തിരയുക

കർദിനാൾ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും കർദിനാൾ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും   (REUTERS)

കർദിനാളന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഫ്രാൻസിസ് പാപ്പാ

കർദ്ദിനാൾമാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, റെയ്മണ്ട് ലിയോ ബുർക്ക്,ഹുവാൻ സാൻഡോവല് ഇനിഗെസ്, റോബർട്ട് സാറാ,ജോസഫ് സെൻ ക്യൂൻ എന്നിവർ കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിസ് പാപ്പായോട് സഭാസംബന്ധമായിഉന്നയിച്ച അഞ്ചു ചോദ്യങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ സംശയനിവാരണം നടത്തി ഉത്തരം നൽകി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ദൈവിക വെളിപാടിന്റെ വ്യാഖ്യാനം,സ്വവർഗാനുരാഗികളുടെ ആശീർവാദം, സിനഡാലിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ, സ്ത്രീകളുടെ പൗരോഹിത്യം, പാപമോചന കൂദാശയുടെ അടിസ്ഥാനമായ മാനസാന്തരം തുടങ്ങിയ വിഷയങ്ങളിലൂന്നിയ അഞ്ചു ചോദ്യങ്ങൾ  കർദ്ദിനാൾമാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, റെയ്മണ്ട് ലിയോ ബുർക്ക്,ഹുവാൻ സാൻഡോവല് ഇനിഗെസ്, റോബർട്ട് സാറാ,ജോസഫ് സെൻ ക്യൂൻ എന്നിവർ കഴിഞ്ഞ ജൂലൈയിൽ 'സന്ദേഹം'  dubia  എന്നപേരിൽ ഫ്രാൻസിസ് പാപ്പായോട് ഉന്നയിക്കുകയുണ്ടായി.ഇവയ്ക്ക് ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും, പരിചിന്തനത്തിനും ശേഷം ഫ്രാൻസിസ് പാപ്പാ മറുപടി നൽകി. പാപ്പായുടെ ഉത്തരങ്ങൾ  ഒക്ടോബർ മാസം രണ്ടാം തീയതി വിശ്വാസതിരുസംഘത്തിന്റെ ഡിക്കസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.

പ്രചാരത്തിലുള്ള സാംസ്കാരികവും നരവംശശാസ്ത്രപരവുമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ദൈവിക വെളിപാട് പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ടോ? അതോ എന്നന്നേക്കും മാറ്റമില്ലാതെ തുടരേണ്ടതാണോ എന്നതായിരുന്നു ആദ്യ ചോദ്യം. മറുപടിയായി ഫ്രാൻസിസ് പാപ്പാ ‘പുനർവ്യാഖ്യാനം’ എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും എടുത്തു പറഞ്ഞു. പുനർവ്യാഖ്യാനം എന്നാൽ പഴയതിനെ പൂർണ്ണമായി ത്യജിക്കുക എന്നല്ല മറിച്ച് നല്കപ്പെട്ടതിനെ മികച്ച രീതിയിൽ വ്യാഖ്യാനിക്കുക എന്നാണെങ്കിൽ ആ പ്രയോഗം എപ്പോഴും സാധുവാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

സാംസ്കാരിക മാറ്റങ്ങളും ചരിത്രത്തിലെ പുതിയ വെല്ലുവിളികളും വെളിപാടിനെ പരിഷ്ക്കരിക്കുന്നില്ല, എന്നാൽ എപ്പോഴും കൂടുതൽ നന്മകൾ പ്രദാനം ചെയ്യുന്ന അവയുടെ ചില വശങ്ങൾ നന്നായി പ്രകടിപ്പിക്കാൻ അവ നമ്മെ പ്രേരിപ്പിക്കും.അതിനാൽ കാലങ്ങൾക്കനുസരിച്ച വ്യാഖ്യാനങ്ങൾ, മുൻകാല പ്രസ്താവനകളുടെ മികച്ച ആവിഷ്ക്കാരം നടത്തുവാൻ സഹായകരമാകുമെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

എന്നാൽ  സമ്പൂർണ്ണവെളിപാടിന്റെ സമ്പന്നവും യോജിപ്പുള്ളതുമായ സന്ദർഭത്തിൽ നിന്ന് സത്യങ്ങളോരോന്നും  വേർതിരിച്ച് ഒറ്റയ്ക്ക് അവതരിപ്പിക്കുകയാണെങ്കിൽ ഒരു കാര്യവും പൂർണ്ണമായി മനസിലാക്കുവാൻ സാധിക്കുകയില്ല എന്ന അപകടകരമായ സ്ഥിതിയുണ്ടാവുമെന്നും അതിനാൽ പൊതു സത്യത്തോട് ചേർന്ന് നിന്ന് മറ്റുള്ള സഭാപഠനങ്ങളെയും, സത്യത്തിന്റെ ശ്രേണിയെയും മനസിലാക്കണമെന്നും പാപ്പാ ഒന്നാമത്തെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രണ്ടാം ചോദ്യം സ്വവർഗാനുരാഗികളുടെ ആശീർവാദം സംബന്ധിച്ചായിരുന്നു.ഇത് ദൈവീക വെളിപാടിനോടും, സഭാപഠനങ്ങളോടും യോജിക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം.ഒരിക്കൽക്കൂടി വിവാഹത്തിന്റെ അനന്യതയെ പാപ്പാ എടുത്തു പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സവിശേഷവും സുസ്ഥിരവും അവിഭാജ്യവുമായ ഐക്യവും, തന്മൂലം ജീവനിലേക്കുള്ള തുറവിയുമാണ് വിവാഹമെന്ന് പാപ്പാ അടിവരയിട്ടുപറഞ്ഞു.

എന്നാൽ സ്വവർഗാനുരാഗമുള്ള ആളുകൾ സഭയെ സമീപിക്കുമ്പോൾ ദയയും,ക്ഷമയും,ആർദ്രതയുമുള്ള ഹൃദയത്തോടെ തെറ്റായ ആശയം നൽകാതെ അവർക്ക് അനുഗ്രഹം നൽകുവാനുള്ള അജപാലനവിവേകം നമുക്കുണ്ടാകണമെന്ന് പാപ്പാ പറഞ്ഞു.അനുഗ്രഹം ചോദിക്കുന്ന ഒരു വ്യക്തി ദൈവത്തിൽനിന്നുള്ള സഹായത്തിനായുള്ള അഭ്യർത്ഥനയാണ് നടത്തുന്നത്, അത് നിഷേധിക്കുവാനോ, അവരെ വിധിക്കുവാനോ നമുക്ക് അവകാശമില്ലെന്നും പാപ്പാ മറുപടി പറഞ്ഞു.

മൂന്നാമത്തെ ചോദ്യമായ സിനഡാലിറ്റിയെ സംബന്ധിക്കുന്ന സംശയത്തിന്, സഭയുടെ മിഷനറി കൂട്ടായ്മ സാർവത്രികമാണെന്നും അതിനാൽ വ്യത്യസ്ത തലങ്ങളിലുള്ള ആളുകളുടെ ശബ്ദം എല്ലാവരും കേൾക്കുവാനുള്ള വേദിയാണ് സിനഡെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ വൈവിധ്യങ്ങളിലും എല്ലാവർക്കും ഒരുമിച്ചു നടക്കുവാനുള്ള ആഹ്വാനമാണ് സിനഡാലിറ്റി നൽകുന്നതെന്നും പാപ്പാ പറഞ്ഞു.

പലതവണ ആവർത്തിക്കപ്പെട്ടിട്ടുള്ള സ്ത്രീപൗരോഹിത്യത്തെ കുറിച്ചായിരുന്നു നാലാമത്തെ ചോദ്യം. പൊതുപൗരോഹിത്യവും, ശുശ്രൂഷാപൗരോഹിത്യവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ മറുപടി നൽകിയത്. 

എന്നാൽ ഇത് ഒരു ഡിഗ്രിയുടെ ഏറ്റക്കുറച്ചിലല്ല.വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ത്രീപൗരോഹിത്യം സാധ്യമല്ല എന്ന് പ്രഖ്യാപിച്ച തന്റെ പ്രസ്താവനകളിൽ, ഒരിക്കൽപോലും സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും പുരുഷന്മാർക്ക് പരമാധികാരം നൽകുകയും ചെയ്തിരുന്നില്ല എന്ന കാര്യം പാപ്പാ അടിവരയിട്ടു ഓർമ്മിപ്പിച്ചു.എന്നാൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികനോടൊപ്പം അതിൽ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും പ്രാധാന്യമർഹിക്കുന്നു എന്ന സത്യവും പാപ്പാ എടുത്തു പറഞ്ഞു. ഇതിനെ പറ്റിയുള്ള പഠനങ്ങൾ ഇനിയും മുൻപോട്ട് പോകണമെന്നും പാപ്പാ പറഞ്ഞു.

അവസാനത്തെ ചോദ്യം അനുരഞ്ജനശുശ്രൂഷയെ സംബന്ധിച്ചായിരുന്നു."ക്ഷമ ഒരു മനുഷ്യാവകാശമാണ്" എന്ന പ്രസ്താവനയെക്കുറിച്ചും പാപങ്ങൾ  എപ്പോഴും മോചിക്കാനുള്ള  കടമയെക്കുറിച്ചുമുള്ള പരിശുദ്ധ പിതാവിന്റെ നിർബന്ധം പശ്ചാത്താപത്തിന്റെ ആവശ്യകതയെ ഒഴിവാക്കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. 

പാപമോചനമെന്നത് ഒരിക്കലും ഗണിതശാസ്ത്രപരമായ കണക്കുകളിലൂടെയല്ല മനസിലാക്കേണ്ടതെന്നും, അതിനാൽ പാപവും മോചിക്കുന്നവർ യജമാനന്മാരായിട്ടല്ല മറിച്ച് വിശ്വാസികളെ പോഷിപ്പിക്കുന്ന കൂദാശകളുടെ വിനീതമായ നടത്തിപ്പുകാരായി മാറണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.ഒരു വ്യക്തിയുടെ മാനസാന്തരത്തിന്റെ വിവിധ മാർഗങ്ങളെ പറ്റി നാം ബോധ്യമുള്ളവരാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2023, 14:37