പാപ്പാ : സമാധാനത്തിനും സിനഡിനും വേണ്ടി പ്രാർത്ഥിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഞായറാഴ്‌ച ത്രികാല പ്രാർത്ഥനയ്‌ക്ക് ശേഷം, "പീഡിതയായ യുക്രെയിനിലും യുദ്ധത്തിൽ മുറിവേറ്റ എല്ലാ രാജ്യങ്ങളിലും സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം" എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ സഭയ്ക്കും ലോകത്തിന്റെ ആവശ്യങ്ങൾക്കും വേണ്ടി പരിശുദ്ധ കന്യകാ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കാനും ജപമാല പ്രാർത്ഥനയുടെ സൗന്ദര്യം ആശ്ലേഷിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. സമാധാനത്തിനും ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളുടെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു.
കൂടാതെ, 2023 ഒക്ടോബർ 4-ന് ആരംഭിക്കാനിരിക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് തന്റെ ശ്രദ്ധ തിരിച്ച ഫ്രാൻസിസ് പാപ്പാ ഈ സുപ്രധാന സംരംഭത്തിനായി പ്രാർത്ഥനകൾ അർപ്പിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. "സഭയുടെ സിനഡലിറ്റി എന്ന വിഷയത്തിൽ ഈ മാസം ആദ്യ അസംബ്ലിയിൽ സംബന്ധിക്കുന്ന സിനഡ് പിതാക്കന്മാർക്കായും നമുക്കു പ്രാർത്ഥിക്കാം." എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
സമാധാനത്തിനും സിനഡിന്റെ വിജയത്തിനും വേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം നിർണായകമായ ആഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സഭയ്ക്കുള്ളിൽ ഐക്യം വളർത്തുന്നതിനുമുള്ള പാപ്പായുടെ സമർപ്പണത്തെയാണ് എടുത്തുകാണിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: