തിരയുക

2022 ൽ അസീസിയിൽ വച്ചുനടത്തിയ ഫ്രാൻസിസ് ഇക്കോണമി സമ്മേളനത്തിൽ നിന്നും 2022 ൽ അസീസിയിൽ വച്ചുനടത്തിയ ഫ്രാൻസിസ് ഇക്കോണമി സമ്മേളനത്തിൽ നിന്നും   (ANSA)

ആശയങ്ങളേക്കാൾ ശ്രേഷ്ഠമാണ് യാഥാർഥ്യം:ഫ്രാൻസിസ്‌ പാപ്പാ

'ഫ്രാൻസിസ് ഇക്കോണമി' നാലാമത് വാർഷികസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

കഴിഞ്ഞവർഷം അസീസിയിൽ വച്ചുനടന്ന യുവജനങ്ങളുടെ ആഭിമുഖ്യത്തിലുള്ള നവ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന 'ഫ്രാൻസിസ് ഇക്കോണമി' സമ്മേളനത്തിനു ശേഷം വീണ്ടും നാലാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.  സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള യുവജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു. തന്റെ സന്ദേശങ്ങളിൽ ആവർത്തിക്കാറുള്ള , "ആശയത്തേക്കാൾ ശ്രേഷ്ഠമാണ് യാഥാർഥ്യം" എന്ന വാചകം എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്.

ജീവിതത്തിൽ പരസ്പര വിരുദ്ധങ്ങളായ പലകാര്യങ്ങളും സംഭവിക്കുമ്പോൾ ഒന്നിനെ ഒഴിവാക്കിക്കൊണ്ട് മറ്റൊന്നിനെ സ്വീകരിക്കുകയോ, അല്ലെങ്കിൽ രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ട് ശ്രേഷ്ഠമായ ഒരു നിലയിലേക്ക് അവയെ ഉയർത്തുവാനോ നാം പരിശ്രമിക്കാറുണ്ടെന്നും, അതുപോലെ തന്നെയാണ് ഓരോ സിദ്ധാന്തങ്ങളും അവയിൽ തന്നെ ചുരുങ്ങുമ്പോൾ ഭാഗികമാണെന്നും, അവ സഫലീകരിക്കപ്പെടുമ്പോഴാണ് ശ്രേഷ്ഠമായ ഒരു കാര്യമായി അത് പരിണമിക്കപ്പെടുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇപ്രകാരം വിരുദ്ധതയിൽ നിന്നും ഐക്യത്തിന്റെ ശ്രേഷ്ഠതയുടെ അടിസ്ഥാനത്തിലാണ് സഭയുടെ പ്രവർത്തനങ്ങളെ മനസിലാക്കേണ്ടതെന്ന് തന്റെ യൗവനകാല അനുഭവങ്ങളെ മുൻനിർത്തി പാപ്പാ വിവരിച്ചു.

ഇത്തരത്തിലുള്ള വൈരുധ്യാത്മകത സാമ്പത്തികശാസ്ത്രത്തിൽ എന്നും നിലനിന്നുപോന്നിട്ടുള്ളതാണ്. ഉയർന്നതും താഴ്ന്നതുമായ രണ്ടു തീവ്രധ്രുവങ്ങളിലേക്ക് മനുഷ്യജീവിതങ്ങളെ മാറ്റിനിർത്തുന്ന ഇത്തരത്തിലുള്ള വൈരുധ്യാത്മകതയ്ക്ക് പകരം ഉൾപെടുത്തലിന്റെയും ,സഹകരണത്തിന്റെയുമൊക്കെ ഐക്യത്തിലൂന്നിയ സമ്പദ്‌വ്യവസ്ഥയാണ് ഫ്രാൻസിസ് ഇക്കോണമി വിഭാവനം ചെയ്യുന്നത്. പാവപ്പെട്ടവരെ ചേർത്തുനിർത്തുവാനും , സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാനും, ഭൂമിയെ ബഹുമാനിക്കുവാനും , സംരക്ഷിക്കുവാനുമൊക്കെ എല്ലാവരെയും ക്ഷണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് യാഥാർഥ്യമാവേണ്ടതെന്നും  പാപ്പാ ഓർമ്മിപ്പിച്ചു.

ഒരിക്കൽക്കൂടി ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ കൈവരുന്ന ജീവിതഭദ്രത പാപ്പാ എടുത്തു പറഞ്ഞു.വീടിന്റെ സംരക്ഷണം എന്നാണ് ഇതിനെ പാപ്പാ വിശേഷിപ്പിച്ചത്. കേവലം ഭൗതികമായ നിർമ്മിതിക്കുമപ്പുറം വീടെന്നാൽ ബന്ധങ്ങളുടെ കലവറ ഒരുക്കുന്ന സമൂഹമാണെന്ന വലിയ സത്യം പാപ്പാ അടിവരയിട്ടു പറഞ്ഞു.അതിനാൽ ഈ പൊതുഭവനത്തിന്റെ സൂക്ഷിപ്പുകാരാകാനും  ഭൂമിയിലെ എല്ലാ നിവാസികളുടെയും സഹോദരീസഹോദരന്മാരാകാനും നാം വിളിക്കപ്പെട്ടിരിക്കുന്നു, പാപ്പാ പറഞ്ഞു.

സാമ്പത്തിക പ്രയോഗത്തിൽ നിന്നും സിദ്ധാന്തത്തിൽ നിന്നും അതുപോലെ സഭയുടെ ജീവിതത്തിൽ നിന്നും വ്യത്യസ്ത വീക്ഷണങ്ങളെ നമുക്ക് ഒഴിവാക്കാനാവില്ല കാരണം ലോകത്തിലുള്ള എല്ലാവരുടെയും ദർശനങ്ങൾ മൂല്യമേറിയതാണ്. പാവപ്പെട്ടവരും,സ്ത്രീകളും പൗരസ്ത്യരുമൊക്കെ  നിശ്ശബ്ദരായിരിക്കുവാൻ വിധിക്കപ്പെട്ടിരുന്ന കാലഘട്ടത്തെയും പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ എല്ലാവരുടെ ശബ്ദം ശ്രവിച്ചെങ്കിൽ മാത്രമേ സമഗ്രമായ ഒരു വികസനം സാധ്യമാവുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.അതിനാൽ സാമ്പത്തികശാസ്ത്രത്തിൽ ആരെയും ഒഴിവാക്കാൻ പാടില്ലായെന്ന സത്യവും പാപ്പാ അടിവരയിട്ടുകൊണ്ട് ഓർമ്മിപ്പിച്ചു.

യാത്രയുടെ സമ്പദ് വ്യവസ്ഥയെയും പാപ്പാ എടുത്തു പറഞ്ഞു. യേശുവിന്റെയും ആദ്യ ശിഷ്യന്മാരുടെയും അനുഭവം പരിശോധിച്ചാൽ 'എവിടെ തലചായ്ക്കണമെന്ന് അറിയാത്ത മനുഷ്യപുത്രന്റെ' അനുഭവമാണ് (ലൂക്കാ. 9). ക്രിസ്ത്യാനികളെ വിവരിക്കുന്നതിനുള്ള ഏറ്റവും പഴയ രീതി. ഇത് തന്നെയാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നൽകുന്ന പാഠം, പാപ്പാ പറഞ്ഞു.സുവിശേഷത്തിന്റെ പേരിൽ മാത്രം തന്റെ സാമ്പത്തിക വിപ്ലവം ആരംഭിച്ചപ്പോൾ, അവൻ ഒരു യാചകനായി, അലഞ്ഞുതിരിയുന്നവനായി മടങ്ങിവന്നു.തീർത്ഥാടകരുടെ യാത്രയിൽ  എപ്പോഴും   അപകടസാധ്യതയുള്ളതിനാൽ അവർക്കു കൈത്താങ്ങാകുവാൻ നാം കഠിനമായി പരിശ്രമിക്കുന്നതും സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

കൊളോണിയൽ കാലഘട്ടത്തിൽ നിന്നും അസമത്വങ്ങളിൽ നിന്നും മനുഷ്യരാശിയെ പുറത്തുകൊണ്ടുവന്നു സാർവത്രിക സാഹോദര്യത്തിന് മുഖങ്ങളും ഉള്ളടക്കങ്ങളും പദ്ധതികളും നൽകാനുള്ള ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2023, 13:18