തിരയുക

വിശൂദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന "കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള പ്രാർത്ഥനയിൽ" ഫ്രാൻസിസ് പാപ്പാ. വിശൂദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന "കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള പ്രാർത്ഥനയിൽ" ഫ്രാൻസിസ് പാപ്പാ.   (Vatican Media)

പാപ്പാ: ചരക്കുകളെപ്പോലെ വിൽക്കപ്പെടുന്നു കുടിയേറ്റക്കാരും അഭയാർത്ഥികളും

വിശൂദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന "കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള പ്രാർത്ഥനയിൽ" ഫ്രാൻസിസ് പാപ്പാ അധ്യക്ഷത വഹിച്ചുകൊണ്ട് " നമ്മുടെ കാലത്തെ എല്ലാ വഴിയാത്രക്കാർക്കും അയൽക്കാരരായിരിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും അവരുടെ മുറിവുകൾ ഉണക്കാനും അവരുടെ വേദന ശമിപ്പിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു" എന്ന് സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദുരവസ്ഥയെക്കുറിച്ചും അവരെ രക്ഷിക്കാനും അവരുടെ മുറിവുകൾ ഉണക്കാനും സാഹോദര്യവും സമാധാനവും അടയാളപ്പെടുത്തിയ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന് സംഭാവന നൽകാൻ സഹായിക്കാനുമുള്ള ആഹ്വാനവും നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ വ്യാഴാഴ്ച വൈകുന്നേരം കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രാർത്ഥനാ ജാഗരണം നയിച്ചു.

കാമറൂൺ, യുക്രെയ്ൻ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ പങ്കാളിത്തത്തോടെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡികാസ്റ്ററിയാണ് "കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രാർത്ഥനയുടെ നിമിഷം"സംഘടിപ്പിച്ചത്. വിശൂദ്ധ പത്രോസിന്റെ ചത്വരത്തിലെ "Angels Unawares" എന്ന വലിയ ശിൽപത്തിന് മുന്നിലാണ് ജാഗരണ പ്രാർത്ഥന നടന്നത്. വിവിധ ചരിത്ര കാലഘട്ടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ചിത്രീകരിക്കുന്ന വെങ്കലത്തിലും കളിമണ്ണിലും നിർമ്മിച്ച സ്മാരകത്തിനു മുന്നിൽ വിവിധ കുടിയേറ്റ പാതകളിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരെയും അനുസ്മരിക്കുന്നതിനായി നിശബ്ദതയിൽ ചെലവഴിച്ച നിമിഷങ്ങൾക്കു ശേഷം  ഹ്രസ്വമായ വിചിന്തനവും പാപ്പാ പങ്കുവച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയിലെ നല്ല സമരിയാക്കാരനെ അനുസ്മരിച്ച പാപ്പാ, അടഞ്ഞ ഒരു ലോകത്തിൽ നിന്ന് തുറവുള്ള ലോകത്തിലേക്കും യുദ്ധത്തിലായിരിക്കുന്ന ഒരു ലോകത്തിൽ നിന്ന് സമാധാനത്തിലേക്കും എങ്ങനെ നീങ്ങാമെന്ന് ഈ ഉപമ നമ്മെ കാണിക്കുന്നുവെന്ന് വിശദീകരിച്ചു.

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള പ്രാർത്ഥന
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള പ്രാർത്ഥന

അപകടകരമായ പാതകൾ

പുരാതന കാലത്ത് ജെറുസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള യാത്രക്കാർ നേരിട്ടിരുന്ന അപകടങ്ങളെ മരുഭൂമികളിലൂടെയും വനങ്ങളിലൂടെയും കടലുകളിലൂടെയും സഞ്ചരിക്കുന്നവർ ഇന്ന് അഭിമുഖീകരിക്കുന്ന സുരക്ഷിതമല്ലാത്ത കുടിയേറ്റ പാതകളുമായി ഉപമിച്ച പാപ്പാ, കൊള്ളയടിക്കപ്പെടുകയും നഗ്നരാക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്ന, പലപ്പോഴും കള്ളക്കടത്തുകാരാൽ വഞ്ചിക്കപ്പെട്ട്, "ചരക്കുകളെപ്പോലെ വിൽക്കപ്പെടുന്ന", കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടേയും ദുരിതങ്ങൾ വിശദീകരിച്ചു. തട്ടിക്കൊണ്ടുപോകലും, ചൂഷണം, പീഡനം, ബലാത്സംഗം എന്നിവയ്ക്കും ഇരയാകുന്ന കുടിയേറ്റക്കാരും അഭയാർത്ഥികളും അഭിമുഖീകരിക്കുന്ന അപകടങ്ങൾ വളരെ വ്യക്തമാണെന്നും പലരും ലക്ഷ്യസ്ഥാനം എത്താറില്ലാത്ത കാര്യവും പാപ്പാ പറഞ്ഞു. ഈ ദിവസങ്ങളിൽ പോലും ആളുകൾ യുദ്ധത്തിൽ നിന്നും തീവ്രവാദത്തിൽ നിന്നും പലായനം ചെയ്യുന്നതിന് നാം സാക്ഷ്യം വഹിക്കുന്നത് ദു:ഖകരമാണെന്നും പാപ്പാ കൂടിച്ചേർത്തു.

കരുണാർദ്ര ഹൃദയം

കൊള്ളക്കാരുടെ മർദ്ദനത്തിനിരയായി റോഡരികിൽ കിടക്കുന്ന മനുഷ്യനെ ശ്രദ്ധിക്കുകയും സഹതാപം കാണിക്കുകയും ചെയ്ത സമരിയാക്കാരന്റെ സാക്ഷ്യത്തെ അനുസ്മരിച്ച പാപ്പാ, "അനുകമ്പ നമ്മുടെ ഹൃദയങ്ങളിലെ ദൈവത്തിന്റെ മുദ്രയാണ് "എന്നാണ് പറഞ്ഞ് വച്ചത്. "വിദേശി " തന്നെ സഹായിച്ച നിമിഷം മുതൽ അവന്റെ സൗഖ്യ പ്രക്രിയ ആരംഭിച്ചു. വെറുമൊരു ഉപവി പ്രവർത്തി മാത്രമല്ലായിരു അത് മറിച്ച് സാഹോദര്യത്തിന്റെ പ്രതിഫലനമായിരുന്നു എന്നും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

ജീവൻ രക്ഷിക്കാനും മുറിവുകൾ ഉണക്കാനുമുള്ള വിളി

നല്ല സമറിയാക്കാരനെ പോലെയാണ് നമ്മുടെയും വിളി എന്ന് പറഞ്ഞ പാപ്പാ അവന്റെ സേവനത്തിൽ ഉൾക്കൊള്ളുന്ന നാല് കാര്യങ്ങളായ സ്വീകരണം, സംരക്ഷണം, പ്രോത്സാഹനം, സംയോജനം എന്നിവയെ വിശദീകരിച്ചു. ആ മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ തിടുക്കത്തിലുള്ള പരിചരണം ഒരു ദീർഘകാല ഉത്തരവാദിത്തമായി തീർന്ന് അവൻ പൂർണ്ണമായും സുഖം പ്രാപിച്ചുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം മടങ്ങിയെത്തിയതും ചൂണ്ടിക്കാണിച്ച് ഐക്യദാർഢ്യത്തിന്റെ ഈ ദീർഘകാല അവസരം "കൂടുതൽ സമഗ്രവും മനോഹരവും കൂടുതൽ സമാധാനപരവുമായ സമൂഹങ്ങളുടെ വളർച്ചയിലേക്ക് നയിക്കുമെന്നും പാപ്പാ വിശദീകരിച്ചു.

സുരക്ഷിതമായ പാതകളുടെ നിർമ്മാണം

ഇന്നത്തെ യാത്രക്കാർ കൊള്ളക്കാരുടെ ഇരകളാകാതിരിക്കാൻ പാതകൾ സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണ് നമുക്കെല്ലാവർക്കും ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരു നടപടി എന്നും, "കുടിയേറ്റക്കാരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ചൂഷണം ചെയ്യുന്ന" ക്രിമിനൽ ശൃംഖലകളെ നേരിടാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുരക്ഷിതമായ പാതകൾ സൃഷ്ടിക്കുന്നതിന് "പതിവ് കുടിയേറ്റ വഴികൾ വിപുലീകരിക്കാനുള്ള" ശ്രമങ്ങൾ ആവശ്യമാണ്, അതേസമയം "ജനസംഖ്യാപരവും സാമ്പത്തികവുമായ നയങ്ങൾ കുടിയേറ്റ നയങ്ങളുമായി സംവാദിക്കണമെന്നും പാപ്പാ പറഞ്ഞു. എന്നാൽ വരും വർഷങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുള്ള കുടിയേറ്റ പ്രവാഹം കൈകാര്യം ചെയ്യുന്നതിന് പൊതുവായതും ഉത്തരവാദിത്തമുള്ളതുമായ സമീപനങ്ങൾ കണ്ടെത്താനായുള്ള പ്രവർത്തനത്തിൽ ഏറ്റവും ദുർബ്ബലരായവരെ പരിഗണിക്കേണ്ടത് പ്രധാനമാണെന്നതിന് പാപ്പാ ഊന്നൽ നൽകി. നമ്മുടെ വാതിക്കൽ മുട്ടുന്ന സകല കുടിയേറ്റക്കാരിലും അഭയാർത്ഥികളിലും കൊള്ളക്കാരനിലും കൊള്ളക്കാരനോ വെറും വഴിപോക്കനോ അല്ലാത്ത ഏതൊരാളും സ്വയം പരുക്കേറ്റവനോ പരുക്കേറ്റ ഒരാളെ ചുമലിലേറ്റിയവനോ ആണ്. അതിനാൽ അവർക്ക് സമീപസ്ഥരായിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2023, 13:22