തിരയുക

പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ പൊതു സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

ഹൃദയത്തിൽനിന്നുയരുന്ന സമാധാനാഭ്യർത്ഥന നിരസിക്കാനാവില്ല: പാപ്പാ

ബെർലിനിൽ സാന്ത് എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാനത്തിനായുള്ള അന്താരാഷ്ട്ര പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ബെർലിനിൽ സാന്ത് എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നും, ലോകമതങ്ങളിൽ നിന്നുമുള്ള അംഗങ്ങളും, പൊതുനേതാക്കളും സംബന്ധിക്കുന്ന സമാധാനത്തിനായുള്ള അന്താരാഷ്ട്ര പ്രാർത്ഥനായോഗം സെപ്റ്റംബർ പത്തു മുതൽ പന്ത്രണ്ടു വരെ നടത്തി . പന്ത്രണ്ടാം തീയതി വൈകുന്നേരം നടന്ന സമ്മേളനാവസരത്തിൽ  ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അസീസിയിൽ തുടക്കം കുറിച്ച പ്രാർത്ഥനയുടെയും, സംഭാഷണത്തിന്റെയും തീർത്ഥാടനം ഇന്നും വിശ്വസ്തതയോടെ തുടരുന്നതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് സന്ദേശത്തിന്റെ ആമുഖമായി പാപ്പാ എടുത്തു പറഞ്ഞു.

ബെർലിനിൽ നടത്തുന്ന പ്രാർത്ഥനായജ്ഞത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു.പടിഞ്ഞാറൻ -കിഴക്കൻ എന്നിങ്ങനെ യൂറോപ്പിനെ രണ്ടായി മുറിച്ച ബെർലിൻ മതിലിന്റെ പതനം പുതിയ സംയോജനത്തിലേക്കും, കാഴ്ചപ്പാടുകളിലേക്കും, ലോകസമാധാനത്തിലേക്കും വഴിതെളിച്ചുവെങ്കിൽ ഇന്ന് വീണ്ടും നിർമ്മിക്കപ്പെടുന്ന മതിലുകൾ ഏറെവേദനാജനകമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

മധ്യപൂർവേഷ്യയിലും, ആഫ്രിക്കയിലും, ഉക്രൈനിലും സമാനതകളില്ലാത്ത യുദ്ധങ്ങൾ അരങ്ങുതകർക്കുമ്പോൾ അഭയാർത്ഥികളുടെയും, അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും, പരിക്കേറ്റവരുടെയും ഹൃദയത്തിൽനിന്നും ഉയരുന്ന സമാധാനത്തിനായുള്ള അഭ്യർത്ഥനയെ കണ്ടില്ലെന്നു നടിക്കുവാനോ,നിരസിക്കുവാനോ സാധിക്കുകയില്ല.നിശബ്ദമായ ഈ നിലവിളി സ്വർഗത്തിലേക്ക് ഉയരുന്നു.സമാധാനത്തിന്റെ നിലവിളി യുദ്ധത്തിന്റെ വേദനയും ഭീകരതയും പ്രകടിപ്പിക്കുന്നു, പാപ്പാ പറഞ്ഞു.

അതിനാൽ സമാധാനത്തിനായി ധീരതയോടെ നിലകൊള്ളുവാനും, ക്രിസ്തു പഠിപ്പിച്ചതുപോലെ പ്രത്യാശയോടെ അതി തീവ്രമായി പ്രാർത്ഥിക്കുവാനും പാപ്പാ സന്ദേശത്തിൽ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.മുൻകാല വേദനകളുടെയും അനുഭവിച്ച വലിയ മുറിവുകളുടെയും സ്‌മരണയിൽ അസാധ്യമായ മതിൽ മറികടക്കാൻ മുന്നോട്ട് പോകേണ്ടത് ഏറെ ആവശ്യമാണെന്നും, അതിൽ അമാന്തം വരുത്താതെ സമാധാനത്തിന്റെ പാതകൾ തുറക്കണമെന്ന് ചുമതലപ്പെട്ടവരോട് പാപ്പാ തന്റെ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2023, 14:59