തിരയുക

കർദ്ദിനാൾ ടെലസ്ഫോർ പ്ലാച്ചിഡസ് ടോപ്പോ. കർദ്ദിനാൾ ടെലസ്ഫോർ പ്ലാച്ചിഡസ് ടോപ്പോ. 

കർദ്ദിനാൾ ടോപ്പോയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പാപ്പാ

കർദ്ദിനാൾ ടെലസ്ഫോർ പ്ലാച്ചിഡസ് ടോപ്പോയുടെ മരണവാർത്ത അറിഞ്ഞ ഫ്രാൻസിസ് പാപ്പാ അനുശോചനമറിയിച്ച് ടെലഗ്രാം അയച്ചു. അസുഖ ബാധിതനായി നീണ്ട ആശുപത്രിവാസം ആവശ്യമായി വന്ന കർദ്ദിനാൾ ടോപ്പോ ഒക്ടോബർ 4ന് ബുധനാഴ്ചയാണ് അന്തരിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഒക്ടോബർ 5 വ്യാഴാഴ്ച, റാഞ്ചി ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോയ്ക്ക്  അയച്ച ടെലഗ്രാമിൽ സങ്കടത്തോടെയാണ്  രൂപതയുടെ കർദ്ദിനാൾ എമിരിത്തൂസിന്റെ നിര്യാണ വാർത്ത ശ്രവിച്ചതെന്ന് പാപ്പാ എഴുതി.

മൂന്ന് മാസമായി ആശുപത്രിയിലായിരുന്ന കർദ്ദിനാളിന് 84 വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. രൂപതയിലെ വൈദീകർക്കും സന്യസ്തർക്കും അൽമായർക്കും തന്റെ സ്നേഹം പങ്കുവച്ചു കൊണ്ടുള്ള പാപ്പായുടെ ടെലഗ്രാമിൽ കർദ്ദിനാളിന്റെ ആത്മാവിനെ നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അനന്ത കരുണയ്ക്ക് സമർപ്പിക്കുന്നു എന്ന് രേഖപ്പെടുത്തി.

ഡുംക, റാഞ്ചി പ്രാദേശിക സഭയ്ക്കായുള്ള കർദ്ദിനാൾ ടോപ്പോയുടെ വൈദീക ജീവിതവും മെത്രാൻ ശുശ്രൂഷയും അതുപോലെ തന്നെ അദ്ദേഹം ഭാരത സഭയ്ക്കും അപ്പോസ്തലിക സിംഹാസനത്തിനും നൽകിയ സേവനങ്ങളും സംഭാവനകളും അനുസ്മരിച്ച് പാപ്പാ നന്ദിയർപ്പിച്ചു. സുവിശേഷ പ്രചാരണത്തിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പരിശുദ്ധ കുർബ്ബാനയോടുള്ള ഭക്തിയും ദരിദ്രർക്കും ഏറ്റം ആവശ്യമാർന്നവർക്കും വേണ്ടിയുള്ള ഔദാര്യമാർന്ന അജപാലനവും പാപ്പാ അനുസ്മരിച്ചു.

അതിരൂപതയിലെ കത്തോലിക്കർ ഛോട്ടാ നഗറിലെ സഭയുടെ വികസനത്തിനായി കർദ്ദിനാൾ നൽകിയ അതിവിപുലമായ സംഭാവനകൾ   ഒരിക്കലും മറക്കില്ലെന്ന്  റാഞ്ചി അതിരൂപതയുടെ സഹായമെത്രാൻ തെയഡോർ മസ്കരനൂസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2003ലാണ് ടെലെസ്ഫോർ ടോപ്പോ കർദ്ദിനാളായി ഉയർത്തപ്പെട്ടത്. വടക്കൻ മിഷനിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും കർദ്ദിനാളാകുന്ന ആദ്യത്തെ ഇന്ത്യൻ ട്രൈബലുമാണ് അദ്ദേഹം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2023, 13:41