തിരയുക

കർദ്ദിനാൾ ബോ സിനഡ് അംഗങ്ങൾക്കായി മുഖ്യകാർമ്മികനായി ദിവ്യബലിയർപ്പിക്കുന്നു. കർദ്ദിനാൾ ബോ സിനഡ് അംഗങ്ങൾക്കായി മുഖ്യകാർമ്മികനായി ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

കർദ്ദിനാൾ ബോ: സിനഡൽ യാത്ര കണക്കു കൂട്ടി തീരുമാനിച്ച ഒരു ഇതിഹാസ സ്ഥലമല്ല

തിങ്കളാഴ്ച രാവിലെ സിനഡ് അംഗങ്ങൾക്കായി മുഖ്യകാർമ്മികനായി ദിവ്യബലിയർപ്പിച്ചു കൊണ്ട് നടത്തിയ വചന പ്രലോഷണത്തിൽ ആരാധനക്രമത്തിലെ വിശുദ്ധ ഗ്രന്ഥ വായനകളെ സിനഡിന്റെ വെളിച്ചത്തിൽ വിശദീകരിച്ചു കൊണ്ടാണ് മ്യാൻമർ ആർച്ചു ബിഷപ്പും കർദ്ദിനാളുമായ ചാൾസ് ബോ തന്റെ വചനപ്രഘോഷണം നടത്തിയത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സിനഡ് : ആത്മീയ ദാഹത്തിന്റെ അർത്ഥം തേടിയുള്ള യാത്ര

അനുഭവിച്ചിരുന്ന സൗകര്യങ്ങളെയും കൃപകളേയും വെടിഞ്ഞു തങ്ങളെ വിളിച്ച ദൈവത്തിൽ വിശ്വസിച്ചു ഇരുളിലേക്ക് യാത്ര നടത്തിയ വിശുദ്ധഗ്രന്ഥത്തിലെ പിതാമഹന്മാരുടെ യാത്രയും സിനഡൽ യാത്രയുമായി ബന്ധിപ്പിച്ചായിരുന്നു കർദ്ദിനാൾ ആരംഭിച്ചത്. ആദവും ഹവ്വയും മുതൽ മനുഷ്യകുലം ഒരിക്കലും അടങ്ങാത്ത ആത്മീയ ദാഹത്തിയും അർത്ഥം തേടിയുമുള്ള യാത്രയുടെയു ഇതിഹാസമാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ മോശയെന്ന ഒരു ഇടയനെ ഉപയോഗിച്ച് അടിച്ചമർത്തപ്പെട്ട ജനത്തിന്റെ വിമോചകനായി മാറുന്ന ഒരു ദൈവത്തെ നമുക്ക് കാണാം. അവിടെ ദൈവം മുറിവേൽക്കപ്പെട്ട മനുഷ്യ കുലത്തിന്റെ കൂടെ നടന്ന്  രക്ഷാകര ദൗത്യം ആരംഭിക്കുകയായിരുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. ദൈവം തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന വളരെ വ്യക്തമായ സന്ദേശമാണത് എന്ന് കർദ്ദിനാൾ അടിവരയിട്ടു.

സിനഡൽ യാത്ര: മുൻകൂട്ടി നിശ്ചയിച്ചിടത്തേക്കല്ല വിളിച്ചവൻ നയിക്കുന്നിടത്തേക്ക്

വിശുദ്ധ പൗലോസ് അപ്പോസ്തലൻ അബ്രഹാമിനെ മാതൃകയാക്കി ഒന്നാം വായനയിൽ പറയുന്നത് എടുത്തു പറഞ്ഞ കർദ്ദിനാൾ സിനഡൽ യാത്രയിൽ നമ്മളും അറിയാത്ത ഒരു ലക്ഷ്യത്തിലേക്കുള്ള പുറപ്പാടിലാണെന്നും അബ്രഹാമിനെ അവന്റെ വിശ്വാസം നീതീകരിച്ചതു പോലെ നമ്മുടെയും നീതീകരണം വിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

സിനഡൽ യാത്ര ഒരു മുൻകൂട്ടി നിശ്ചയിച്ച കണക്കു കൂട്ടി തീരുമാനിച്ച ഒരു ഇതിഹാസ സ്ഥലമല്ല. മറിച്ച് ദൈവം വിളിക്കുമ്പോൾ അവനാണ് നമ്മുടെ വഴികാട്ടിയും, മാർഗ്ഗദർശിയും സഹയാത്രികനും. നീതികരിക്കപ്പെട്ട അബ്രഹാത്തെ പോലെ സഭയും ദൈവം ഒരിക്കലും തോൽക്കില്ല എന്ന ഉറപ്പിൽ വിശ്വാസത്തിന്റെ സിനഡൽയാത്ര നടത്താൻ വിളിക്കപ്പെട്ടിരിക്കുകയാണ് കർദ്ദിനാൾ വിശദീകരിച്ചു. ഈ നീണ്ട യാത്രയിൽ നമുക്കുണ്ടാകാവുന്ന സംശയങ്ങൾക്കും ആകുലതകൾക്കുമപ്പുറം ദൈവം വിമോചകനാകാൻ തിരഞ്ഞെടുത്ത മോശയെപ്പോലുള്ള വ്യക്തികളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ കർദ്ദിനാൾ ബോ ആവശ്യപ്പെട്ടു.

സിനഡ്: തലമുറാന്തര യാത്ര

സഭ ആരംഭിച്ച സിനഡൽ യാത്ര ഒരു തലമുറാന്തര യാത്രയാണെന്ന് നാം മനസ്സിലാക്കണം. ആഗോള കലാപങ്ങൾക്കു നടുവിലും സഭ ജനതതികൾക്ക് പ്രത്യാശ നൽകുന്ന ഒരു യാത്രയാണ് തുടങ്ങി വച്ചതെന്നും അടുത്ത സമകാലിക സംഭവങ്ങളെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ സുവിശേഷത്തിൽ മനുഷ്യനിൽ കാണുന്ന അടങ്ങാത്ത ആർത്തിയും അതു നയിക്കുന്ന അഹം കേന്ദ്രീകൃതമായ സ്വാർത്ഥതയും ചൂണ്ടിക്കാണിച്ച് സ്വയം നാശത്തിലേക്കു നയിക്കുന്ന മനുഷ്യന്റെ ആർത്തിയെക്കുറിച്ചാണ് യേശു ഉപമ വിവരിക്കുന്നത് എന്നാണ് അദ്ദേഹം വ്യാഖ്യാനിച്ചത്.   ദൈവത്തിന് നമ്മെ ഓരോരുത്തരെക്കുറിച്ചും സഭയെക്കുറിച്ചും ഒരു പദ്ധതിയുണ്ട് ആ പദ്ധതിയുമായി നാം ഒത്തു പോകണം. ധനവാന്റെയും അവന്റെ ധാന്യശേഖരം വിപുലമാക്കാനുള്ള ആഗ്രഹവും കാണിക്കുന്ന  ഉപമ ലക്ഷക്കണക്കിനാളുകളുടെ സഹനങ്ങളിൽ നിന്ന് സമ്പത്ത് വാരിക്കൂട്ടുന്ന യുദ്ധങ്ങളുടേയും യുദ്ധോപകരണ വ്യവസായത്തിന്റെയും ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനുള്ള അലങ്കാര പ്രയോഗമാണ് എന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

സിനഡൽയാത്ര: ലോകത്തിന്  നീതിയിലും സമാധാനത്തിലും സൗഖ്യവും അനുരഞ്ജനവും നൽകാൻ

മനുഷ്യന്റെ ആർത്തി ഭൂമിക്ക് ധാരാളം ആഴമായ മുറിവുകൾ നൽകുകയും ആയിരങ്ങളെ അവരുടെ അന്തസ്സ് ഉരിഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എഴുതിയ പാപ്പായുടെ പ്രബോധനങ്ങളെ കർദ്ദിനാൾ ബോ ഓർമ്മിച്ചു. അവ മനുഷ്യകുലത്തെയും ഭൂമിയെയും രക്ഷിക്കാനുള്ള  മൂന്നു തലത്തിലുള്ള അനുരഞ്ജനത്തിനായാണ് നമ്മെ ക്ഷണിക്കുന്നത്.  ദൈവവുമായുള്ള അനുരഞ്ജനം (Evangelii Gaudium) പ്രകൃതിയുമായുള്ള അനുരഞ്ജനം (Laudato Si) പരസ്പരമുള്ള അനുരഞ്ജനം ( Fratelli tutti). നമ്മുടെ സിനഡൽ യാത്ര ലോകത്തെ നീതിയിലും സമാധാനത്തിലും  സൗഖ്യമാക്കുന്നതിനെയും അനുരഞ്ജിപ്പിക്കുന്നതിനെക്കുറിച്ചാണെന്ന് കർദ്ദിനാൾ തന്റെ പ്രഘോഷണത്തിൽ വിവരിച്ചു.

മനുഷ്യകുലത്തെ രക്ഷിക്കുന്ന ആഗോള സിനഡൽ മാർഗ്ഗം

സർവ്വ ജനങ്ങളുടെയും ഒരു ആഗോള സിനഡൽ മാർഗ്ഗത്തിനു മാത്രമേ മനുഷ്യകുലത്തെ രക്ഷിക്കാനും പ്രത്യാശയുടെയും സമാധാനത്തിന്റെയും നീതിയുടേയും ഒരു ലോകം സൃഷ്ടിക്കാനും കഴിയൂ എന്ന് കർദ്ദിനാൾ ബോ അടിവരയിട്ടു.  പരിസ്ഥിതിയും അവർക്കവകാശപ്പെട്ടവയും യുവതലമുറയിൽ  നിന്ന് നാം കടമെടുത്തു. സൃഷ്ടിയുടെ സമഗ്രതയിൽ സമാധാനം നിറഞ്ഞ ഒരു ലോകം അപകടത്തിലുമാണ്.  ആഗോള താപനം സമൂഹങ്ങളെയും  ലക്ഷങ്ങളുടെ  ജീവിത മാർഗ്ഗവും നശിപ്പിച്ചു കൊണ്ട് അടുത്ത തലമുറയിൽ നിന്ന് തെന്നി മാറാൻ ശ്രമിക്കുന്നു. അതിനാൽ, അടുത്ത തലമുറയ്ക്ക് എന്ത് പൈതൃകം നമുക്ക് നൽകാൻ കഴിയുമെന്നതാണ് ഈ സിനഡിന് നടുവിലുള്ള നമ്മുടെ ഗൗരവമായ ചിന്തയെന്ന് കർദ്ദിനാൾ അറിയിച്ചു.  ഫ്രാൻസിസ് പാപ്പായുടെ തലമുറാന്തര നീതിയെക്കുറിച്ചുള്ള ആശയം അതിനാലാണ് ശ്രദ്ധയർഹിക്കുന്നതെന്നും കർദ്ദിനാൾ ബോ ചൂണ്ടിക്കാണിച്ചു.

ഏഷ്യൻ ഭൂഖണ്ഡത്തിലെ ദുരന്തങ്ങളും തന്റെ വചന പ്രലോഷണത്തിൽ വിചിന്തന വിഷയമാക്കിയ കർദ്ദിനാൾ പ്രകൃതിയുടെ സംരക്ഷകരായിരുന്ന അവിടത്തെ തദ്ദേശീയർ അനുഭവിക്കുന്ന ആധുനിക പ്രത്യയശാസ്ത്രങ്ങളുടേയും, കോളനിവൽക്കരണത്തിന്റെയും ചൂഷണങ്ങളുടേയും കഥ വിവരിച്ചു. മ്യാൻമറിൽ വെല്ലുവിളിക്കപ്പെടുന്നതു പോലെ ക്രൈസ്തവ വിശ്വാസത്തിന്റെ യാത്ര ഏഷ്യയിലൊരിടത്തും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിന്റെ നടുവിലും എല്ലാ സഹിക്കുന്ന രാഷ്ട്രങ്ങളിലും മുറിവുകൾ ഉണക്കപ്പെടുമെന്നും പ്രതീക്ഷയുടെയും, സമാധാനത്തിന്റെയും നീതിയുടേയും  ഒരു പുത്തൻ പുലരി വിരിയുമെന്നും വിശ്വസിച്ച്  തങ്ങൾ തങ്ങളുടെ കണ്ണീരണിഞ്ഞ സിനഡൽ യാത്ര തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ നമ്മുടെ ലോകത്തെയും ഭൂമിയേയും സൗഖ്യമാക്കുന്ന ഒരു നീണ്ട പ്രയാണത്തിലേക്ക് മുഴുവൻ മനുഷ്യ കുടുംബത്തെയും നയിച്ച് പുതിയ സ്വർഗ്ഗത്തിലേക്കും പുതിയ ഭൂമിയിലേക്കും വഴി നടത്തട്ടെ എന്ന് കത്തോലിക്കാ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് കർദ്ദിനാൾ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2023, 21:05