തിരയുക

12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ  ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. 12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ.  (Vatican Media)

യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ നിശബ്ദമായ വേലയെ പ്രകീർത്തിച്ച് പാപ്പാ

12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ തുടക്കത്തിന് കാരണം വി. ചാൾസ് ദെ ഫൗക്കാൾഡിന്റെ കരിസ്മാറ്റിക് അനുഭവം അദ്ദേഹത്തിന്റെ മരണത്തിന് 20 വർഷങ്ങൾക്കിപ്പുറം മഗ്ദലൈൻ ഹുടിനും ആൻ കഡൊരെറ്റും ഏറ്റെടുത്തതാണ് എന്ന് പാപ്പാ അവരോടു പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദൈവത്തെ അന്വേഷിക്കലും, സുവിശേഷത്തിന്റെ സാക്ഷ്യവും, മറഞ്ഞിരിക്കുന്ന ജീവിതത്തോടുള്ള സ്നേഹവും കൊണ്ട് അടയാളപ്പെടുത്തിയ ആ അനുഭവം അവരുടെ സമ്മേളനത്തിന്റെ മാർഗ്ഗരേഖയായി തിരഞ്ഞെടുത്ത യേശുവും സമറിയാക്കാരിയുമായുള്ള കൂടിക്കാഴ്ച (യോഹ 4, 5-42) വിവരിക്കുന്ന സുവിശേഷത്തിന്റെ വെളിച്ചത്തിൽ പാപ്പാ വിശദീകരിച്ചു.

ദൈവത്തെ അന്വേഷിക്കൽ

ഏറ്റവും പ്രധാനപ്പെട്ടതാണ്  ഇക്കാര്യം എന്നു പറഞ്ഞ് നമ്മുടെ ആഗ്രഹങ്ങളുടെ ദാഹം ശമിപ്പിക്കുന്ന ജീവജലമായ തന്റെ വചനത്തിന്റെ കിണറ്റിൻകരയിൽ ഗുരു അവരെ കാത്തു നിൽക്കുകയാണെന്നും വി. ചാൾസ് ചെയ്തിരുന്നതുപോലെ  അവന്റെ കാല്ക്കലിരുന്ന് ആരാധനയോടെ  ശ്രവിക്കുന്ന ശീലം പരിപോഷിപ്പിക്കണമെന്നും സന്യാസിനികളെ പാപ്പാ ഓർമ്മിപ്പിച്ചു. അങ്ങനെ ഹൃദയങ്ങൾ, മറ്റുള്ളവരോടു അതിക്രമം കാട്ടാത്ത, ദൈവത്തിന്റെ വഴികളിലേക്ക് തുറക്കപ്പെടുമെന്നും പാപ്പാ പറഞ്ഞു. സമറിയാക്കാരിക്ക് നൽകിയതുപോലെ യേശു തന്റെ സ്നേഹം നൽകുമ്പോൾ, ജീവിതം ഒരു സമ്മാനമാക്കി മാറ്റി ആ വെല്ലുവിളി ഏറ്റെടുക്കേണ്ടതവരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദരിദ്രർക്ക് സുവിശേഷത്തിന്റെ സാക്ഷ്യം

രണ്ടാമത്തെ മാർഗ്ഗരേഖയെക്കുറിച്ച് സംസാരിക്കവെ സുവിശേഷത്തിന്റെ സാക്ഷ്യം, വാക്കാലും, ഉപവി പ്രവർത്തികളാലും, സഹോദര്യ, പ്രാർത്ഥനാത്മക, ആരാധനാ സാന്നിധ്യത്താൽ മറ്റുള്ളവർക്ക് സമ്മാനമായി നൽകേണ്ടത് അവരുടെ സിദ്ധിയുടെ ഹൃദയമാണെന്ന് പാപ്പാ വിശദീകരിച്ചു. സുവിശേഷം മേൽക്കൂരയിൽ നിന്ന് വിളിച്ചു പറയാൻ ആവശ്യപ്പെട്ട വി. ചാൾസിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച പാപ്പാ യേശുവിനെ അവരുടെ മുഴുവൻ വ്യക്തിത്വത്തിൽ നിന്നും അറിയപ്പെടുത്താനും പ്രാർത്ഥനയാലും, നന്മയാലും മാതൃകയാലും അപരർക്കായി സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇന്നത്തെ സമൃദ്ധി നിറഞ്ഞ ലോകത്തിൽ നന്മ വർദ്ധിക്കേണ്ടതിനു പകരം ഹൃദയം കഠിനവും അടഞ്ഞതുമായി മാറുന്ന കാലത്ത് ഇതാവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

മറഞ്ഞിരിക്കുന്ന ജീവിതത്തോടുള്ള സ്നേഹം

പ്രകടനങ്ങളാൽ മലീമസമായ സമൂഹത്തിൽ മറഞ്ഞിരിക്കുന്ന ജീവിതത്തോടുള്ള സ്നേഹം സ്വയം ചെറുതായിക്കൊണ്ട് എളിയവരുടെ ജീവിതം പങ്കിടുകയാണ് എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വി. ഫൗകാൾഡിന്റെ ജീവിതത്താൽ പ്രചോദിതരായ അവരോടു ഇക്കാര്യം നമ്മുടെ കാലത്തിന്റെ ശക്തമായ ഒരു പ്രവാചകദൗത്യമായി പരിപോഷിപ്പിക്കാനും " മേക്കപ്പ് സംസ്കാരം " മലിനമാക്കിയ കാലത്ത് മറഞ്ഞിരിക്കൽ ദൈവത്തിന്റെ ശരിയായ വഴിയാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിനോടും ദരിദ്രരോടും ലളിതവും ഉദാരവുമായ സ്നേഹത്തിലായിരിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും റോമാ രൂപതയിൽ ഏറ്റം പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി അവരേകുന്ന നിശബ്ദമായ വേലയ്ക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2023, 20:59