തിരയുക

 മോൺ. കോൺറാഡ് ക്രാജെവ്സ്കി  യുക്രെയ്നിൽ. മോൺ. കോൺറാഡ് ക്രാജെവ്സ്കി യുക്രെയ്നിൽ. 

യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രെയ്നിൽ വത്തിക്കാൻ സഹായം

പാപ്പയുടെ സ്ഥിരമായ പിന്തുണ ഉയർത്തിക്കാട്ടിക്കൊണ്ട് സപ്പോരിസിയയിലെ ബിഷപ്പ് ജാൻ സോബിലോ നന്ദി രേഖപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യുദ്ധമുന്നണികളിൽ നിന്ന് പലായനം ചെയ്യുന്നവർക്കുവേണ്ടി ഒരു ട്രക്ക് നിറയെ ശീതകാല വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവുമായി ഫ്രാൻസിസ് പാപ്പാ അയച്ച മാനുഷിക സഹായം കിഴക്കൻ യുക്രെയിനിൽ എത്തി.

പാപ്പയുടെ സ്ഥിരമായ പിന്തുണ ഉയർത്തിക്കാട്ടിക്കൊണ്ട് സപ്പോരിസിയയിലെ ബിഷപ്പ് ജാൻ സോബിലോ നന്ദി രേഖപ്പെടുത്തി.  "യുദ്ധത്തിന്റെ തുടക്കം മുതൽ, എല്ലാ വേദികളിലും, മീറ്റിംഗുകളിലും പാപ്പാ യുദ്ധത്തിൽ തകർന്ന യുക്രെയിനിനെക്കുറിച്ച് സംസാരിക്കുകയും, വളരെ ക്രമാനുഗതമായി ഞങ്ങൾക്ക്  മാനുഷികമായ സഹായം അയക്കുകയും ചെയ്തു.  പ്രതിദിനം 1,500 ആളുകൾക്ക് ഞങ്ങൾ ആ സഹായം വിതരണം ചെയ്യുന്നു." അദ്ദേഹം പറഞ്ഞു.

പാപ്പായുടെ ദാനധർമ്മ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രയേവ്‌സ്‌കിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്തിടെ, ഒരു കൊറിയൻ ഫാക്ടറി വത്തിക്കാനിലേക്ക് സംഭാവന ചെയ്ത 300,000 തയ്യാർ ചെയ്ത ഭക്ഷണം മറ്റ് അവശ്യസാധനങ്ങൾക്കൊപ്പം പാപ്പായുടെ ആഗ്രഹപ്രകാരം യുക്രെയ്നിലേക്ക് അയയ്ക്കുകയായിരുന്നു. ഭവന രഹിതർക്കായി  വത്തിക്കാൻ തയ്യാറാക്കിയിട്ടുള്ള ഡോർമിറ്ററികളിൽ താമസിക്കുന്നവർ ഈ ദൗത്യത്തിൽ  പങ്ക് വഹിക്കുകയും ചെയ്തു. തങ്ങളെക്കാൾ കൂടുതൽ ആവശ്യമുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഈ സംരംഭത്തിൽ അവർ പങ്കു ചേരുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് കർദ്ദിനാൾ ക്രാജെവ്സ്കി അവരുടെ സഹകരണത്തിന് ഊന്നൽ നൽകി. ഫ്രാൻസിസ് പാപ്പാ യുക്രെയ്നിലേക്ക് അയച്ച ഏറ്റവും അത്യാവശ്യമായ വസ്തുക്കളിൽ മുൻകൂട്ടി പാകം ചെയ്ത ഭക്ഷണം, മാവ്, കേടുകൂടാതെ സൂക്ഷിക്കുന്ന തക്കാളി, പാസ്ത, കാപ്പി, മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, അയച്ച ചൂടു വസ്ത്രങ്ങൾ ശീതകാലം അടുക്കുന്നതിനാൽ യുദ്ധമുഖത്തായിരിക്കുന്നവർക്ക് വളരെ സഹായമാകും.

ഖാർകിവ്-സാപോരിസിയ രൂപതയുടെ സഹായ മെത്രാനായ മോൺ. ജാൻ സോബിലോ പാപ്പായുടെ സഹായിയായ കർദ്ദിനാൾ ക്രയേവ്സ്കി വഴി എത്തിക്കുന്ന ഈ സഹായത്തിന്റെ പ്രാധാന്യം എടുത്തു പറയുകയും പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു. പാപ്പയിൽ നിന്നുള്ള സഹായം സപ്പോരിസിയയിലെ ദൈവ പിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമുള്ളവർക്ക് ഉടനടി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. നാടുവിട്ടു പോരേണ്ടി വന്നവർക്കും യുദ്ധത്തിന്റെ മുന്നണിയിൽ നിന്നുള്ള അഭയാർഥികൾക്കും വിതരണത്തിൽ മുൻഗണന നൽകുകയും ചെയ്യുന്നുണ്ട് എന്നും ബിഷപ്പ് സോബിലോ വെളിപ്പെടുത്തി.

ബോംബാക്രമണത്തെ തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് മാറിത്താമസിച്ചവർക്കും  വീടു നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സഹായം സ്വീകരിക്കുന്ന അവർ ഇതിന് പ്രത്യേകം നന്ദിയുള്ളവരാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതൽ, സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്നവരെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പാ മാനുഷിക സഹായവുമായി  സ്ഥിരമായി ട്രക്കുകൾ അയക്കുന്നുണ്ട്.

ബിഷപ്പ് ജാൻ സോബിലോ  പ്രത്യേകം യുക്രേനിയൻ ജനതയുടെ നന്ദി ഇങ്ങനെ രേഖപ്പെടുത്തി. "ഇവിടെയുള്ള ആളുകൾ പാപ്പായുടെ സഹായത്തെക്കുറിച്ച് ബോധവാന്മാരാണ്, പാപ്പയുടെ എല്ലാ സന്ദേശങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, കാരണം പാപ്പാ തങ്ങളെക്കുറിച്ച് സംസാരിക്കുന്നുവെന്നും, തങ്ങളെ കരുതുന്നുവെന്നും, തങ്ങൾക്ക് കാര്യമായ സഹായം അയക്കുന്നുവെന്നും തങ്ങളെ അനുഗ്രഹിക്കുന്നുവെന്നും അറിയുന്നവരാണ്." ബിഷപ്പ് ജാൻ സോബിലോ  പ്രത്യേകം യുക്രേനിയൻ ജനതയുടെ നന്ദി ഇങ്ങനെ രേഖപ്പെടുത്തി.

സംഘർഷത്തിന്റെ ഏറ്റവും അപകടകരമായ മേഖലകളിൽ പോലും സഹായം എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ധീരരായ യുക്രേനിയൻ ഡ്രൈവർമാരെ കർദ്ദിനാൾ കൊൺറാഡ് ക്രയെവ്സ്കി പ്രശംസിച്ചു. ശനിയാഴ്ച റോമിൽ നിന്ന് പുറപ്പെട്ട ട്രക്ക് ഇന്നലെ സപ്പോരിസിയയിൽ എത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2023, 12:53