തിരയുക

ഫ്രാൻസീസ് പാപ്പാ മെത്രാന്മാരുടെ സിനഡ് ഉദ്ഘാർടന ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുന്നു, 04/10/23 ഫ്രാൻസീസ് പാപ്പാ മെത്രാന്മാരുടെ സിനഡ് ഉദ്ഘാർടന ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുന്നു, 04/10/23  (ANSA)

പാപ്പാ: സാഹോദര്യം വാഴുന്ന, ഐക്യപ്പെട്ട സഭയായിരിക്കുക!

ഒക് ടോബർ 4-ന് മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ ഉദ്ഘാടന ദിവ്യബലി ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കപ്പെട്ടു. തദ്ദവസരത്തിൽ പാപ്പാ പങ്കുവച്ച സുവിശേഷ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനം രൂപതാതലത്തിലും പ്രാദേശിക മെത്രാൻസംഘങ്ങളുടെ തലത്തിലും ഭൂഖണ്ഡതലത്തിലും നടന്ന പ്രാരംഭ യോഗങ്ങൾക്കു ശേഷം സാർവ്വത്രികസഭാതലത്തിലുള്ള സമ്മേളനത്തിലേക്കു കടക്കുകയാണ്. ഈ ഘട്ടം രണ്ടു പ്രാവശ്യമായിട്ടായിരിക്കും പൂർത്തിയാക്കപ്പെടുക. ആദ്യഘട്ടം വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഈ നാലാം തീയതി ബുധനാഴ്ച മുതൽ ഈ മാസം 29 വരെയാണ്. രണ്ടാം ഘട്ടം 2024 ഒക്ടോബറിലായിരിക്കും.

ഈ സിനഡുസമ്മേളനത്തിൻറെ പ്രഥമഘട്ടത്തിൻറെ ഉദ്ഘാടന ദിവ്യബലി ഫ്രാൻസീസ്പാപ്പാ, താൻ ഇക്കഴിഞ്ഞ ശനിയാഴ്‌ച, സെപ്റ്റംബർ 30-ന് കർദ്ദിനാളന്മാരാക്കിയ നവകർദ്ദിനാളന്മാരും ഇതര സിനഡുപിതാക്കന്മാരും വൈദികരുമൊത്ത് നാലാം തീയതി ബുധനാഴ്ച  (04/10/23) രാവിലെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിച്ചു.

ഈ വിശുദ്ധകുർബ്ബാന മദ്ധ്യേ പാപ്പാ നടത്തിയ സുവിശേഷ  പ്രഭാഷണം മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 25-30 (മത്തായി 11:25-30) വരെയുള്ള വാക്യങ്ങളെ, അതായത്, സ്വർഗ്ഗീയ താതൻ സകലവും ബുദ്ധിമാന്മാർക്കല്ല ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുത്തതിനാൽ യേശു അവിടത്തെ സ്തുതിക്കുന്ന ഭാഗത്തെ അവലംബമാക്കിയുള്ളതായിരുന്നു.

സുവിശേഷ സന്ദേശം

മത്തായിയുടെ സുവിശേഷത്തിൽ  പതിനൊന്നാം അദ്ധ്യായം 25-30 (മത്തായി 11:25-30) വരെയുള്ള  സുവിശേഷഭാഗത്തിനു തൊട്ടു മുമ്പുള്ള വിവരണം യേശുവിൻറെ ദൗത്യത്തിൽ, “അജപാലനപരമായ ഒരു ശൂന്യത” എന്നു നമുക്കു നിർവ്വചിക്കാനാകുന്ന, ദുഷ്കരമായ ഒരു വേളയെക്കുറിച്ചുള്ളതാണെന്ന് അനുസ്മരിച്ചുകൊണ്ട് തൻറെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടരുന്നു:

യോഹന്നാൻറെ സന്ദേഹം

യേശുതന്നെയാണോ യഥാർത്ഥ മിശിഹായെന്ന സന്ദേഹം സ്നാപകയോഹന്നാനുണ്ടാകുന്നു; യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, അവിടന്ന് കടന്നുപോയ, നിരവധിയായ നഗരങ്ങൾ മാനസാന്തരപ്പെട്ടില്ല; സ്നാപകൻ തീവ്രവിരക്തിയുള്ളവനായിരുന്നതിനാൽ കുറച്ച് മുമ്പ്  അവനെക്കുറിച്ച് പരാതിപ്പെട്ട ജനം (മത്തായി 11:2-24 കാണുക) യേശു ഭോജനപ്രിയനും വീഞ്ഞുകുടിയനും ആണെന്ന് കുറ്റപ്പെടുത്തുന്നു. എന്നിരുന്നാലും, യേശു ദുഃഖത്തിൽ നിപതിക്കുന്നില്ല, പ്രത്യുത, സ്വർഗ്ഗീയ പിതാവ് ദൈവരാജ്യത്തിൻറെ രഹസ്യങ്ങൾ എളിയവർക്ക് വെളിപ്പെടുത്തിയതിനാൽ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി ആ പിതാവിനെ സ്തുതിക്കുന്നതായിട്ടാണ് നാം കാണുക: "സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും നാഥനായ പിതാവേ,  ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.” (മത്തായി 11, 25). അതിനാൽ, ഏകാന്തതയുടെ നിമിഷത്തിൽ, അതിനപ്പുറം കാണാൻ കഴിവുള്ള ഒരു വീക്ഷണം യേശുവിനുണ്ട്: അവിടന്ന് പിതാവിൻറെ ജ്ഞാനത്തെ പുകഴ്ത്തുന്നു, ഒപ്പം അദൃശ്യമായി വളരുന്ന നന്മ, എളിയവർ സ്വീകരിച്ച വചനത്തിൻറെ വിത്ത്, നിശയിലും വഴികാട്ടുന്ന ദൈവരാജ്യത്തിൻറെ വെളിച്ചം   തിരിച്ചറിയാൻ അവിടത്തേക്ക് കഴിയുന്നു.

സിനഡുയോഗം

പ്രിയ കർദ്ദിനാളന്മാരും മെത്രാന്മാരുമായ സഹോദരരേ, സഹോദരീസഹോദരന്മാരേ, നമ്മൾ മെത്രാന്മാരുടെ സിനഡിൻറെ പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനവേളയിലാണ്. മാനുഷിക തന്ത്രങ്ങളോ രാഷ്ട്രീയ കണക്കുകൂട്ടലുകളോ പ്രത്യയശാസ്ത്ര പോരാട്ടങ്ങളോ തീർത്ത, തീർത്തും സ്വാഭാവികമായ ഒരു വീക്ഷണം നമുക്ക് ആവശ്യമില്ല. നാം ഇവിടെ ഒന്നുചേർന്നിരിക്കുന്നത് ഒരു കാര്യാലോചനാ യോഗം ചേരുന്നതിനോ  നവീകരണ പദ്ധതി നടപ്പാക്കുന്നതിനോ അല്ല. അതിനല്ല. പിതാവിനെ സ്തുതിക്കുകയും ക്ലേശിതരെയും മർദ്ദിതരെയും സ്വീകരിക്കുകയും ചെയ്യുന്ന യേശുവിൻറെ വീക്ഷണത്തോടുകൂടി ഒത്തൊരുമിച്ച് ചരിക്കാനാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് യേശുവിൻറെ നോട്ടത്തിൽ നിന്ന് ആരംഭിക്കാം, അത് അനുഗ്രഹദായകവും സ്വാഗതം ചെയ്യുന്നതുമായ നോട്ടമാണ്.

യേശുവിൻറെ നോട്ടം

അത്, സർവ്വോപരി, അനുഗ്രഹീത വീക്ഷണമാണ്. തിരസ്‌കരണം അനുഭവിച്ചിട്ടും, തനിക്ക് ചുറ്റും ഏറെ ഹൃദയകാഠിന്യം കണ്ടിട്ടും നിരാശയുടെ തടവിലാകാൻ ക്രിസ്തു സ്വയം അനുവദിക്കുന്നില്ല, അവിടന്ന് ദുഃഖിതനാകുന്നില്ല, സ്തുതിപ്പിന് അറുതിവരുത്തുന്നില്ല; പിതാവിനുള്ള പ്രാഥമ്യത്തിൽ അധിഷ്ഠിതമായ അവിടത്തെ ഹൃദയം കൊടുങ്കാറ്റിലും ശാന്തമായി നിലകൊള്ളുന്നു.

കർത്താവിൻറെ ഈ അനുഗ്രഹപ്രദായക നോട്ടം, ആനന്ദഭരിതാത്മാവോടെ,  ദൈവത്തിൻറെ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുകയും വർത്തമാനകാലത്തെ വിവേചിച്ചറിയുകയും ചെയ്യുന്ന ഒരു സഭയാകാൻ നമ്മെയും ക്ഷണിക്കുന്നു. നമ്മുടെ കാലത്തെ ചിലപ്പോഴൊക്കെ പ്രക്ഷുബ്ധമായ തിരമാലകൾക്കിടയിൽ, ഈ സഭ  നിരാശപ്പെടുന്നില്ല, പ്രത്യയശാസ്ത്ര പഴുതുകൾ തേടുന്നില്ല, നേടിയെടുത്ത ബോധ്യങ്ങൾകൊണ്ട് സ്വയം പ്രതിരോധം തീർക്കുന്നില്ല, സൗകര്യപ്രദമായ പരിഹാരങ്ങൾക്ക് വഴങ്ങുന്നില്ല, തൻറെ അജണ്ട നിർദ്ദേശിക്കാൻ ലോകത്തെ അനുവദിക്കുന്നില്ല. ഇതാണ് സഭയുടെ ആത്മീയ ജ്ഞാനം, വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ഇത് ഇങ്ങനെ സ്വച്ഛതയോടെ സംഗ്രഹിച്ചിരിക്കുന്നു: "പൂർവ്വികരിൽ നിന്ന ലഭിച്ച സത്യത്തിൻറെ  വിശുദ്ധ പൈതൃകത്തിൽ നിന്ന് സഭ ഒരിക്കലും അവളുടെ കണ്ണുകൾ മാറ്റാതിരിക്കേണ്ടത് പ്രഥമതഃ ആവശ്യമാണ്; അതോടൊപ്പം ലോകത്തിൽ പുതിയ സാഹചര്യങ്ങളും പുതിയ ജീവിതരീതികളും സംജാതമാക്കുകയും കത്തോലിക്കാ പ്രേഷിതപ്രവർത്തനത്തിന് പുതിയ വഴികൾ തുറന്നിടുകയും ചെയ്ത വർത്തമാനകാലത്തേയും നോക്കേണ്ടതുണ്ട്" (രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ പ്രോദ്ഘാടന പ്രഭാഷണം, 11 ഒക്ടോബർ 1962).

ദൈവത്തിൽ നയനങ്ങൾ ഉറപ്പിക്കുക

ഇന്നത്തെ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും ഭിന്നതയുടെയും സംഘർഷത്തിൻറെയും മനോഭാവത്താൽ നേരിടാത്തതും, മറിച്ച്, കൂട്ടായ്മയായ ദൈവത്തിൽ കണ്ണുനട്ട്, അവിടത്തെ തൻറെ ഏക കർത്താവായി അംഗീകരിച്ചുകൊണ്ട്  വിസ്മയത്തോടും വിനയത്തോടും കൂടി വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്നതുമായ സഭയായിരിക്കാൻ യേശുവിൻറെ അനുഗ്രഹപ്രദായക നോട്ടം നമ്മെ ക്ഷണിക്കുന്നു.  നാം അവനുള്ളവരാണ്, - ഇത് നമുക്ക് ഓർക്കാം - അവനെ ലോകത്തിലേക്ക് സംവഹിക്കാൻ മാത്രമാണ് നാം നിലനിൽക്കുന്നത്. പൗലോസപ്പോസ്തലൻ നമ്മോട് പറഞ്ഞതുപോലെ, "നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും നമുക്ക് മേന്മയില്ല " (ഗലാ 6:14). ഇത് മതി, നമുക്ക് അവൻ മതി. നമുക്ക് ഭൗമിക മഹത്വങ്ങൾ ആവശ്യമില്ല, ലോകത്തിൻറെ ദൃഷ്ടിയിൽ നമ്മെത്തന്നെ സുഭഗരാക്കാൻ  നാം ആഗ്രഹിക്കുന്നില്ല, മറിച്ച് സുവിശേഷ സാന്ത്വനത്താൽ ലോകത്തിലെത്താനും, ദൈവത്തിൻറെ അനന്തമായ സ്നേഹത്തിന് എല്ലാവർക്കും മെച്ചപ്പെട്ട സാക്ഷ്യം വഹിക്കാനും നാം ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ഒരു സിനഡുയോഗത്തിൽ ബെനഡിക്ട് പതിനാറാമൻ പ്രസ്താവിച്ചതുപോലെ, "നമ്മളോടുള്ള ചോദ്യം ഇതാണ്: ദൈവം സംസാരിച്ചു, അവൻ യഥാർത്ഥത്തിൽ വലിയ നിശബ്ദത ഭഞ്ജിച്ചു, അവൻ സ്വയം വെളിപ്പെടുത്തി, എന്നാൽ ഈ യാഥാർത്ഥ്യം രക്ഷയായി ഭവിക്കേണ്ടതിന് അത് ഇന്നത്തെ മനുഷ്യനിൽ എങ്ങനെ എത്തിക്കാനാകും,?" (ബിഷപ്പുമാരുടെ സിനഡിന്റെ XIII  സാധാരണ പൊതുസമ്മേളനത്തിൻറെ I ജനറൽ കോൺഗ്രിഗേഷനിൽ ധ്യാനം 2012 ഒക്ടോബർ 8). ഇതാണ് അടിസ്ഥാന ചോദ്യം. സിനഡിൻറെ പ്രാഥമിക ദൗത്യം ഇതാണ്: നരകുലത്തെ കരുണയോടെ നോക്കുന്ന സഭയായിരിക്കുന്നതിന് നമ്മുടെ നോട്ടം ദൈവത്തിലേക്ക് വീണ്ടും കേന്ദ്രീകരിക്കുക. ശ്രവിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്ന ഐക്യപ്പെട്ടതും സാഹോദര്യം വാഴുന്നതുമായ സഭ, ചുരുങ്ങിയത്, ഐക്യവും സാഹോദര്യവും ഉള്ളതായിരിക്കാൻ പരിശ്രമിക്കുകയെങ്കിലും ചെയ്യുന്ന സഭ; അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, കർത്താവിനെ അന്വേഷിക്കുന്നവരെ സഹായിക്കുന്ന, നിസ്സംഗരെ ഗുണകരമാംവിധം ചലിപ്പിക്കുന്ന, വിശ്വാസത്തിൻറെ സൗന്ദര്യത്തിലേക്ക് ആളുകളെ നയിക്കുന്നതിനുള്ള പാതകൾ വെട്ടിത്തുറക്കുന്ന ഒരു സഭ. ദൈവം കേന്ദ്രമായുള്ളതും അതുകൊണ്ടുതന്നെ ആന്തരികമായി വിഭജിക്കപ്പെടാത്തതും പുറമെ ഒരിക്കലും കർക്കശമല്ലാത്തതുമായ ഒരു സഭ. യേശുവിനോടൊപ്പം സാഹസികമായി നീങ്ങുന്ന സഭ. ഇങ്ങനെയുള്ളൊരു സഭയെയാണ്, മണവാട്ടിയായ സഭയെയാണ് യേശു ആഗ്രഹിക്കുന്നത്.

യേശുവിൻറെ സ്വാഗതം ചെയ്യുന്ന നോട്ടം 

അനുഗ്രഹീതമായ ഈ നോട്ടത്തിനു ശേഷം, ക്രിസ്തുവിൻറെ സ്വാഗത നോട്ടത്തെക്കുറിച്ചു നമുക്ക് ധ്യാനിക്കാം. തങ്ങൾ ജ്ഞാനികളാണെന്ന് വിശ്വസിക്കുന്നവർക്ക് ദൈവത്തിൻറെ പ്രവൃത്തി തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ, യേശു പിതാവിൽ സന്തോഷിക്കുന്നു, കാരണം അവിടന്ന് ചെറിയവർക്കും, എളിയവർക്കും, ആത്മാവിൽ ദരിദ്രർക്കും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. അതിനാൽ, തൻറെ ജീവിതത്തിലുടനീളം, യേശു ഏറ്റവും ദുർബ്ബലരും കഷ്ടപ്പെടുന്നവരും തിരസ്കൃതരും ആയവരോട് ആതിഥ്യമരുളുന്ന ഈ നോട്ടം കൈക്കൊള്ളുന്നു. നാം ശ്രവിച്ച കാര്യങ്ങൾ എന്നു പറഞ്ഞുകൊണ്ട് അവൻ അവരെ പ്രത്യേകം സംബോധന ചെയ്യുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻറെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്തായി 11:28).

യേശുവിൻറെ സ്വാഗതം ചെയ്യുന്ന ഈ നോട്ടം, വാതിലുകൾ അടച്ചുപൂട്ടിയതല്ല, ആതിഥ്യമരുളുന്ന ഒരു സഭയാകാൻ,  നമ്മെയും ക്ഷണിക്കുന്നു. നമ്മുടേത് പോലൊരു സങ്കീർണ്ണമായ കാലഘട്ടത്തിൽ, സാംസ്കാരികവും അജപാലനപരവുമായ നൂതന വെല്ലുവിളികൾ ഉയർന്നുവരുന്നു, അവയെ സധൈര്യം നേരിടുന്നതിന് ഹൃദ്യവും സൗമ്യവുമായ ആന്തരിക മനോഭാവം ആവശ്യമാണ്. ഈ സിനഡു സംഭാഷണത്തിൽ, ദൈവജനമെന്ന നിലയിൽ നാം ഒരുമിച്ചു നടത്തുന്ന ഈ മനോഹരമായ "പരിശുദ്ധാത്മ യാത്ര"യിൽ, നമുക്ക് കർത്താവിൻറെ നയനങ്ങളാൽ ഇന്നിൻറെ വെല്ലുവിളികളെ നോക്കുന്നതിന് അവിടന്നുമായി ഐക്യത്തിലും സൗഹൃദത്തിലും വളരാൻ സാധിക്കും. വിശുദ്ധ പോൾ ആറാമൻറെ മനോഹരമായ ഒരു പദപ്രയോഗം ഉപയോഗിക്കുകയാണെങ്കിൽ, "സംഭാഷണം നടത്തുന്ന" ഒരു സഭയാകുന്നതിന് (എൻസൈക്ലിക്കൽ ലെറ്റർ എക്ലേസിയാം സുവാം, 67).

പ്രലോഭനത്തിൽ നിന്നു നമ്മെ തടയുന്ന യേശുവിൻറെ നോട്ടം 

സഹോദരീസഹോദരന്മാരേ, ദൈവത്തിൻറെ വിശുദ്ധ ജനമേ, നമ്മെ കാത്തിരിക്കുന്ന പ്രയാസങ്ങൾക്കും വെല്ലുവിളികൾക്കും മുന്നിൽ, യേശുവിൻറെ അനുഗ്രഹീതവും സ്വാഗതം ചെയ്യുന്നതുമായ നോട്ടം, നാം, അപകടകരമായ ചില പ്രലോഭനങ്ങളിൽ വീഴുന്നതിൽ നിന്ന് നമ്മെ തടയുന്നു:  അതായത്, ലോകത്തിനെതിരെ സായുധയാകുന്നതും പിന്നില്ക്കു നോക്കുന്നതുമായ കർക്കശമായ ഒരു സഭ, മന്ദോഷ്ണയായ ഒരു സഭ, ലോകത്തിൻറെ രീതികൾക്ക് അടിയറവു പറയുന്ന ഒരു സഭ, തന്നിലേക്കുതന്നെ ഉൾവലിഞ്ഞ പരിക്ഷീണിതയായ ഒരു സഭ.

ഒരുമിച്ചുള്ള യാത്ര- വിശുദ്ധ ഫ്രാൻസീസ് അസ്സീസി

നമുക്ക് ഒരുമിച്ച് നടക്കാം: എളിമയുള്ളവരും തീക്ഷ്ണതയുള്ളവരും സന്തോഷമുള്ളവരുമായി മുന്നേറാം. ദാരിദ്ര്യത്തിൻറെയും സമാധാനത്തിൻറെയും പുണ്യവാളനായ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻറെ കാല്പാടുകൾ നമുക്ക് പിൻചെല്ലാം. ദൈവത്തിൻറെ “ഭ്രാന്തനായ” ആ വിശുദ്ധൻ യേശുവിൻറെ തിരുമുറിവുകൾ സ്വന്തം ശരീരത്തിൽ പേറി, അത് ക്രിസ്തുവിനെ ധരിക്കുന്നതിനായിരുന്നു, അതിനായി സകലവും ഉപേക്ഷിച്ചു. ആന്തരികവും ബാഹ്യവുമായ ഈ ശൂന്യവത്ക്കരണം നമുക്കും സ്ഥാപനങ്ങൾക്കും എത്രമാത്രം ദുഷ്കരമാണ്! വിശുദ്ധ ഫ്രാൻസീസ് അസ്സീസി പ്രാർത്ഥിക്കുമ്പോൾ കുരിശുരൂപം അവനോട് “നീ പോയി എൻറെ പള്ളി നന്നാക്കുക” എന്ന് അരുളിചെയ്തതായി വിശുദ്ധ ബൊനവെഞ്ചർ പറയുന്നു.  ഇത് നമ്മെ ഓർമ്മിപ്പിക്കാൻ സിനഡ് സഹായകമാണ്: നമ്മുടെ സഭാ മാതാവിന് എല്ലായ്പ്പോഴും ശുദ്ധീകരണം ആവശ്യമാണ്, "കേടുപാടുകൾ" മാറ്റേണ്ടത് ആവശ്യമാണ്, കാരണം നാമെല്ലാവരും പാപമോചിതരായ പാപികളുടെ ജനതയാണ്, എല്ലായ്പ്പോഴും യേശുവെന്ന ഉറവിടത്തിലേക്ക് മടങ്ങുകയും എല്ലാവരിലേക്കും സുവിശേഷം എത്തിക്കുന്നതിന് പരിശുദ്ധാരൂപിയുടെ പാതയിൽ തിരികെ പ്രവേശിക്കുകയും ചെയ്യേണ്ടത് നമുക്ക് ആവശ്യമാണ്.

ഫ്രാൻസിസ് അസ്സീസി, ഭൗമികാധികാരങ്ങളും മതപരമായ ശക്തികളും തമ്മിലും, വ്യവസ്ഥാപിത സഭയും പാഷാണ്ഡ ധാരകളും തമ്മിലും, ക്രൈസ്തവരും അക്രൈസ്തവരും തമ്മിലും ഉള്ള വലിയ പോരാട്ടങ്ങളുടെയും പിളർപ്പിൻറെയും  കാലത്ത്, ആരെയും വിമർശിച്ചില്ല, ആരുടെയും നേർക്ക് കല്ലെറിഞ്ഞില്ല, സുവിശേഷത്തിൻറെ ആയുധങ്ങൾ മാത്രം കൈയ്യിലേന്തി: അതായത് വിനയവും ഐക്യവും, പ്രാർത്ഥനയും ഉപവിയും. നമുക്കും ഇപ്രകാരം ചെയ്യാം!

സിനഡ് കൃപയുടെയും കൂട്ടായ്മയുടെയും വേദി

നാം ആരംഭിക്കുന്ന സിനഡിനെ കുറിച്ച് ലോകത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള തങ്ങളുടെ ഇടയന്മാർക്കൊപ്പം ദൈവത്തിൻറെ വിശുദ്ധ ജനം പ്രതീക്ഷകളും പ്രത്യാശകളും ചില ഭയങ്ങളും പുലർത്തുന്നുണ്ടെങ്കിൽ, നമുക്ക് ഒരു കാര്യം ഓർക്കാം അത് ഒരു രാഷ്ട്രീയ സമ്മേളനമല്ല, മറിച്ച് പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട ഒരു യോഗമാണ്; ധ്രുവീകരിക്കപ്പെട്ട സഭായോഗമല്ല, മറിച്ച് കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ്. പരിശുദ്ധാത്മാവ്, നമ്മുടെ കണക്കുകൂട്ടലുകളെയും നിഷേധാത്മകതകളെയും മറികടക്കുന്ന പുതിയ എന്തെങ്കിലും സൃഷ്ടിക്കുന്നതിനായി നമ്മുടെ പ്രതീക്ഷകളെ പലപ്പോഴും തകർക്കുന്നു. ഒരുപക്ഷേ, സിനഡിലെ ഏറ്റവും ഫലപ്രദമായ നിമിഷങ്ങൾ കർത്താവ് നമ്മിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനയുടെതാണെന്ന്, പ്രാർത്ഥനാ അന്തരീക്ഷമാണെന്ന്, എനിക്ക് പറയാൻ കഴിയും. നമുക്ക് അവനായി സ്വയം തുറന്നുകൊടുക്കാം അവനെ വിളിച്ചപേക്ഷിക്കാം: അവനാണ്, പരിശുദ്ധാരൂപിയാണ് നായകൻ. അവൻ സിനഡിൻറെ നായകൻ ആകട്ടെ! നമുക്ക് അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 19:30