തിരയുക

ഫ്രാൻസീസ് പാപ്പാ, 2023-ലെ ക്രിസ്തുമസ്ഗാന മത്സരത്തിൽ പങ്കെടുക്കുന്നവരും അതിൻറെ സംഘാടകരും സഹായികളുമൊത്ത് വത്തിക്കാനിൽ, 16/09/23 ഫ്രാൻസീസ് പാപ്പാ, 2023-ലെ ക്രിസ്തുമസ്ഗാന മത്സരത്തിൽ പങ്കെടുക്കുന്നവരും അതിൻറെ സംഘാടകരും സഹായികളുമൊത്ത് വത്തിക്കാനിൽ, 16/09/23  (ANSA)

പാപ്പാ: ഒരു സൃഷ്ടി നടത്തുന്ന കലാകാരൻ സ്വയം നല്കുന്നു !

ഫ്രാൻസീസ് പാപ്പാ, 2023-ലെ ക്രിസ്തുമസ്ഗാന മത്സരത്തിൽ പങ്കെടുക്കുന്നവരും അതിൻറെ സംഘാടകരും സഹായികളും ഉൾപ്പെടെ അമ്പതോളം പേരടങ്ങിയ ഒരു സംഘവുമായി ശനിയാഴ്‌ച (16/09/23) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലയവും സർഗ്ഗാത്മകതയും സമന്വയിച്ച ഒരു കലയാണ് ഗാനസൃഷ്ടിയെന്ന് മാർപ്പാപ്പാ.

2023-ലെ ക്രിസ്തുമസ്ഗാന മത്സരത്തിൽ പങ്കെടുക്കുന്നവരും അതിൻറെ സംഘാടകരും സഹായികളും ഉൾപ്പെടെ അമ്പതോളം പേരടങ്ങിയ ഒരു സംഘവുമായി ശനിയാഴ്‌ച (16/09/23) വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാ വേളിയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

ഗാനനിർമ്മിതി ശ്രമകരമായ ഒരു കലയാണെന്നും ഒരു വശത്ത് സംഗീതത്തിൻറെ നിയമങ്ങളെയും അതിൻറെ ശൈലിയെയും കുറിച്ചുള്ള അറിവും മറുവശത്ത്, ഹൃദയത്തിൽ നിന്നുതിർകൊള്ളുന്ന ചോദ്യങ്ങൾക്കും പ്രചോദനങ്ങൾക്കും അഭിവാഞ്ഛകൾക്കും ഉത്തരമേകാനുള്ള കഴിവും അതിനാവശ്യമാണെന്നും  സംഗീതം സൃഷ്ടിക്കുകയെന്നത് ഒരർത്ഥത്തിൽ ജീവിതത്തിൻറെ ഒരു ദൃഷ്ടാന്തമാണെന്നും പാപ്പാ വിശദീകരിച്ചു.

ലയവും സർഗ്ഗാത്മകതയും പരസ്പര വിരുദ്ധങ്ങളല്ലെന്നും ജീവിതത്തിലെന്ന പോലെ സംഗീതത്തിലും  ലയാന്വേഷണത്തിന് പ്രതിബദ്ധതയും അർപ്പണബുദ്ധിയും സ്ഥൈര്യവും ആവശ്യമാണെന്നും അത് ഒരോരുത്തരുടെയും ഏകതാനതയെ അവഹേളിക്കുന്നില്ല, മറിച്ച്, സ്വതന്ത്രമാക്കുന്നുവെന്നും മറ്റുള്ളവർക്ക് മനസ്സിലാകത്തക്കവിധം ആശയവിനിമയം നടത്താനുള്ള ഉപകരണങ്ങൾ  കലാകാരന് പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും അങ്ങനെ അത് കലാകാരനെ സകലരുടെയും സന്തോഷത്തിനുള്ള സൃഷ്ടിപരമായ ഒരു ദാനമായി മാറാൻ പ്രാപ്തനാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. കലാകാരൻ ഒരു സൃഷ്ടി നടത്തുമ്പോൾ അത് ഉപയോഗിക്കുമ്പോൾ സ്വയം നല്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

തിരുപ്പിറവിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ സംഗീതം നമ്മെക്കുറിച്ചു മാത്രമല്ല ദൈവത്തെക്കുറിച്ചും സംസാരിക്കുന്നുവെന്നും സംഗീതത്തിന് ആവശ്യമായ ലയവും സർഗ്ഗാത്മകതയും, സർവ്വോപരി, യേശുവിൽ ദൃശ്യമാണെന്നും തിരുപ്പിറവി അവരണ്ടും സവിശേഷവും ഹൃദയസ്പർശകവുമായ വിധത്തിൽ കാണിച്ചു തരുന്നുവെന്നും വിശദീകരിച്ചു. തിരുപ്പിറവിയിൽ ദൈവം, നിത്യവചനം, നമ്മെ ശ്രവിക്കാൻ വരുകയും നരകുലവുമായി ഒന്നുചേരാൻ ശ്രമിക്കുകയും ഒപ്പം, അവിടത്തെ വിസ്മയകരമായ സർഗ്ഗാത്മകതയിൽ അവിടന്ന് ഒരു ശിശുവിൻറെ നയനങ്ങളിലൂടെ നമ്മെ നോക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

മഹത്തായ സ്വപ്നങ്ങൾ, കഴിവുകൾ, അഭിനിവേശം എന്നിവ വളർത്തിയെടുക്കുന്നത് തുടരാൻ പാപ്പാ കലാകാരന്മാർക്ക് പ്രചോദനം പകരുകയും ഈ ക്രിസ്തുമസ് ഗാനമത്സരം സഹകരിച്ച് സംഘടിപ്പിക്കുന്ന വത്തിക്കാൻറെ സാസ്കാരിക വിദ്യഭ്യാസ വിഭാഗത്തിനും, ഗ്രാവീസ്സിമും എദുക്കാസിയോനിസ് ഫൗണ്ടേഷനും സാൻ മരിനോ റിപ്പബ്ലിക്കിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2023, 20:06