തിരയുക

"ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനം "ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനം  

"ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു

2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും,സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗമായി 2023 ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിവസം "ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു

അന്ത്രെയാ തൊർണിയെല്ലി 

സൃഷ്ടിയിൽ സ്രഷ്ടാവിന്റെ മഹനീയത ദർശിക്കുവാനും, അവനെ സ്തുതിക്കുവാനും പഠിപ്പിക്കുകയും, ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ദിവസമായ ഒക്ടോബർ മാസം നാലാം തീയതി 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും,സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിന്റെ രണ്ടാം  ഭാഗമായ  "ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു.  പൊതു ഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത  ക്രിസ്തീയ വിശ്വാസത്തിൽ നിന്നുമുയരുന്നുവെന്ന യാഥാർഥ്യം ലേഖനം അടിവരയിടുന്നു.

ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് ഈ ലേഖനം നൽകുന്നു.ലേഖനം ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉൾക്കൊള്ളുന്നു. രണ്ടുമാസങ്ങൾക്കകം ദുബായിൽ വച്ചുനടക്കുന്ന COP 28 സമ്മേളനത്തിൽ കാലാവസ്ഥാപ്രതിസന്ധിയിലേക്ക് ആരോഗ്യപരമായ സമീപനങ്ങൾ  സംബന്ധിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുവാനും ലേഖനം ആഹ്വാനം ചെയ്യുന്നു.കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരായ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പാ ലേഖനം എഴുതിയിരിക്കുന്നത്.

എന്നാൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന ദരിദ്രരായ ആളുകളാണ് ഈ പ്രതിസന്ധികൾക്ക് കാരണമെന്ന് ആരോപിക്കുന്ന വികസിതലോകം  ആത്മശോധന ചെയ്യണമെന്നും, പ്രകൃതിയിന്മേലുള്ള ചൂഷണം അവസാനിപ്പിക്കുവാൻ തയാറാവണമെന്നും പാപ്പാ ആവർത്തിച്ചാവശ്യപ്പെടുന്നു.കാലാവസ്ഥാവ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റി നിർത്തി ഇനിയും അന്വേഷിച്ചു പോകുന്നത് ആരോഗ്യകരമല്ലായെന്നും, ഈ പ്രതിസന്ധി മറികടക്കുവാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പാ അഭിപ്രായപ്പെടുന്നു.

തുടർന്നുള്ള അധ്യായത്തിൽ മനുഷ്യന്റെ അധികാരത്തിന്റെ ധാർമ്മികതകർച്ചയെയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.വഞ്ചനകളും വാഗ്ദാനങ്ങളും നൽകി മനുഷ്യരെ ചൂഷണം ചെയുന്ന അധികാരവും ആധിപത്യവും, പാവപെട്ട ജനങ്ങളുടെ ജീവിതം തകർക്കുന്ന പ്രവണതയെയും പാപ്പാ എടുത്തു കാണിക്കുന്നു.അന്താരാഷ്ട്ര തലത്തിലുള്ള നയങ്ങളുടെ ദൗർബല്യതയും പ്രതിസന്ധിയുടെ ഒരു കാരണമായി പാപ്പാ പറയുന്നു. അതിനാൽ ആഗോള പൊതുനന്മ ഉറപ്പാക്കാൻ അധികാരമുള്ള കൂടുതൽ ഫലപ്രദമായ ആഗോള സംഘടനകൾ രംഗത്തേക്ക് കടന്നുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു.പുതിയ ആഗോള സാഹചര്യത്തിന്റെ വെളിച്ചത്തിൽ ഒരു പുതിയ ബഹുമുഖവാദം പുനഃസൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി, പാപ്പാ പറയുന്നു. അതുപോലെ എല്ലാവരുടെയും ആവശ്യങ്ങൾ സംരക്ഷിക്കാനുതകുംവണ്ണം കൂട്ടായി പരിശ്രമിക്കണമെന്ന ആഹ്വാനവും നൽകുന്നു. ഇതിനുള്ള ഒരു വഴിത്തിരിവായി COP 28 സമ്മേളനം മാറട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.

സാമ്പത്തിക താൽപ്പര്യങ്ങൾക്കായി പരിസ്ഥിതി പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട്  നടത്തുന്ന "നിരുത്തരവാദപരമായ പരിഹാസം" അവസാനിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു. അതുപോലെCOP 28 സമ്മേളനത്തിൽ  സംസാരിക്കുന്നവർ ഏതെങ്കിലും രാജ്യത്തിന്റെയോ കമ്പനിയുടെയോ പ്രത്യേക താൽപ്പര്യങ്ങളേക്കാൾ, പൊതുനന്മയെയും, കുട്ടികളുടെ ഭാവിയെയും ലക്‌ഷ്യം വച്ചുകൊണ്ട് ചിന്തിക്കുവാനും അങ്ങനെ അവരുടെ  കുലീനത കാണിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ എടുത്തു പറയുന്നു.

അവസാനം ഈ പ്രയത്നങ്ങളിൽ ക്രിസ്ത്യാനി എന്ന നിലയിൽ വിശ്വാസികൾക്കുള്ള വലിയ പ്രതിബദ്ധതയും, അവയെ പ്രവൃത്തിപഥത്തിൽ എത്തിക്കുവാനുള്ള ഉത്തരാവാദിത്വവും പാപ്പാ ഓർമിപ്പിക്കുന്നു.നിരുത്തരവാദപരമായ ജീവിതശൈലിയിലെ വ്യാപകമായ മാറ്റം ഭാവിയിൽ അനിവാര്യമായ തീരുമാനങ്ങളോടെ,  പരസ്പര പരിചരണത്തിന്റെ പാതയിൽ വലിയ ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന ശുഭപ്രതീക്ഷയും പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനത്തിലൂടെ പങ്കുവയ്ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 14:50