തിരയുക

ക്രിസ്തുവിനു വേണ്ടി സ്വയം സമർപ്പിക്കുന്നതാണ് സുവിശേഷ പ്രഘോഷണം:പാപ്പാ

ഒക്ടോബർ മാസം പതിനെട്ടാം തീയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പൊതു കൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രഭാഷണത്തിന്റെ സംഗ്രഹം
പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം-ശബ്ദരേഖ

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാരെ, സുപ്രഭാതം

സുവിശേഷം പ്രഘോഷിക്കുന്നതിൽഏറെ ഉത്സാഹം കാണിച്ച ഏതാനും  വിലയേറിയ ജീവിതസാക്ഷ്യങ്ങളെ മുൻനിർത്തി  നമുക്ക് ചിന്തിക്കാം.യേശുവിനെയും, പാവപ്പെട്ട സഹോദരങ്ങളെയും തന്റെ ജീവിതത്തിന്റെ  ആവേശമാക്കിമാറ്റിയ ഒരു മനുഷ്യനെ കുറിച്ചാണ് ഞാൻ ഇന്നു നിങ്ങളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത്.ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണമായ അനുഭവം നേടിയെടുത്തതുമുതൽ എല്ലാവരുടെയും സഹോദരനായി സ്വയം തോന്നത്തക്ക രീതിയിൽ തന്റെ ജീവിതത്തിൽ ആകമാനം പരിവർത്തനം വന്ന ചാൾസ് ദേ ഫുക്കോൾദിനെ കുറിച്ചാണ് നാം ഇന്ന് വിചിന്തനം ചെയ്യുന്നത്.

ആമുഖമായി ഒക്ടോബർ പതിനെട്ടാം തീയതിയിലെ മതബോധന ചിന്തകൾ ഇപ്രകാരം പങ്കുവച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തുടർന്നത്.

എന്തായിരുന്നു വിശുദ്ധ ചാൾസ് ദേ ഫുക്കോൾദിന്റെ ജീവിത രഹസ്യം ? ദൈവത്തിൽ നിന്നും അകന്നുമാറി ജീവിച്ച ഒരു യൗവനമായിരുന്നു വിശുദ്ധന്റേത്.സുഖഭോഗത്തിനായുള്ള ക്രമരഹിതമായ അന്വേഷണമല്ലാതെ  മറ്റൊന്നിലും വിശ്വസിക്കുവാൻ അവൻ താത്പര്യം കാണിച്ചിരുന്നില്ല.എന്നാൽ ഇതെല്ലാം വിശ്വാസിയല്ലാതിരുന്ന മറ്റൊരു സുഹൃത്തിനോട് കുമ്പസാരത്തിലൂടെ  കൈവന്ന തന്റെ മനസാന്തരത്തിനു ശേഷം ചാൾസ് വെളിപ്പെടുത്തി. എന്തായിരുന്നു തന്റെ മാനസാന്തരത്തിന്റെ രഹസ്യമെന്നും ചാൾസ് എടുത്തു പറയുന്നു, 'നസറായനായ യേശുവിനു വേണ്ടി എന്റെ ഹൃദയം തന്നെ ഞാൻ സമർപ്പിക്കുന്നു".

സുവിശേഷവത്ക്കരണത്തിന്റെ ആദ്യപടിയായി വിശുദ്ധന്റെ വാക്കുകളിൽ പാപ്പാ എടുത്തു പറയുന്നതും  ഇത് തന്നെയാണ് നമ്മുടെ ചിന്തകളും, സ്വാർത്ഥതയുമെല്ലാം നസറായനുവേണ്ടി ത്യജിച്ചുകൊണ്ട്, അവനെ ഹൃദയത്തിൽ സ്വീകരിക്കണം.ഇപ്രകാരം ഒരു പ്രവർത്തനം നമ്മുടെ ഉള്ളിൽ നടക്കുന്നില്ലെങ്കിൽ സുവിശേഷപ്രഘോഷണം അസാധ്യമാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

യേശുവിനെ പറ്റി സംസാരിക്കാതെയും,അവന്റെ സ്നേഹത്തെപ്പറ്റിയും, കരുണയെപ്പറ്റിയും ചിന്തിക്കാതെയും നമ്മെക്കുറിച്ചു മാത്രം സംസാരിക്കുന്നതും,നാം ആയിരിക്കുന്ന പ്രത്യേക സമൂഹത്തെപ്പറ്റിയും, സാന്മാർഗികതയെപ്പറ്റിയും മാത്രം  ചിന്തിക്കുന്നതും അപകടം നിറഞ്ഞതാണെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. ഈ ഒരു കാഴ്ചപ്പാടാണ് ഇന്ന് സമൂഹത്തിൽ വളർന്നു വരുന്നത്.

മനുഷ്യകുലത്തെപ്പറ്റിയും, ആത്മീയതയെ പറ്റിയുമുള്ള വ്യക്തിപരമായ കാഴ്ചപ്പാടുകൾക്കിടയിൽ യേശുവിനെ പറ്റി മാത്രം സംസാരിക്കുവാൻ താത്പര്യപെടാത്ത ഒരു പുതു സമൂഹം, വിവിധങ്ങളായ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യുമ്പോഴും ക്രിസ്തുവിനെ പറ്റിയുള്ള  ചിന്ത ഇല്ലാതെ പോകുന്നത് അപകടമാണെന്ന് പാപ്പാ ആവർത്തിക്കുന്നു.ആയതിനാൽ എന്റെ ഹൃദയത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ചോദിക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ക്രിസ്തുവിനാൽ ആകൃഷ്ടനായ വിശുദ്ധ ചാൾസ് പിന്നീടുള്ള ജീവിതത്തിൽ ക്രിസ്തുവിനെ പൂർണ്ണമായി ജീവിതത്തിൽ അനുകരിക്കുന്നു.തന്റെ കുമ്പസാരക്കാരന്റെ ഉപദേശപ്രകാരം വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്തുകയും, യേശു നടന്ന വഴികളിലൂടെയും, ജീവിച്ച സ്ഥലങ്ങളിലൂടെയും ജീവിതം മുൻപോട്ടു നയിക്കുന്നു. മുൻപെങ്ങുമില്ലാത്തത്ര ഇഴുകിച്ചേർന്നു ഒരു ബന്ധം ക്രിസ്തുവിനോട് അദ്ദേഹം സ്ഥാപിക്കുന്നു.യേശുവിന്റെ ഒരു ഇളയ സഹോദരൻ എന്ന നിലയിൽ തന്നെ തന്നെ കണ്ടുകൊണ്ട് നീണ്ട സമയം വിശുദ്ധ ഗ്രന്ഥപാരായണത്തിൽ ഏർപ്പെടുന്നു.ഇപ്രകാരം യേശുവിനെ കുറിച്ചുള്ള അറിവ് മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുവാൻ വിശുദ്ധ ചാൾസ് അദമ്യമായി ആഗ്രഹിക്കുന്നു.

ക്രിസ്തുവിനെ പറ്റിയുള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് ഏറ്റവും പ്രധാനമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.പരിശുദ്ധ കന്യകാമറിയം എലിസബത്തിനെസന്ദർശിക്കുന്ന വേളയിൽ തന്റെ നിശ്ശബ്ദതയിലൂടെയും, ജീവിതത്തിലൂടെയും, മാതൃകയിലൂടെയും യേശുവിനെ പകർന്നു നല്കിയതുപോലെ, നമ്മുടെ ജീവിതം വഴിയായി  ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവർക്ക് വേണ്ടി പ്രഘോഷിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ പറയുന്നു.എന്നാൽ പലപ്പോഴും ലൗകീകതയെ പ്രഘോഷിക്കുവാനുള്ള പ്രലോഭനമാണ് നമുക്കുള്ളത്, പാപ്പാ സൂചിപ്പിക്കുന്നു.

അപ്രകാരം വിശുദ്ധ ചാൾസ് തന്റെ നിശബ്ദതയിൽ, ദാരിദ്ര്യവ്രതത്തിൽ എന്നാൽ നസറായനിലുള്ള ആത്മസമർപ്പണത്തിൽ സുവിശേഷം പ്രഘോഷിച്ചു.സഹാറാ മരുഭൂമിയിൽ അക്രൈസ്തവരായ ആളുകളുടെ ഇടയിൽ, അവരുടെ എളിയ ഒരു സഹോദരനായും,കൂട്ടുകാരനായും വിശുദ്ധ കുർബാനയിലെ യേശുവിനെ പകർന്നു നൽകി. വിശുദ്ധൻ, വിശുദ്ധകുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന യേശുവിന്റെ നിശബ്ദതയാണ് സുവിശേഷവത്ക്കരണത്തിന്റെ പ്രഥമവും, പ്രധാനവുമായ കാര്യമായി വിശ്വസിച്ചിരുന്നതെന്ന സത്യവും പാപ്പാ വെളിപ്പെടുത്തി.

ഓരോ ദിവസവും പത്തുമണിക്കൂറുകളെങ്കിലും വിശുദ്ധ കുർബാനയുടെ മുന്നിൽ പ്രാർത്ഥിച്ചിരുന്ന വിശുദ്ധൻ വിശുദ്ധ കുർബാനയുടെ ശക്തി നമുക്ക് വെളിപ്പെടുത്തുന്നത് വിശ്വസിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ആരാധന നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോധ്യം പോലും നമുക്ക് നഷ്ടപ്പെടുന്ന അപകടകരമായ അവസ്ഥയും പാപ്പാ സൂചിപ്പിച്ചു.പ്രത്യേകമായും സമർപ്പിതരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ബോധ്യമില്ലായ്മ വലിയ അപകടം സൃഷ്ടിക്കുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

എല്ലാവരും ക്രിസ്തുവിന്റെ അപ്പസ്തോലന്മാരാണെന്നുള്ള വിശുദ്ധ ചാൾസ് ദേ ഫുക്കോൾദിന്റെ വാക്കുകളും പാപ്പാ അനുസ്മരിച്ചു.മറ്റുള്ളവർക്ക് നമ്മെ സ്വയം നൽകികൊണ്ട്, സ്നേഹത്തിന്റെയും, കരുണയുടെയും ദൈവീകഭാവം പ്രകടിപ്പിക്കുന്നതാണ് യഥാർത്ഥ സുവിശേഷവത്ക്കരണമെന്നും പാപ്പാ അനുസ്മരിച്ചു.വൈദികർക്ക് പോലും യേശുവിനെ പറ്റിയുള്ള സ്നേഹത്താൽ ജ്വലിക്കുന്ന അത്മായർ വലിയ പാഠങ്ങൾ നല്കുന്നുണ്ടെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു.

ഒരു വൈദികൻ ദൈവത്തിനും മനുഷ്യർക്കുമിടയിലെ മധ്യവർത്തിയാണെന്ന ബോധ്യം അത്മായർക്ക് നൽകുവാൻ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.ഇപ്രകാരം സഭയുടെ ജീവിതത്തിൽ അത്മായർക്കുള്ള സ്ഥാനത്തെപ്പറ്റിയുള്ള ചിന്തകൾ പ്രദാനം ചെയ്യുവാൻ വിശുദ്ധ ചാൾസ് നടത്തിയ ആത്മീയ പരിശ്രമങ്ങളും പാപ്പാ എടുത്തു പറഞ്ഞു.  പരിശുദ്ധാത്മാവിന്റെ ഹിതത്തിന് നമ്മെ തന്നെ വിനയപൂർവം സമർപ്പിച്ചു കൊണ്ട്, സഭയുടെ ജീവിതത്തിൽ പങ്കാളികളാകുവാൻ വിശുദ്ധ ചാൾസിന്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹ്വാനം ചെയ്തു.

ഇപ്രകാരം ഇന്നത്തെ സഭയെ പറ്റിയുള്ള കാഴ്ചപ്പാടുകൾ പ്രദാനം ചെയ്ത വിശുദ്ധ ചാൾസ് ദേ ഫുക്കോൽദ് പ്രവാചകതുല്യനായിരുന്നുവെന്നും പാപ്പാ പറഞ്ഞു.എല്ലാവരുടെയും സഹോദരനായി തന്നെത്തന്നെ കണ്ടെത്തിയ ഒരാളാണ് വിശുദ്ധ ചാൾസ്.തന്റെ കരുണാർദ്രവും, സ്വീകാര്യവുമായ  ജീവിതത്തിലൂടെ ധാരാളം സഹോദരങ്ങളെ ക്രിസ്തുവിനു വേണ്ടി നേടുവാൻ അദ്ദേഹത്തിന് സാധിച്ചു.

സാമീപ്യം,അനുകമ്പ,ആർദ്രത എന്നീ മൂന്നു ദൈവീക ഭാവങ്ങൾ നാം ഒരിക്കലും മറന്നുപോകരുതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ സാക്ഷ്യവും ഈ  മൂന്നു ഭാവങ്ങളായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.തന്റെ മഹാമനസ്കതയിലൂടെ ദൈവത്തിന്റെ ഹൃദയ വിശാലത മറ്റുള്ളവർക്ക് വെളിപ്പെടുത്തിയ വിശുദ്ധനാണ് വിശുദ്ധ ചാൾസ്.പുഞ്ചിരിയോടെയുള്ള  തന്റെ ലളിതമായ ജീവിതം വഴിയായി സാഹോദര്യത്തിന്റെയും, ഉൾച്ചേർക്കലിന്റെയും മൂല്യംമറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും വിശുദ്ധന് സാധിച്ചിട്ടുണ്ടെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

അതിനാൽ ക്രൈസ്തവമായ ആർദ്രതയും, അനുകമ്പയും,സാമീപ്യവും മൂലം സാക്ഷ്യം നൽകുന്ന സുവിശേഷവത്കരണം നടത്തുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2023, 13:27