തിരയുക

ഫ്രാൻസിസ് പാപ്പായും പ്രൊഫ. വിൻചെൻസൊ ബോനോമോയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും പ്രൊഫ. വിൻചെൻസൊ ബോനോമോയും - ഫയൽ ചിത്രം  (Vatican Media)

ഉർബാനിയൻ യൂണിവേഴ്സിറ്റിയിലേക്ക് പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചു

പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിലേക്ക് പ്രൊഫ. വിൻചെൻസൊ ബോനോമോയെ തന്റെ പ്രതിനിധിയായി പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ നടക്കുന്ന മിഷനറി, സുവിശേഷപ്രഘോഷണ സേവനങ്ങൾക്കായുള്ള ആളുകളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുൻപോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, ഇറ്റലിക്കാരനായ പ്രൊഫ. വിൻചെൻസൊ ബോനോമോയെ ഫ്രാൻസിസ് പാപ്പാ തന്റെ ഡെലിഗേറ്റായി നിയമിച്ചു. കാലത്തിന്റെയും, സഭയുടെയും ഇന്നത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, മെച്ചപ്പെട്ട സേവനങ്ങളും പ്രവർത്തനവും ഉറപ്പാക്കുന്നതിനുവേണ്ടിക്കൂടിയാണ് അദ്ദേഹം നിയമിക്കപ്പെട്ടത്.

സർവ്വകലാശാലയുടെ ഘടന പുനഃപരിശോധിക്കുന്നതിനും, വേരിത്താത്തിസ് ഗൗദിയും എന്ന അപ്പസ്തോലിക പ്രമാണമനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി ഗ്രാൻഡ് ചാൻസലർ ആവശ്യപ്പെട്ടതനുസരിച്ചുകൂടിയാണ് സെന്റ് ജോൺസ് ലാറ്ററൻ സർവ്വകലാശാല മുൻ റെക്ടറും, അന്താരാഷ്ട്രനിയമകാര്യങ്ങളിൽ വിദഗ്ദനുമായ ബോനോമോയെ പാപ്പാ നിയമിച്ചത്.

പാപ്പായുടെ ഡെലഗേറ്റ് എന്നതിന് പുറമെ, യൂണിവേഴ്സിറ്റിയുടെ പുതിയ റെക്ടർ കൂടിയാണ് അദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നത്.

ദൈവശാസ്ത്ര ഗവേഷണത്തിലും മറ്റ് വിഷയങ്ങളിലും ഉർബാനിയൻ യൂണിവേഴ്സിറ്റി കൂടുതൽ മെച്ചപ്പെട്ട സംഭാവനകൾ, പുതിയ തലമുറകളുടെ കൂടുതൽ ഫലപ്രദമായ വിദ്യാഭ്യാസം, സഭയ്ക്കും സമകാലിക ലോകത്തിനും ഉത്തരം നൽകാൻ കഴിവുള്ള ആധികാരിക അധ്യാപനം എന്നിവ ഉറപ്പാക്കാനായാണ് അദ്ദേഹം നിയമിക്കപ്പെടുന്നതെന്ന് പാപ്പാ തന്റെ ഉത്തരവിൽ എഴുതി. ഒക്ടോബർ 1 മുതലായിരിക്കും പ്രൊഫ. ബോനോമോ തന്റെ പുതിയ സേവനം ആരംഭിക്കുക.

യൂണിവേഴ്‌സിറ്റി ഗ്രാൻഡ് ചാൻസലർ, പ്രൊപ്പഗാന്താ ഫീദേ എന്നറിയപ്പെട്ടിരുന്ന, സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡികാസ്റ്ററിയുടെ, പ്രഥമ സുവിശേഷവത്കരണത്തിനും, പുതിയ വ്യക്തിഗതസഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അധികാരികൾ എന്നിവരുമായി യോജിച്ചും, കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ പാപ്പായുമായി നേരിട്ട് ബന്ധപ്പെട്ടുമായിരിക്കും അദ്ദേഹം പ്രവർത്തിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2023, 15:55