തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പാപ്പായോടൊപ്പം നിൽക്കുന്ന കുട്ടികൾ. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പാപ്പായോടൊപ്പം നിൽക്കുന്ന കുട്ടികൾ.   (VATICAN MEDIA Divisione Foto)

തിരുബാല സഖ്യത്തിന്റെ 180-ആം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

പൊന്തിഫിക്കൽ സൊസൈറ്റി ഓഫ് ഹോളി ചൈൽഡ്ഹുഡ് (തിരുബാല സഖ്യം) സ്ഥാപിതമായതിന്റെ 180ആം വാർഷികത്തെ അനുസ്മരിച്ചു കൊണ്ട് 2023 ഒക്ടോബർ 1 ന് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ, സ്ഥാപനത്തിന്റെ ഉൽഭവത്തെ കുറിച്ച് അനുസ്മരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ചൈനയിൽ കുട്ടികൾ അനുഭവിക്കുന്ന പട്ടിണിയും അനാഥത്വവും അതുമൂലമുണ്ടാകുന്ന മരണങ്ങളെയും കുറിച്ച് അറിഞ്ഞതിനെ തുടർന്ന് അവരുടെ ശാരീരികവും ആത്മീയവുമായ രക്ഷയെക്കുറിച്ചുള്ള അഗാധമായ ഉത്കണ്ഠയും ദൈവപുത്രനായ യേശുവിന്റെ മരണവും ഉത്ഥാനവും എല്ലാവരുടെയും രക്ഷയ്ക്കായാണല്ലോ എന്ന ചിന്തയുമാണ്  നാൻസിയിലെ മെത്രാനായ ചാൾസ് ഡി ഫ്രോബിൻ ജാൻസണെ ഫ്രാൻസിൽ 1843-ൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ പ്രേരിപ്പിച്ചതെന്ന് പാപ്പാ പറഞ്ഞു.

യേശുവിന്റെ ശിഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെ ശാരീരികവും ആത്മീയവുമായ ക്ഷേമം കരുതിക്കൊണ്ട് ബിഷപ്പ് ജാൻസന്റെ മാതൃക പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.  അങ്ങനെ 180 വർഷത്തിനു ശേഷവും ലോകം മുഴുവനും കുട്ടികളെയും കൗമാരക്കാരെയുംമിഷനറിമാരാക്കുന്നതിലുള്ള തിരു ബാല സഖ്യത്തിന്റെ സ്ഥായിയായ ദൗത്യത്തെയും പാപ്പാ പ്രശംസിച്ചു.

ഈ പ്രത്യേക അവസരത്തിൽ, തിരുബാല സഖ്യത്തിലെ ശ്രദ്ധേയയായ ഒരു അംഗവും  മിഷനറിമാരുടെ മധ്യസ്ഥയുമായ ലിസ്യൂവിലെ വിശുദ്ധകൊച്ചുത്രേസ്യയുടെ ജനനത്തിന്റെ 150ആം വാർഷികത്തെയും പാപ്പാ അനുസ്മരിച്ചു. മിഷൻ പ്രവർത്തനത്തിന്റെ മധ്യസ്ഥയായ കൊച്ചുത്രേസ്യയുടെ മിഷനറി ചൈതന്യം പ്രാർത്ഥനയിലായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ പാപ്പാനമ്മുടെ ഇടയിലെ ഏറ്റവും പ്രായം കുറഞ്ഞവർക്ക് പോലും പ്രാർത്ഥനയിലൂടെ യേശുവിനെ അറിയാനും സ്നേഹിക്കാനും മറ്റുള്ളവരെ നിശബ്ദമായി സഹായിക്കാനും കഴിയുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ശക്തമായ ഒരു മിഷനറി ഉപകരണമായ പ്രാർത്ഥനയുടെ പ്രാധാന്യം ഫ്രാൻസിസ്  പാപ്പാ അടിവരയിട്ടു.

ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരാനും അവർക്കിടയിൽ സൗഹൃദം വളർത്താനും സമാധാനത്തിന്റെ പ്രതിനിധികളാകാനും പാപ്പാ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.പ്രത്യേകിച്ച് ഭൗതീക സഹായത്തോടൊപ്പം നമ്മുടെ അമൂല്യ നിധിയായ വിശ്വാസത്തെയും പകർന്നു നൽകുന്ന  പൊന്തിഫിക്കൽ സൊസൈറ്റി ഓഫ് ഹോളി ചൈൽഡ്ഹുഡ് ഉയർത്തിപ്പിടിച്ച  ആത്മീയ മൂല്യങ്ങൾ പരിപോഷിപ്പിച്ചതിന്, യുവ മിഷനറിമാരോടു ഫ്രാൻസിസ് പാപ്പാ നന്ദി അറിയിക്കുകയും അവരുടെ മാതാപിതാക്കളെയും ഉപദേശകരെയും അഭിനന്ദിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയുടെയും പാപ്പായുടേയും സാർവ്വത്രിക സ്ഥാപനം എന്ന നിലയിൽ അവരുടെ സഖ്യത്തിന്റെ സുപ്രധാന പങ്ക് ഫ്രാൻസിസ് പാപ്പാ അംഗീകരിക്കുകയും ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് പാലങ്ങളും ബന്ധങ്ങളും നിർമ്മിക്കാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

മോൺ. ചാൾസ് ദെ ഫോർബിൻ ജാൻസൺ നൽകിയ സിദ്ധിയിൽ തുടരാനും വിശുദ്ധ കൊച്ചു ത്രേസ്യയുടെ  കുറുക്കുവഴി പിൻതുടർന്നും "കുട്ടികൾ കുട്ടികൾക്കായി പ്രാർത്ഥിക്കുന്നു, കുട്ടികൾ കുട്ടികളെ സുവിശേഷവൽക്കരിക്കുന്നു, കുട്ടികൾ കുട്ടികളെ സഹായിക്കുന്നു."  എന്ന അവരുടെ ആപ്തവാക്യത്തോടു വിശ്വസ്തത പുലർത്താൻ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2023, 15:07