിനായുള്ള പാപ്പായുടെ ആഹ്വാനം പ്രത്യാശയുടെ പ്രതീകമായും മേഖലയിലെ അക്രമവും കഷ്ടപ്പാടും അവസാനിപ്പിക്കാനുള്ള അഭ്യർത്ഥനയായും നിലകൊള്ളുന്നു. കൂടുതൽ യോജിപ്പുള്ളതും സമാധാനപൂർണ്ണവുമായ ഒരു ലോകത്തിനായുള്ള സാർവത്രിക അഭിലാഷത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ സമാധാനത്തിനായി യാചിക്കാൻ ഒത്തുചേർന്നു. പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തോടെയാണ് പ്രാർത്ഥന സമാപിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2023, 20:08