പാപ്പാ: സുവിശേഷത്തിലൂടെ യേശുവിന്റെ ഹൃദയത്തെ അറിയുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"1854 ഡിസംബർ എട്ടിന് ഫാ. ജൂൾസ് ഷെവലിയർ ഫ്രാൻസിലെ ഇസോഡൂണിൽ ആരംഭിച്ച മിഷനറീസ് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന അവരുടെ സഭയുടെ ഉൽഭവം ഓർമ്മപ്പെടുത്തിയ പാപ്പാ കാലക്രമേണ, ഈ അടിത്തറ പരിശുദ്ധ മറിയത്തിന് തിരുഹൃദയ പുത്രിമാരുടേയും, തിരുഹൃദയ മിഷനറി സന്യാസിനികളുടേയും സഭകളുടെ സ്ഥാപനത്തിലേക്ക് നയിച്ചതും ഷെവലിയർ കുടുംബത്തോടു പിന്നീട് അൽമായരും ചേർന്നു വിപുലമായതും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിച്ചു.
പ്രസംഗത്തിൽ ഫ്രാൻസിസ് പാപ്പാ അവരുടെ സഭാ സ്ഥാപകനായ ഫാദർ ജൂൾസ് ഷെവലിയറുടെ ദൈവസ്നേഹത്തെ അറിയാക്കാനുള്ള മിഷനറി വീക്ഷണത്തെ ഉയർത്തിപ്പിടിച്ച പാപ്പാ അവരുടെ പൊതു സമ്മേളനത്തിന് വഴികാട്ടിയാകാൻ തിരഞ്ഞെടുത്ത എമ്മാവൂസ് സംഭവത്തെ (ലൂക്കാ. 24:13-35) ആഴത്തിൽ വിശദീകരിച്ചു. അവരുടെ കരിസ്മാറ്റിക് സ്വത്വവും, മിഷനറി പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന എമ്മാവൂസ് സംഭവത്തിൽ യേശുവിന്റെ ഹൃദയത്തെ സുവിശേഷത്തിലൂടെ അറിയുക, സാഹോദര്യപൂർവ്വമായ പങ്കുവയ്പ്പിലൂടെ സുവിശേഷ സന്ദേശത്തെ ആഴപ്പെടുത്തുക, അത് എല്ലാവരോടും പ്രേഷിത ദൗത്യത്തിന്റെ സന്തോഷത്തോടെ പ്രഘോഷിക്കുക എന്നീ മൂന്ന് പ്രധാന മനോഭാവങ്ങൾ പാപ്പാ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. സുവിശേഷത്തിലൂടെ യേശുവിന്റെ ഹൃദയം മനസ്സിലാക്കുകയെന്നാൽ ആ ജീവിതത്തെ ധ്യാനിക്കുക എന്നാണ്. സുവിശേഷത്തെ "തിരുഹൃദയത്തിന്റെ പുസ്തകം" എന്ന് നിർവചിച്ച ഷവലിയർ ഓരോ ദാരിദ്ര്യവും സ്പർശിച്ച യേശുവിന്റെ അതിരുകളില്ലാത്ത കാരുണ്യം എളിയവരിലും, ദരിദ്രരിലും ദുരിതമനുഭവിക്കുന്നവരിലും, പാപികളിലും ചൊരിയാൻ എല്ലാവരേയും ക്ഷണിക്കുകയായിരുന്നു എന്ന് പാപ്പാ പറഞ്ഞു.
സുവിശേഷ ചിത്രീകരണത്തെക്കുറിച്ച് ചിന്തിക്കാൻ പാപ്പാ മിഷനറിമാരെ പ്രേരിപ്പിച്ചു. എമ്മാവൂസ് ഒരു സിദ്ധാന്തപ്രഘോഷണമല്ല മറിച്ച്, പറഞ്ഞ കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പൂർത്തീകരിച്ചവന്റെ സാക്ഷ്യമാണ്. ദൈവത്തെ സ്നേഹിച്ച് സഹോദരർക്കായി കുരിശിൽ ഹൃദയം സ്നേഹത്തിനായി കുത്തിതുറക്കപ്പെട്ടവന്റെ സാക്ഷ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഉത്ഥിതൻ അപ്പം മുറിക്കലിലാണ് തന്നെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ ഇടയാക്കിയത് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ "തിരുഹൃദയത്തിന്റെ മാതാവിനെ" വണങ്ങുന്ന അവർക്ക് ഈ സത്യങ്ങൾ ഹൃദയത്തിൽ സംരക്ഷിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ട് തന്റെ പുത്രന്റെ ഹൃദയം നമുക്കു കാണിച്ചു തന്ന മറിയത്തെപ്പോലെ (ലൂക്കാ 2:19). സുവിശേഷത്തെക്കുറിച്ച് ധ്യാനിച്ച് യേശുവിന്റെ ഹൃദയം അറിയാൻ ആഹ്വാനം ചെയ്തു.
ഈ അനുഭവം നമ്മുടെ പാതയിൽ വെളിച്ചമാകാൻ പങ്കുവയ്ക്കൽ കൊണ്ട് അത് സമ്പന്നമാക്കണം. അതിനാൽ പങ്കുവയ്ക്കലിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. ദൈവവചനം മനസ്സിലാക്കേണ്ടതും ആഴപ്പെടുത്തേണ്ടതും പങ്കുവയ്ക്കലിലൂടെയുള്ള സമ്പുഷ്ടതയിലൂടെയാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. കർത്താവിനെ കണ്ടുമുട്ടിയതിന്റെ ആശ്ചര്യകരമായ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാ൯ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അവസാനമായി, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ പങ്കിടാൻ ഉടൻ തന്നെ ജെറുസലേമിലേക്ക് മടങ്ങിയ ശിഷ്യന്മാരെപ്പോലെ, സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ തങ്ങളുടെ ദൗത്യത്തിൽ യേശു അനുഭവം പ്രഘോഷിക്കാൻ പാപ്പാ അവരോടു അഭ്യർത്ഥിച്ചു. പൊതുസമ്മേളനത്തിന്റെ ആപ്തവാക്യമായി അവർ എടുത്ത എന്നിൽ നിന്ന് പൊതുപരിസരത്തിലേക്ക് "എന്നതിനെ പരാമർശിച്ച പാപ്പാ അത് ' 'തന്നിൽ നിന്ന് പൊതു ഭവനത്തിലേക്കും, കുടുംബത്തിലേക്കും, സമൂഹത്തിലേക്കും സൃഷ്ടിയിലേക്കുള്ളതാണെന്നും ഇത് വളരെ ശക്തമായ ഒരു പ്രായോഗവും ഭാവിയിലേക്കുള്ള പ്രതിബദ്ധതയുമാണെന്നും അവരെ ഓർമ്മിപ്പിച്ചു. വെല്ലുവിളികൾക്കു കുറവില്ലെന്നും ദരിദ്രരും, കുടിയേറ്റക്കാരും അനേകം ദുരിതങ്ങളും അനീതിയു ലോകത്തിൽ തുടരുമ്പോൾ അവയുടെ മുന്നിൽ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ആർദ്രതയാൽ അവരുടെ പദ്ധതികളെ നയിക്കാനും പുനർനിർമ്മിക്കാനും അനുവദിക്കാൻ പാപ്പാ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ ഹൃദയം മനസ്സിലാക്കാൻ സുവിശേഷത്തെക്കുറിച്ച് ധ്യാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകൾ പരസ്പരം പങ്കിടാനും അവരുടെ സ്ഥാപകന്റെ മാതൃക പിന്തുടർന്ന് ധൈര്യത്തോടും സന്തോഷത്തോടും കൂടി അവരുടെ ദൗത്യം നിർവ്വഹിക്കാനും പാപ്പാ അവരോടു അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: